സുരേഷ്‌ഗോപിയും ഇന്നസെന്റും ഒഴിവാക്കിയ സൂപ്പർഹിറ്റുകൾ
1 min readഇന്നും ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ് ഫ്രണ്ട്‌സ്
മലയാളത്തിൽ ചിരിവസന്തം തീർത്ത ഫ്രണ്ട്‌സ് എന്ന സിനിമയുടെ സംവിധായകൻ സിദ്ദീഖ് ആയിരുന്നു. 1999ലായിരുന്നു ചിത്രത്തിന്റെ റിലീസ്. മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം. ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരാണ് തുല്യ പ്രാധാന്യമുള്ള ഈ സുഹൃത്തുക്കളെ അവതരിപ്പിച്ചത്.
ഇതിൽ അരവിന്ദൻ എന്ന കഥാപാത്രം ചെയ്യാനായി സിദ്ദീഖ് ആദ്യം സമീപിച്ചത് സുരേഷ്‌ഗോപിയെയായിരുന്നു. അഭിനയിക്കാൻ അദ്ദേഹം തയ്യാറാവുകയും ചെയ്തു. എന്നാൽ ചില തെറ്റിദ്ധാരണകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിൽ നിന്നും പിൻമാറി. സിനിമയ്ക്കുവേണ്ടി വരച്ച പോസ്റ്ററിൽ, ആദ്യം മുകേഷും നടുവിൽ സുരേഷ്‌ഗോപിയും ഒടുവിൽ ശ്രീനിവാസനും ആയിരുന്നു. ഇത് കണ്ട് തന്നേക്കാൾ പ്രാധാന്യം മുകേഷിന്റെ കഥാപാത്രത്തിനാണ് എന്ന് സുരേഷ്‌ഗോപി തെറ്റിദ്ധരിച്ചു. സിദ്ദീഖിനോട് ചോദിക്കാനോ സംശയം തീർക്കാനോ നിൽക്കാതെ ചിത്രത്തിൽ നിന്നും പിൻമാറി സുരേഷ്‌ഗോപി.. പിന്നീടാണ് ജയറാം ഫ്രണ്ട്്‌സിലെത്തുന്നത്. സീരിയസ് കഥാപാത്രമായിരുന്നു സുരേഷ്‌ഗോപി അവതരിപ്പിക്കേണ്ടിയിരുന്ന അരവിന്ദിന്റേത്. ജയറാം എത്തിയതോടെ, തിരക്കഥയിൽ മാറ്റം വരുത്തി അരവിന്ദനെ ചെറിയൊരു പൂവാലനാക്കി സംവിധായകൻ.
അതുപോലെ തന്നെ ഫ്രണ്ട്‌സിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ലാസർ എളേപ്പൻ. ജഗതിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിനു വേണ്ടി സിദ്ദീഖ് മനസ്സിൽ കണ്ടത് ഇന്നസെന്റിനെയായിരുന്നു. വിഷു റിലീസായി നിശ്ചയിച്ച ചിത്രമായിരുന്നു ഫ്രണ്ട്‌സ്. ഉറ്റ സുഹൃത്തുക്കളുടെ മൂന്ന് ചിത്രങ്ങളിലേക്കും ഒരേ ഡേറ്റ് ചോദിച്ചപ്പോൾ, ഒരു സിനിമയും അഭിനയിക്കുന്നില്ലെന്ന് നിർബന്ധം പിടിച്ചു ഇന്നസെന്റ്. ഒരാൾക്ക് ഡേറ്റ് കൊടുത്ത്് മറ്റു രണ്ടു പേരെ ഒഴിവാക്കാൻ ഇന്നസെന്റിനു കഴിയുമായിരുന്നില്ല. ഒടുവിൽ ലാസർ എളേപ്പനായെത്തി ജഗതി തിയേറ്ററുകളിൽ ചിരി വസന്തം തീർത്തു.
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റായി മാറി ഫ്രണ്ട്‌സ്. ഇന്നും ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണിത്. സുരേഷ്‌ഗോപിയും ഇന്നസെന്റും വേണ്ടെന്നുവെച്ച ചിത്രം ജയറാമിന്റെയും ജഗതിയുടെയും കരിയറിലെ വലിയ വലിയ വിജയങ്ങളിൽ ഒന്നായിത്തീർന്നു