മ്യൂസിയം വകുപ്പിന്റെയും സക്ഷമയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ മ്യൂസിയവും മൃഗശാലയും സന്ദര്‍ശിച്ചു
1 min readകണ്‍നിറയെ കാഴ്ചകള്‍ കണ്ടു മനം നിറയുന്ന ചിരിയുമായി ഭിന്നശേഷി കുട്ടികള്‍ സക്ഷമയുടെ നേതൃത്വത്തില്‍ മ്യൂസിയം കാണാനെത്തി, മ്യൂസിയം വകുപ്പിന്റെ സഹകരണത്തോടെ തലസ്ഥാനത്തെ നൂറില്‍ അധികം കുട്ടികള്‍ക്കാണ് മ്യൂസിയവും മൃഗശാലയും സൗജന്യമായി കാണാന്‍ അവസരമൊരുക്കിയത് ചലച്ചിത്ര താരം ജിബിന്‍ ഗോപിനാഥ് കുട്ടികളുടെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം: രാവിലെ രക്ഷകര്‍ത്താക്കളുടെ ഒപ്പം തോളില്‍ കയറിയും വീല്‍ ചെയറുകളിലൊക്കെയായി കുട്ടികള്‍ മ്യൂസിയത്തിന്റെ കവാടത്തിലേക്ക് എത്തിയിരുന്നു. പിന്നാലെ പരസ്യ ചിത്രങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ഏറെ പരിചിതനായ കുട്ടന്‍ പിള്ള പോലീസ് എന്ന ജിബിന്‍ ഗോപിനാഥ് എത്തി തിരശീലയില്‍ കാണുന്ന താരത്തെ കണ്‍ മുന്നില്‍ കണ്ടതിന്റെ ആവേശത്തിലായി കുട്ടികള്‍. കാഴ്ചകള്‍ തേടിയുള്ള കുട്ടികളുടെ യാത്ര താരം ഫ്‌ലാഗ് ഓഫ് ചെയ്തു. സക്ഷമ ജില്ലാ സെക്രട്ടറി എസ് സുരേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍, സക്ഷമ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കൃഷ്ണകുമാര്‍, അജികുമാര്‍ എസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പിന്നാലെ കുട്ടികളുടെ വീല്‍ ചെയറും ഉരുട്ടി താരവും സംഘടകരും കാഴ്ചകളുടെ ലോകത്തിലേക്ക് ചിത്രത്തിലും മറ്റും കണ്ടിരുന്ന കുരങ്ങും കരടിയും വിവിധ തരം പക്ഷികളെയുമൊക്കെ കണ്മുന്നില്‍ കണ്ടതിന്റെ ആവേശത്തിലായി കുട്ടികള്‍, പലപ്പോഴും നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടാന്‍ വിധിച്ച തങ്ങളുടെ ജീവിതത്തില്‍ ഒരുപാടു സന്തോഷം നല്‍കുന്നതാണ് ഈ യാത്ര എന്ന് കുട്ടികള്‍, കുട്ടികളുടെ സന്തോഷത്തിനായി സക്ഷമയുടെ വ്യത്യസ്തമായ കൂട്ടായ്മക്ക് മനം നിറയെ ആശംസകള്‍ നേര്‍ന്ന രക്ഷിതാക്കളും, കാഴ്ചകളുടെ വസന്തം ആവോളം ആസ്വദിച്ചു. കുട്ടികള്‍ മൃഗശാലയുടെ പടികളിറങ്ങുമ്പോള്‍ കണ്ണുകളില്‍ എന്തെന്നില്ലാത്ത തിളക്കം. ഏറെനാളിനുശേഷം പുറത്തേക്കു കൂട്ടുകാരുമായി ഒരുമിച്ചിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികള്‍ എല്ലാം.
സമൂഹത്തിലെ എല്ലാ മേഖലയിലും പെടുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സക്ഷമ. സമൂഹത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് തുല്യത ഉറപ്പുവരുത്തുവാന്‍ നിരവധി പരിപാടികളാണ് നടപ്പിലാക്കിവരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം ജില്ലയിലെ നൂറിലധികം ഭിന്നശേഷി കുട്ടികള്‍ക്ക് തിരുവനന്തപുരം മൃഗശാല സന്ദര്‍ശിക്കുവാന്‍ അവസരം ഒരുക്കിയത്. സംസ്ഥാന വനം വകുപ്പും മൃഗശാല ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചു കൊണ്ടാണ് കുട്ടികള്‍ക്ക് സൗജന്യമായി മൃഗശാല സന്ദര്‍ശിക്കുവാനുള്ള അവസരം.
മൃഗശാല സന്ദര്‍ശിച്ചതിനു ശേഷം റേഡിയോ പാര്‍ക്കില്‍ ചേര്‍ന്ന സംഗമം കുട്ടികള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയായി മാറി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങിന് സക്ഷമ ജില്ലാ ട്രഷറര്‍ മിനി, സംസ്ഥാന പ്രചാര പ്രമുഖ് വിനയന്‍, സംസ്ഥാന സമിതി അംഗം സന്തോഷ്, സക്ഷമയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ വിനോദ്, മ്യൂസിയം പബ്ലിക് റിലേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.