ക്രിക്കറ്റിന്റെ കലാശപ്പോരാട്ടമായി 2023
1 min readലോകകപ്പില്‍ ഇന്ത്യയുടെ കണ്ണീര് വീണ വര്‍ഷം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മുഖാമുഖം ഓസ്ട്രേലിയയും ഇന്ത്യയും വരുമ്പോള്‍
പോരാട്ടം തീപാറും എന്ന് പ്രതീക്ഷിച്ചവരാണ് ആരാധകരില്‍ അധികവും. സംഭവിച്ചതോ തീര്‍ത്തും ഒരു കലാശപ്പോരാട്ടവും. 19 മത്സരങ്ങളിലായി ഓസ്ട്രേലിയ നേടിയത് 11 വിജയവും മൂന്ന് തോല്‍വിയും അഞ്ച് സമനിലയും. 18 മത്സരങ്ങളിലായി ഇന്ത്യ, 10 വിജയവും അഞ്ച് തോല്‍വിയും മൂന്ന് സമനിലയും നേടി. ഒരു യമണ്ടന്‍ ക്രിക്കറ്റ് വര്‍ഷമായിരുന്നു കടന്നുപോയത്. നെയില്‍ ബൈറ്റിംഗ് ഫിനിഷിങിലൂടെ ഐപിഎല്‍ ഫൈനല്‍ ജയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ട്രോഫികളുടെ എണ്ണത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒപ്പമെത്തി. പാകിസ്ഥാനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാകപ്പ് സ്വന്തമാക്കി. ദേശീയ ടീമിന്റെ ക്രിക്കറ്റ് ക്യാപ്റ്റനാകുന്ന ആദ്യമലയാളിയായി മലയാളത്തിന്റെ മിന്നുമണി മിന്നിത്തിളങ്ങി. 49 ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് വിരാട് കോലി തിരുത്തിയെഴുതി. ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലുമായി രണ്ട് ഫൈനലുകളില്‍ ഇന്ത്യയ്ക്ക് കാലിടറിയ വര്‍ഷം. ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നും എടുത്ത് പറയാന്‍ ഇങ്ങനെ ഒരുപാട് കഥകളുള്ള വര്‍ഷമാണ് 2023.
ലീഗ് സ്റ്റേജില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ അപ്രമാദിത്വം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കണ്ട സീസണായിരുന്നു 2023ലേത്. 14 കളികളിലായി 10 എണ്ണം ജയിച്ച് ക്വാളിഫയറിലെത്തിയ ഗുജറാത്ത് മുംബൈ ഇന്ത്യന്‍സിനെ ഏകപക്ഷീയമായി തോല്‍പ്പിച്ച് ഫൈനലിലെത്തി. പോയിന്റ് പട്ടികയില്‍ രണ്ടാതായിരുന്ന ചെന്നൈ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ക്വാളിഫയറില്‍ കീഴടക്കി. ആവേശം നിറഞ്ഞ, ഇരുപതാം ഓവര്‍ വരെ നീണ്ട ഫൈനലില്‍ രവീന്ദ്ര ജഡേജ അവസാന രണ്ട് പന്തുകളിലൂടെ സിക്സും ഫോറും അടിച്ച് ചെന്നൈയെ ജയിപ്പിച്ചു. 5 വിക്കറ്റിന് ഗുജറാത്തിനെ ചെന്നൈ തോല്‍പ്പിച്ച് അഞ്ചാം കിരീടനേട്ടവുമായി മുംബൈയ്ക്ക് ഒപ്പമെത്തി. തകര്‍ച്ചയില്‍ നിന്നും ചെന്നൈയും മുംബൈയും തിരിച്ചുവന്ന സീസണ് കൂടിയായിരുന്നു 2023. സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി കാപ്പിറ്റല്‍സും പരാജയത്തെ നേരിട്ടു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 209 റണ്‍സിന് ഓസ്ട്രേലിയ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചു. വിരാട് കോലിയും രോഹിത് ശര്‍മയും ചേതേശ്വര്‍ പൂജാരയും അടങ്ങിയ പ്രമുഖര്‍ ബാറ്റിംഗ് ഫോം കണ്ടെത്താനാകാതെ വിഷമിച്ചു. ബൗളിംഗില്‍ ജസ്പ്രീത് ബുമ്രയുടെ അഭാവം കൂടിയായതോടെ പൊരുതാന്‍ പോലും നില്‍ക്കാതെ ഓസ്ട്രേലിയയോട് ഇന്ത്യക്ക് കീഴടങ്ങെണ്ടി വന്നു.
2023 മിന്നുമണിയുടെ വര്‍ഷമായിരുന്നു എന്ന് പറയാം. ക്രിക്കറ്റില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ കേരളത്തിലെ ആദ്യ വനിതാ താരം എന്ന നേട്ടം മിന്നുമണി സ്വന്തമാക്കി. ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ക്യാപ്റ്റനായും മിന്നുമണി വന്നു. ദേശീയ ക്രിക്കറ്റ് ടീമിനെ ഇതാദ്യമായിട്ടാണ് ഒരു കേരള വനിതാ താരം നയിക്കുന്നത്. ഓഫ് സ്പിന്‍ ബൗളിംഗാണ് മിന്നുമണിയുടെ മെയിന്‍. ഇടംകൈ ബാറ്റിംഗും മിന്നുമണിക്ക് നന്നീയി വഴങ്ങും. കേരള ക്രിക്കറ്റില്‍ പതിനാറാം വയസ് മുതല്‍ മിന്നുമണി സജീവമാണ്.
ഏകദിനത്തില്‍ സച്ചിന് തെണ്ടുല്‍ക്കറെക്കാളും സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് വിരാട് കോലി സ്വന്തമാക്കി.
