റോബിന്‍ ബസിനോടുള്ള കളി തോറ്റു.സര്‍ക്കാരിന് മതിയായെങ്കിലും ഉദ്യോഗസഥര്‍ ഒതുങ്ങില്ല

1 min read

റോബിന്‍ ബസ് : വീണിടം വിദ്യയാക്കാന്‍ പൊതുമേഖലാ വാദവുമായി ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളും

ഒടുവില്‍ തമിഴ് നാടിന് റോബിന്‍ ബസ് വിട്ടുകൊടുക്കേണ്ടി വന്നു. കേരള സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ് തമിഴ് നാടും ഈ കേസില്‍ പെട്ടുപോയത്. പിഴ ഈടാക്കി, കോയമ്പത്തൂരിനടുത്ത പിടിച്ചുവച്ച ബസ് വിട്ടുകൊടുത്തു. ഈ പിഴ അന്നങ്ങ് വാങ്ങിച്ചാല്‍ മതിയായിരുന്നല്ലോ. ഇതൊക്കെ ആയിട്ടും ബുധനാഴ്ച നാട്ടുകാരുടെ പിന്തുണയോടെ റോബിന്‍ ബസ് രാവിലെ 7ന് പത്തനംതിട്ടിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തി.

സുപ്രീംകോടതി സ്റ്റേ നിലനില്‍ക്കേ അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് പ്രവേശന നികുതി ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയെ സുപ്രീംകോടതി ശക്തമായി വിമര്‍ശിച്ചതോടെയാണ് തമിഴ്നാട് റോബിന്‍ ബസ് വിട്ടുകൊടുത്തത്. കേസില്‍ തീരുമാനമാകുന്നതുവരെ ബസിന് തടസ്സമുണ്ടാക്കില്ലെന്ന് ഇരുസര്‍ക്കാരുകളും കോടതിക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്.

മുട്ടാപ്പോക്ക് നയം കാരണം ജനങ്ങളുടെ എതിര്‍പ്പ് ഏറ്റുവാങ്ങിയ സര്‍ക്കാര്‍ ഇപ്പോള്‍ പൊതു ജന പിന്തുണ നേടിയെടുക്കാനായി പൊതുമേഖലാ സംരക്ഷണം എന്ന വാദവുമായി രംഗത്തുവന്നിട്ടുണ്ട്. കെ.എസ്. ആര്‍.ടി .സി യൂണിയനുകളും ഇതിനായി മുന്നിലുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ കൊടുക്കുന്നത് തങ്ങളാണെന്നാണ് വാദം. എത്ര അന്തര്‍സംസ്ഥാന റൂട്ടുകളിലാണ് വിദ്യാര്‍ഥികള്‍ കയറുന്നതെന്നും കണ്‍സെഷന്‍ കൊടുക്കുന്നതെന്നും അറിഞ്ഞാല്‍ ചിരി വരും. കണ്‍സെഷന്‍ കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനമല്ലല്ലോ. കണ്‍സെഷന്‍ നല്‍കുന്നത് വഴി ഉണ്ടാകുന്നതിനുള്ള നഷ്ടപരിഹാരം സര്‍ക്കാരിനോട് വാങ്ങണം.

