അണയാതെ മണിപ്പുര്‍ കലാപം!
1 min readഇംഫാലില്‍ കുക്കികളുടെ വീടുകള്‍ക്ക് തീയിട്ടു
മണിപ്പുരിലെ കലാപം ആളിക്കത്തിച്ച് ഇംഫാലില്‍ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം രാത്രി കുക്കി സമുദായക്കാരുടെ വീടുകള്‍ക്ക് അക്രമികള്‍ തീവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സോമി വില്ലയില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണു വീടുകള്‍ക്കു തീയിട്ടത്.
മേയ് മൂന്നിനു തുടങ്ങിയ കലാപത്തിലെ ഏറ്റവും പുതിയ സംഭവമാണിത്. കലാപത്തില്‍ ഇതുവരെ 150 പേര് മരിച്ചെന്നും ആയിരത്തിലേറെ പേര്‍ക്കു പരുക്കേറ്റെന്നും അരലക്ഷത്തിലേറെ പേര്‍ക്കു വാസസ്ഥലം നഷ്ടമായെന്നുമാണു റിപ്പോര്‍ട്ട്. ആയിരക്കണക്കിനു വീടുകളും മതസ്ഥാപനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി.
മോറെ പട്ടണത്തില്‍നിന്നു മണിപ്പുര്‍ പൊലീസിനെ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കുക്കി ഗോത്രസംഘടനകള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് ആറിനകം മണിപ്പുര്‍ പൊലീസിനെ പിന്‍വലിക്കണമെന്നായിരുന്നു ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറത്തിന്റെ ആവശ്യം. കലാപം ആരംഭിച്ചതിനെത്തുടര്‍ന്ന് മെയ്തെയ് വിഭാഗക്കാര്‍ മോറെയില്നിന്നു പലായനം ചെയ്തിരുന്നു. മെയ്തെയ്കള്‍ ഉപേക്ഷിച്ചുപോയ എഴുപതോളം കെട്ടിടങ്ങള്‍ കഴിഞ്ഞ ദിവസം കുക്കി ഗോത്രവിഭാഗക്കാര്‍ തീയിട്ടു. തുടര്‍ന്ന് മണിപ്പുര്‍ കമാന്‍ഡോകളെ പട്ടണത്തില്‍ വിന്യസിച്ചു.
മണിപ്പുര്‍ പൊലീസിന്റെ കീഴിലുള്ള ഇന്ത്യ റിസര്‍വ് ബറ്റാലിയനും മോറെയിലുണ്ട്. മോറെയിലേക്കുള്ള റോഡുകള്‍ കുക്കി വനിതകള്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് കമാന്‍ഡോകളെ ഇവിടെ എത്തിച്ചത്. മണിപ്പുര്‍ പൊലീസിലെയും കമാന്‍ഡോകളിലെയും വലിയൊരു പങ്ക് മെയ്തെയ്കളാണ്.