ശ്രീദേവിയുടെ അതിശയിപ്പിക്കുന്ന ജീവിതയാത്ര

1 min read

ദക്ഷിണേന്ത്യൻ യുവത്വത്തെ ഇളക്കി മറിച്ച ശ്രീദേവി

1967ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായിട്ടാണ് ശ്രീദേവി വെള്ളിത്തിരയിൽ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ചില തമിഴ്, തെലുഗു, മലയാളം ചിത്രങ്ങളിലും ബാലതാരമായിത്തന്നെ അഭിനയിച്ചു. 1976ൽ കമലഹാസനെ നായകനാക്കി, കെ.ബാലചന്ദർ സംവിധാനം ചെയ്ത മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി നായികയായിത്തീരുന്നത്. പ്രമുഖ നടൻ രജനികാന്തും ഈ ചിത്രത്തിലുണ്ടായിരുന്നു. അതിനു ശേഷം കമലഹാസന്റെ നായികയായി അനേകം വിജയ ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ മുൻനിര നായികയായിരുന്ന ശ്രീദേവി ഈ സമയത്തു തന്നെ തെലുങ്കിലുമെത്തി. തെലുങ്കിലും ധാരാളം വിജയ ചിത്രങ്ങൾ നൽകി ശ്രീദേവി.

1969ൽ കുമാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ എത്തുന്നത്. തുടർന്ന് പൂമ്പാറ്റ, സ്വപ്‌നങ്ങൾ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ എന്നീ ചിത്രങ്ങളിൽ ബാലതാരമായി. 1976ലെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ നായികയായെത്തുന്നത് . നായകൻ കമൽഹാസൻ ആയിരുന്നു. പിന്നീട് തുലാവർഷം എന്ന ചിത്രത്തിൽ പ്രേം നസീറിന്റെ നായികയായി ശ്രീദേവി. ഐ.വി.ശശി സംവിധാനം ചെയ്ത ആലിംഗനം, ഊഞ്ഞാൽ, ആ നിമിഷം, ആശിർവാദം, അകലെ ആകാശം എന്നീ സിനിമകളിലെയും നായികയായിരുന്നു ശ്രീദേവി.  1977ൽ റിലീസായ ‘അംഗീകാരം’ എന്ന ചിത്രത്തിൽ ഇരട്ട വേഷമായിരുന്നു ശ്രീദേവിയുടേത്. പിന്നീട് കുറേക്കാലം മലയാളത്തോട് പുറം തിരിഞ്ഞു നിന്നു ശ്രീദേവി. തിരുച്ചു വരവ് നടത്തിയത് 1996ൽ ഭരതൻ സംവിധാനം ചെയ്ത ദേവരാഗം എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തി ശ്രീദേവി. അവരുടെ അവസാന മലയാള ചിത്രമായിരുന്നു ദേവരാഗം.

ഉർദു, ഹിന്ദി ചിത്രത്തിൽ ശ്രീദേവി വേഷമിടുന്നത് 1978ലാണ്.  സോൾവാ സവാൻ എന്ന ഈ ചിത്രം വൻ പരാജയമായിരുന്നു. പക്ഷേ, രണ്ടാമത്തെ ചിത്രമായ ഹിമ്മത്ത്‌വാല വൻ വിജയം നേടി. ഇതിലെ നായകനായിരുന്ന ജിതേന്ദ്രയോടൊപ്പം പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു ശ്രീദേവി.

1986ലെ നഗീന ശ്രീദേവിയുടെ കരിയറിലെ മികച്ച വിജയചിത്രങ്ങളിൽ ഒന്നാണ്. 1980കളിൽ ബോളിവുഡിലെ മുൻ നിരനായികയായിരുന്നു ശ്രീദേവി. ഈ വിജയഗാഥ 90കളിലും തുടർന്നു. അക്കാലത്ത് ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു അവർ. 1997ൽ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞു ശ്രീദേവി. ഒരു തിരിച്ചു വരവിന് 15 വർഷം വേണ്ടി വന്നു. 2012ൽ റിലീസ് ചെയ്ത ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയായിരുന്നു അത്. ഖുദാ ഗവ, ലാഡ്‌ല, ജുദായി എന്നിവയും താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തമിഴ് നടനായ കമലഹാസനോടൊപ്പം 25 ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചത്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു ശ്രീദേവി. 2018ൽ സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി ശ്രീദേവി അഭിനയിച്ചത്. അമ്പതുവർഷം കൊണ്ട് 300 ചിത്രങ്ങളിൽ അഭിനയിച്ച റെക്കോർഡ് ശ്രീദേവിക്കു സ്വന്തം. ബോളിവുഡിൽ എട്ടു സിനിമകളിൽ ഇരട്ടവേഷത്തിലെത്തുകയും ചെയ്തു ശ്രീദേവി. ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണു ചാൽബാസിലെ ശ്രീദേവിയുടെ അഭിനയത്തെ വിലയിരുത്തുന്നത്.

രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവി സ്വന്തം പേരിൽ എഴുതിച്ചേർത്തു. 2018 ഫെബ്രുവരി 24നായിരുന്നു എാവരെയും ഞെട്ടിച്ചുകൊണ്ട് ശ്രീദേവിയുടെ അന്ത്യം. സൗന്ദര്യത്തിന്റെ പര്യായമായി ഇന്നും ചലച്ചിത്രലോകം വാഴ്ത്തുന്ന ശ്രീദേവി, പ്രേക്ഷക മനസ്സിൽ മായാതെ നിറഞ്ഞു നിൽക്കുന്നു.

Related posts:

Leave a Reply

Your email address will not be published.