അതും കുറച്ച് മാത്രം കളിച്ച് സച്ചിനെക്കാള്‍ 150ലധികം ഇന്നിംഗ്സുകളാണ് നേടിയത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ സകല പ്രൗഡിയും പേറുന്ന മുംബൈയിലെ വാംഖഡെയില്‍ സച്ചിനെ സാക്ഷി നിര്‍ത്തിയാണ് വിരാട് കോലി ന്യൂസിലന്‍ഡിനെതിരെ തന്റെ അന്‍പതാം സെഞ്ചുറി കുറിച്ചത്. ഏകദിന ക്രിക്കറ്റിന്റെ 52 വര്‍ഷം നീളുന്ന ചരിത്രത്തില്‍ അന്‍പത് ഏകദിന സെഞ്ചുറികള്‍ തികയ്ക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും വിരാടിന് സ്വന്തം. 2023 ലോകകപ്പില്‍ 765 റണ്‍സാണ് കോലി അടിച്ച് കൂട്ടിയത്.
12 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണിലെത്തുന്ന ലോകകപ്പ്. വിരാട് കോലിയും രോഹിത് ശര്‍മയും ഒരുമിച്ച് ബാറ്റ് ഒരുപക്ഷെ അവസാനത്തെ ഏകദിന ലോകകപ്പ്. 2015ലെയും 2019ലെയും നോക്കൗട്ട് പരാജയങ്ങള്‍ ഇന്ത്യ ഇത്തവണ ആവര്‍ത്തിക്കില്ല എന്ന് ഏറെ ആരാധകര്‍ കരുതിയിരുന്നു. ആദ്യത്തെ പത്ത് മത്സരങ്ങളും ആരാധകരുടെ പ്രതീക്ഷയ്ക്കൊപ്പം നിന്നു. പത്തില്‍ പത്തും വിജയം കണ്ടു. ഓസ്ട്രേലിയ, പാകിസ്താന്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ എല്ലാ ടീമുകളോടും ഇന്ത്യ ജയിച്ചു കാണിച്ചു. രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് ലോകകപ്പ് മുന്നില്‍ കണ്ട് ഒരുക്കിയ ഫോര്‍മുല ഇന്ത്യ സകലമാന ആധികാരികതയോടും കൂടി ഗ്രൗണ്ടില്‍ നടപ്പാക്കി. രോഹിതും കോലിയും രാഹുലും ഷമിയും ബുംറയും ജഡേയും ഗില്ലും അയ്യരും എന്ന് വേണ്ട ഓരോരുത്തരും തങ്ങളുടെ ഭാഗം ഭംഗിയാക്കി.
ഓരോ കളിയിലും ഇന്ത്യയ്ക്ക് താരോദയം. രചിന് രവീന്ദ്രയും ഡാരില്‍ മിച്ചലും ഗ്ലെന്‍ മാക്സ്വെല്ലും ഇടയ്ക്ക് തകര്‍ന്നാടി. ഇംഗ്ലണ്ടും പാകിസ്താനും നേരത്തെ മടങ്ങിയ ലോകകപ്പിന്റെ ആവേശം ഒട്ടും ചോരാതെ നോക്കാന്‍ ഇന്ത്യയുടെ അപരാജിത മുന്നേറ്റവും അഫ്ഗാനിസ്ഥാന്റെ അപ്രതീക്ഷിത പ്രകടനങ്ങളും സഹായിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും ഫൈനല്‍ കളിച്ച ഒരൊറ്റ ദിവസം ഇന്ത്യയ്ക്ക് പിഴച്ചു.
ഐ പി എല്‍ ട്രേഡ് വിന്‍ഡോയുടെ തലക്കെട്ടുകളില്‍ ഇത്തവണ നിറഞ്ഞത് ഹര്‍ദിക് പാണ്ഡ്യ കാരണമാണ്. വലിയ ചലനങ്ങളുണ്ടാക്കാതെയാണ് ഐ പി എല്‍ ട്രേഡ് കടന്നുപോകാറുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിനെ ക്യാപ്റ്റനാക്കിയ ഹര്‍ദിക് രണ്ടാം സീസണില്‍ അവരെ ഫൈനലിലും എത്തിച്ചു. അതീവനാടകീയമായ നീക്കത്തിലൂടെ ഹര്‍ദിക് ഗുജറാത്ത് വിട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് എത്തിയത്. അതും താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധിയും തീര്‍ന്ന ശേഷം. തൊട്ടുപിന്നാലെ കാമറൂണ്‍ ഗ്രീന്‍ ബാംഗ്ലൂരിലേക്കും മാറി. ഐ പി എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റങ്ങളാണ് ഇത്.
10 ടീമുകളിലുമായി 173 താരങ്ങളെ നിലനിര്‍ത്തിയത്. ഫ്രാഞ്ചൈസികള്‍ ഇപ്പോള്‍ ഏതൊക്കെ താരങ്ങളെ ക്യാംപിലേക്ക് എത്തിക്കണം എന്ന അവസാനഘട്ട കണക്കുകൂട്ടലിലാണ്. ഡിസംബര്‍ 19നാണ് അടുത്ത സീസണിലേക്കുള്ള താരലേലം നടക്കുന്നത്. ലോകകപ്പിലെ താര തിളക്കങ്ങളായ രചിന് രവീന്ദ്ര, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, തുടങ്ങിയവര്‍ക്കൊപ്പം നിലവിലെ ടീമുകള്‍ കൈവിട്ട ഹാരി ബ്രൂക്ക്, വനിന്ദു ഹസരംഗ, ജോഷ് ഹേസല്‍വുഡ്, ഷര്‍ദുള്‍ താക്കൂര്‍, തുടങ്ങിയ പ്രമുഖരും ലേലത്തിനെത്തും.