സി.പി.ഐ യൂണിയന്‍കാരെല്ലാം പദയാത്രയില്‍; റവന്യൂ ആസ്ഥാനത്ത് ആളില്ല
1 min readതിരുവനന്തപുരം: റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയുടെ സര്‍വീസ് സംഘടനയായ ജോയന്റ് കൗണ്‍സിലിന്റെ പദയാത്ര തിങ്കളാഴ്ച തലസ്ഥാന നഗരിയിലെത്തിയതോടെ റവന്യൂ വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തില്‍ ആളൊഴിഞ്ഞ കസേരകള്‍ മാത്രം. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്താന് ജോയന്റ് കൗണ്‍സിലിന്റെ പദയാത്രയ്ക്ക് പോയിരിക്കുന്നത്. ആര്‍ക്കും സി.പി.ഐയോടോ ജോയന്റ് കൗണ്‍സിലിനോടോ പ്രത്യേകിച്ച് മമത ഉണ്ടായിരുന്നിട്ടല്ല ജാഥയ്ക്ക് പോകുന്നത്. പേടിച്ചിട്ടാണ്. പദയാത്രയില്‍ പങ്കെടുക്കാനായി പാര്‍ട്ട് ടൈം സ്വീപ്പര്‍ , പ്യൂണ്‍, ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട്, ടൈപ്പിസ്റ്റുമാര്‍ എന്നിങ്ങനെ എല്ലാവരോടും നിര്‍ബന്ധമായി ലീവെടുക്കാനാണ് സംഘടനാ നേതാക്കളുടെ തിട്ടൂരം. എല്ലാവരും തിങ്കളാഴ്ച രാവിലെ 9 ന് പദയാത്രയ്ക്കായി എത്തണമെന്നാണ് നിര്‍ദേശം. പദയാത്ര 7 വരെ ഉണ്ടാകും. ഏഴാംതിയ്യതിയും ഇതുതന്നെയായിരിക്കും സ്ഥിതി.
വില്ലേജ്, താലൂക്ക്, കളക്ടറേറ്റ്, ആര്.ഡി.ഒ ഓഫീസുകളുടെ ആസ്ഥാന കാര്യാലയമാണ് തിരുവനന്തപുരം മ്യൂസിയം ജങ്ങ്ഷനിലെ പബ്ലിക് ഓഫീസ്. പുതിയ കെട്ടിടത്തിലെ രണ്ടും മൂന്നും നിലകളിലും പഴയ കെട്ടിടത്തിന്റെ താഴെ പോസ്റ്റ് ഓഫീസിനു ചേര്‍ന്നും പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയിലുമായാണ് സ്റ്റേറ്റ് ലാന്‍ഡ് ബോഡ് ഓഫീസും മറ്റ് റവന്യൂ ഓഫീസുകളും പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
അവസ്ഥ.
പദയാത്രയില്‍ പങ്കെടുക്കാത്തവരെ സീറ്റുമാറ്റുമെന്നും ഓഫീസില്‍ നിന്നും സ്ഥലം മാറ്റുമെന്നുമാണ് ഭീഷണി. എല്ലാവരും അവധി അപേക്ഷ കൊടുത്തെങ്കിലും ആര്‍ക്കും ഇനിയും രേഖാമൂലം അവധി അനുവദിച്ചിട്ടില്ല. അപേക്ഷ സ്വീകരിച്ചിട്ടുളളത്തിനാല് ആരും ഹാജരാകില്ല. തിങ്കളാഴ്ച ഓഫീസില്‍ നാമമാത്രമായ ജീവനക്കാര്‍ മാത്രമേ ഹാജരുള്ളൂ.
തിരുവനന്തപുരം കളക്ടറേറ്റ്, തിരുവനന്തപുരം താലൂക്ക് ഓഫീസ് നഗരത്തിലെ വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ഇന്ന് ഒഴിഞ്ഞ കസേരകള്‍ മാത്രമാകും ഉള്ളത്. അതേ സമയം ജോയന്റ് കൗണ്‍സിലിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ ഒരു മാസമായി പദയാത്രയിലാണ്. ഇവരാരും ഓഫീസില്‍ എത്തുന്നില്ല.
പത്തനം തിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്ക് ഓഫീസിലെ കൂട്ട അവധിയെ തുടര്‍ന്ന് മേലില്‍ കൂട്ട അവധി അനുവദിക്കരുതെന്ന് അന്നത്തെ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരത്തെ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ടൂര്‍ പോകാനാണ് അന്ന് താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുത്തിരുന്നത്.
തിങ്കളാഴ്ചത്തെ പദയാത്ര കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച് മ്യൂസിയം പബ്ലിക് ഓഫീസ് വഴി തമ്പാനൂര്‍ എത്തിച്ചേരും.