കരമനയുടെ ഭാര്യയാകാനും പാർവതി മടിച്ചില്ല

1 min read

പൊന്മുട്ടയിടുന്ന താറാവിൽ പാർവതിയുടെ ഗസ്റ്റ് റോൾ സിനിമയുടെ ഇമേജ് മാറ്റി

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ശ്രീനിവാസനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പൊൻമുട്ടയിടുന്ന താറാവ്.. 1988 ൽ റിലീസ് ചെയ്ത പൊൻമുട്ടയിടുന്ന താറാവ് മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു..   ഉർവശി, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ , ഉർവശി, ശ്രീനിവാസൻ , ജയറാം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരന്നു… 

കോമഡി, പ്രണയം, സ്റ്റണ്ട് തുടങ്ങി ഒരു കൊമേഴ്സ്യൽ സിനിമയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും സത്യൻ അന്തിക്കാട് ഈ ചിത്രത്തിൽ ഒരുക്കി വെച്ചിട്ടുണ്ട്.. ചിത്രത്തിന്റെ ക്ലൈമാക്സ് ആകട്ടെ, പ്രേക്ഷകരെ വിസ്മയപ്പെടുത്തി. പാർവതിയുടെ ഗസ്റ്റ് അപ്പിയറൻസായിരുന്നു അത്.. ആരും  പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്.. ഏതൊരു നായികയും ചെയ്യാൻ മടിക്കുന്ന റോളായിരുന്നു അത്. ജനാർദ്ദനന്റെ ഭാര്യ വേഷം. 

ഈ വേഷം ചെയ്യാൻ പല താരങ്ങളും മടിച്ചു നിന്ന സമയത്താണ് പാർവതി വന്ന് കരമന ജനാർദ്ദനൻ അവതരിപ്പിച്ച ഹാജിയാരുടെ ബീവിയായി വന്ന് തകർത്തതെന്നു പറയുന്നു സത്യൻ അന്തിക്കാട്… ക്ലബ് എഫ്.എമ്മിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്..

ഇമേജിനെ ഭയക്കുന്നവരാണ് പല താരങ്ങളും. വയസായ താരങ്ങളുടെ ജോഡിയായി അഭിനയിക്കാൻ അവർ മടി കാണിക്കാറുണ്ട്.. എന്നാൽ നല്ല കഥാപാത്രങ്ങൾക്കു വേണ്ടി ഇമേജ് നോക്കേണ്ടതില്ലെന്ന് പറയാതെ പറഞ്ഞു പാർവതി പൊൻമുട്ടയിടുന്ന താറാവിലൂടെ .. ഇക്കാര്യം സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്.  

“കൽമേയി എന്ന കഥാപാത്രം നേരത്തെ തന്നെ തിരക്കഥയിൽ ഉണ്ടായിരുന്നതാണ്.. അല്ലാതെ പൊടുന്നനെ എഴുതിച്ചേർത്ത ഒന്നല്ല.. പക്ഷേ പാർവതിയെ ആയിരുന്നില്ല ആ റോളിലേക്ക് തെരഞ്ഞെടുത്തിരുന്നത്… അതി സുന്ദരിയായ ഒരു പെൺകുട്ടിയാണ് ഹാജിയാരുടെ ഭാര്യ എന്ന് ഗ്രാമം മുഴുവൻ കാണുന്നതായിരുന്നു പൊൻമുട്ടയിടുന്ന താറാവിന്റെ ക്ലൈമാക്സ് .. അതിനു വേണ്ടി അതി സുന്ദരിയായ ഒരു പെൺകുട്ടിയെ തേടി നടന്നു ഞങ്ങൾ.. 

അവസാനം വയനാട്ടിൽ നിന്നും ഒരു കുട്ടി തയ്യാറായി വന്നു.. കാണാനൊന്നും കുഴപ്പമില്ല… പക്ഷേ സിനിമയിൽ ഒരു സീനേ ഉള്ളൂ.. അതായിരുന്നു ആ പെൺകുട്ടിയുടെ പരാതി.. കൂടാതെ കരമന ജനാർദ്ദനനെപ്പോലെ വയസ്സായ ഒരാളുടെ ഭാര്യയായി അഭിനയിക്കണം. അതുകൊണ്ട് കൽമേയി ആയി അഭിനയിക്കാൻ ആ പെൺകുട്ടി മടിച്ചു.. മാത്രമല്ല, അന്ന് മോശം സിനിമകൾ എടുത്തിരുന്ന ഒരു സംവിധായകന്റെ സിനിമയിൽ നായികയായി ബുക്ക് ചെയ്തിട്ടുണ്ട് , അതുകൊണ്ട് ഈ ഗസ്റ്റ് റോൾ ചെയ്യുന്നില്ലെന്നും ആ പെൺകുട്ടി പറഞ്ഞു. 

ഗുരുവായൂരായിരുന്നു ഷൂട്ടിംഗ്. ആ സമയത്ത് വേറെ ഏതോ പടത്തിൽ അഭിനയിക്കാൻ വേണ്ടി പാർവതി വന്നിരുന്നു. പാർവതിയെ എനിക്ക് നേരത്തെ അറിയാം. കുടുംബപുരാണത്തിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ പാർവതിയെ കോണ്ടാക്ട് ചെയ്ത് ഈ ഗസ്റ്റ് റോളിന്റെ കാര്യം പറഞ്ഞു. കരമന ജനാർദ്ദനന്റെ ഭാര്യയാണ്. ഒറ്റ സീനേയുള്ളൂ. 

ഒന്നും പ്രശ്നമില്ല…ഞാൻ ചെയ്യാമെന്ന് പാർവതിയും പറഞ്ഞു.  നായികയായി പാർവതി കത്തി നിൽക്കുന്ന കാലമാണത് എന്നോർക്കണം… പാർവതി വന്ന് സന്തോഷത്തോടെ ആ റോൾ ചെയ്തു.. അതോടെ ചിത്രത്തിന്റെ ഇമേജ് മാറി.. ഒറ്റ സീനേ ഉള്ളുവെങ്കിലും ഗംഭീരമായിരുന്നു ആ കഥാപാത്രം.. ഈ റോൾ ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞ വയനാട്ടുകാരിയോട് ഞാൻ മനസാ നന്ദി പറഞ്ഞു.

സത്യൻ അന്തിക്കാട് വെളിപ്പെടുത്തി.

Related posts:

Leave a Reply

Your email address will not be published.