ശബരിമലയില്‍ മനുഷ്യാവകാശ ധ്വംസനമെന്ന് കുമ്മനം രാജശേഖരന്‍

1 min read

ശബരിമലയില്‍ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡും ഭക്തരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നരകയാതന അനുഭവിക്കുന്ന അയ്യപ്പഭക്തരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മിഷനും വനിതാ, ബാലാവകാശ കമ്മിഷനുകളും അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയില്‍ വരിക എന്നത് ഭക്തന്റെ അവകാശമാണ്. ഭക്തന് അടിസ്ഥാന സൗകര്യം ഒരുക്കുക എന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തവുമാണ്. ഇതൊന്നും ചെയ്യാതെ ഭക്തര്‍ കൂടുതലായി എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണ്. എല്ലാവര്‍ഷവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30ശതമാനം അധികം ഭക്തര്‍ ശബരിമലയില്‍ എത്താറുണ്ട്. എന്നിട്ടും മണ്ഡലകാലത്ത് മാത്രം അവലോകനയോഗം ചേരുകയും നട അടയ്ക്കുമ്പോള്‍ അവലോകനം അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്റെ രീതി. സര്‍ക്കാരിന് അയ്യപ്പന്മാരുടെ പോക്കറ്റിലെ കാശുമതി. വിവിധ വകുപ്പുകള്‍ ശബരിമലയെ കറവപ്പശുവായാണ് കാണുന്നത്. കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും കെഎസ്ആര്‍ടിസിയുമെല്ലാം അയ്യപ്പന്‍കോള് എന്നാണ് കൊള്ളയെ വിശേഷിപ്പിക്കുന്നതെന്നും കുമ്മനം പറഞ്ഞു.ഇപ്പോള്‍ സന്നിധാനത്ത് എത്തിയാല്‍ നെയ്തേങ്ങ ഉടച്ച് നെയ്യ് അഭിഷേകത്തിന് നല്കാനുള്ള സൗകര്യംപോലും ഭക്തന് ലഭിക്കുന്നില്ല. നാമജപം പാടില്ലെന്ന് ഉത്തരവിറക്കിയ ദേവസ്വംബോര്‍ഡ് എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Related posts:

Leave a Reply

Your email address will not be published.