അപ്പോള്‍ ഒരു ചോദ്യം. റോബിന്‍ ബസ് മാത്രമേ ഇങ്ങനെ ഓടുന്നുള്ളു. വേറെ ബസ്സൊന്നും ഇല്ലെ. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പെര്‍മിറ്റ് നല്‍കാം. ഏത് സംസ്ഥാനത്തും പോകാം. ആരും ചോദിക്കില്ല. ഒരാള്‍ നിയമവിധേയമായി ലക്ഷങ്ങള്‍ ഫീസ് അടച്ച് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് എടുത്താല്‍ അയാളുടെ ബസ് പിടിച്ചെടുക്കുക. എവിടത്തെ നടപടിയാണിത്. ഇവിടെ ഒരു കേന്ദ്ര നിയമമുണ്ടല്ലോ. അത് പ്രകാരം ആള്‍ ഇന്ത്യാ പെര്‍മിറ്റ് എടുത്ത ബസ് നിയമാനുസൃതം സംസ്ഥാനങ്ങളില്‍ എതെങ്കിലും റൂട്ട് അനുവദിച്ച ബസാണെങ്കില്‍ അവര്‍ക്ക് മൂന്ന് സംസ്ഥാനം വരെ പോകാം.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍ (പെര്‍മിറ്റ്) നിയമം അനുസരിച്ച് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനം സ്റ്റേജ് കാരിയേജ് ബസായി (റൂട്ട് ബസായി) പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. 2023 മേയ് ഒന്നിന് നിലവില്‍ വന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) നിയമത്തിലെ ചട്ടം 13 അനുസരിച്ച്, ‘1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 82 മുതല്‍ 85 എ വരെയുള്ള നിബന്ധനകള്‍ ഈ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ബാധകമല്ലെന്ന്’ പറയുന്നു.
നേരത്തെയുള്ള ചട്ട പ്രകാരം ടൂറിസ്റ്റ് വാഹനം റൂട്ട് ബസായി പ്രവര്‍ത്തിപ്പിക്കാന്‍ പെര്‍മിറ്റ് ഉടമയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. അതുപോലെ ടൂറിസ്റ്റ് ബസിന് റൂട്ട് ബസുകളുടെ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്നതിനും അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഭേദഗതി ചെയ്ത ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) ചട്ടത്തില്‍ സാധുവായ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) നിയമപ്രകാരം റോബിന്‍ ബസിന് സാധുവായ പെര്‍മിറ്റ് ഉണ്ടെങ്കില്‍ ആ ബസ് റൂട്ട് ബസ് ആയി ഉപയോഗിച്ചാല്‍ അധികൃതര്‍ക്ക് നടപടികള്‍ എടുക്കാന്‍ അധികാരമില്ല. ടൂറിസ്റ്റ് വെഹിക്കിള്‍ പെര്‍മിറ്റ് നിയമങ്ങളിലെ ഭേദഗതികള്‍ 1989ലെ മോട്ടോര്‍ വാഹന നിയമങ്ങളില്‍ പറഞ്ഞിരിക്കുന്ന നിരവധി പഴക്കമുള്ള വ്യവസ്ഥകളെ മറികടക്കുന്നതാണ്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, യാത്രക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതിലൂടെ ബസ് ഉടമകള്‍ക്ക് മെച്ചപ്പെട്ട സേവനം പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. പാര്‍ലമെന്റ് ഭേദഗതി ചെയ്ത നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന വ്യത്യസ്തമായ പെര്‍മിറ്റ് വ്യവസ്ഥകള്‍ വിനോദസഞ്ചാരികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് കൊണ്ടുവന്നത്. അതിനാല്‍ ഈ നിര്‍ദിഷ്ട ലംഘനം ചൂണ്ടിക്കാട്ടി ബസ് ഉടമസ്ഥര്‍ക്കെതിരേ എംവിഡി എടുക്കുന്ന നടപടി നിയമ വിരുദ്ധമാണ്.

എന്നാല്‍ കെ.എസ്.ആര്‍.ടിസി യൂണിയനുകള്‍ പറയുന്നത് മറ്റൊരു കാര്യമാണ്. ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ പഴുത് മുതലെടുത്ത് സ്വകാര്യബസുകള്‍ ദീര്‍ഘദൂര പാതകള്‍ കൈയടക്കിയാല്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകുമത്രെ. കെ.എസ്.ആര്‍.ടി.സി. വരുമാനത്തിന്റെ 60 ശതമാനവും ദീര്‍ഘദൂര ബസുകളില്‍നിന്നാണ് ലഭിക്കുന്നത്. സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂര സര്‍വീസ് നടത്താനുള്ള അവകാശം കെ.എസ്.ആര്‍.ടി.സി.ക്കാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ ഇവ സ്വന്തമാക്കാനാണ് സ്വകാര്യബസുകാര്‍ ശ്രമിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ ഓടിക്കുന്ന ബസുകളുണ്ടാക്കുന്ന നഷ്ടം നികത്തുന്നത് ദീര്‍ഘദൂര ബസുകളുടെ വരുമാനത്തിലൂടെയാണത്രെ. എന്നാല്‍ തങ്ങള്‍ക്ക് താല്പര്യമുള്ളവര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് ഏത് പ്രതിബദ്ധതയുടെ പേരിലാണെന്ന് അവര്‍ പറയുന്നില്ല…

വിഷയത്തില്‍ കേന്ദ്രനിയമം അന്തിമവാക്കായി പറയുന്നുണ്ടെങ്കിലും സംസ്ഥാന ഗതാഗതവകുപ്പ് ഇതിനെ അംഗീകരിക്കുന്നില്ല. ഓരോ കേസിന്റെയും അടിസ്ഥാനത്തില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് തിരഞ്ഞെടുത്ത റൂട്ടുകളില്‍ സ്റ്റേജ്കാരേജ് പെര്‍മിറ്റുകള്‍ അനുവദിക്കുന്ന ഒരു സമ്പ്രദായമാണ് സംസ്ഥാനങ്ങള്‍ പിന്തുടരുന്നത്. അതായത് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ മേലാളന്മാര്‍ക്കും താല്പര്യമുളളവര്‍ക്ക് മാത്രം പെര്‍മിറ്റ് കൊടുക്കുക. അതിനെ പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതും.

Related posts:

Leave a Reply

Your email address will not be published.