സ്‌കൂളില്‍ പോവേണ്ട ടാ, മുഖ്യമന്ത്രി സിന്ദാബാദ്
1 min read
സ്‌കൂള്‍ പിള്ളാരുടെ പണി പൊരിവെയിലത്ത് മുഖ്യമന്ത്രിക്ക് സിന്ദാബാദ് വിളിക്കല്‍
ഇതിനെയാണ് പൊതുവിദ്യാഭ്യാസം എന്നു പറയുന്നത്. കാശുള്ളവന്റെ മക്കള്‍ ടൈയും കെട്ടി ക്ലാസിലിരുന്നു പഠിക്കുമ്പോള്‍ നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ഗതികേട് കണ്ടോ. പൊരിവെയിലത്ത് റോഡില്‍ നിന്ന് മുഖ്യമന്ത്രി സിന്ദാബാദ്, പിണറായി വിജയന്‍ സിന്ദാബാദ് വിളിക്കണം. ഏറ്റുവിളിയുടെ സ്ട്രോംഗ് കുറഞ്ഞാല്‍ ഉടന്‍ തന്നെ നമ്മുടെ കെ.എസ്.ടി.എ ടീച്ചര് പറയും വിളിക്കെടാ , ഉച്ചത്തില്‍ വിളി.
നമ്മുടെ മിത്ത് ഗണപതി ഷംസീറിന്റെ മണ്ഡലത്തിലെ കുട്ടികളെയാണ് ഇങ്ങനെ നവകേരള സദസ്സുകളിലേക്കായി മുഖ്യമന്ത്രി വഴിയിലൂടെ കടന്നുപോകുമ്പോള്‍ പൊരിവെയിലത്ത് റോഡില്‍ നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചത്. നിറുത്തിയതോ കൂത്തുപറമ്പ് മണ്ഡലത്തിലും. തൊഴിലാളികളോട് പോലും ഉച്ചയക്ക് പോരിവെയിലത്ത് ജോലി ചെയ്യരുതെന്ന് പറയുന്ന സര്‍ക്കാരാണ് എട്ടും പൊട്ടും തിരിയാത്ത കുട്ടികളെക്കൊണ്ട് മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിപ്പിക്കുന്നത്. രാവിലെ 11 മണിക്കാണ് ജാഥ വിളിക്കാന്‍ കുട്ടികളെ റോഡില്‍ കൊണ്ട് നിറുത്തിയത്. മുഖ്യമന്ത്രി പോയത് 12.30നും. ഖജനാവില്‍ കയ്യിട്ടു വാരുന്നവര്‍ വെയിലത്ത് നിന്ന് മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ഒരു ഗ്ലാസ് നാരങ്ങാ വെള്ളം പോലും വാങ്ങിക്കൊടുത്തില്ല.

കുട്ടികളെ സ്‌കൂള്‍ അസംബ്ലിയില്‍ പോലും 7 മിനിട്ടിലധികം നിറുത്തരുതെന്ന് നിബന്ധനയുള്ള നാട്ടിലാണ് ഒന്നരമണിക്കൂറിലധികം പൊരിവെയിലത്ത് നിറുത്തിയത്. ചമ്പാട് എല്‍.പി. സ്‌കൂല്‍, ചോതാവൂര്‍ ഹൈസ്‌കൂള്‍, ചമ്പാട് വെസ്റ്റ് യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളെയാണ് മുഖ്യമന്ത്രിക്ക് ജയ് വിളിക്കാനും പുഷപവൃഷ്ടി നടത്താനും നിയോഗിച്ചത്. അവരെക്കൊണ്ട് എസ്. എഫ്. ഐ സിന്ദാബാദ് വിളപ്പിക്കാതിരുന്നത് ഭാഗ്യം. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ കുട്ടികളെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമുള്ളപ്പോഴാണ് പൊരിവെയിലത്ത് വിദ്യാര്‍ഥികളെ നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചത്.
കുട്ടികളെ മുഖ്യമന്ത്രിക്ക് ജയ് വിളിക്കാനായി പൊരിവെയിലത്ത് റോഡരികില്‍ നിറുത്തിയതിനെതിരെ എ.ബി.വി.പി ദേശീയ ബാലാവകാശ കമ്മിഷനും എം.എസ്.എഫ് സംസ്ഥാന ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ മലപ്പുറം ജില്ലയില്‍ നവകേരള സദസ്സിനായി സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശം പ്രതിഷേധത്തെ തുടര്‍ന്ന് തീരൂരങ്ങാടി ഡി.ഇ.ഒ പിന്‍വലിച്ചു. നവകേരള സദസ്സിനായി താനൂരില്‍ നിന്ന് 200 വിദ്യാര്‍ഥികളെയും തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്നു മണ്ഡലങ്ങളില്‍ നിന്ന് 100 വീതം വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.