പുതുപ്പള്ളി: ദു:ഖാചരണം കഴിയും മുമ്പെ സി.പി.എം തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു
1 min read
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പിനൊരുങ്ങാന്‍ സി.പി.എം നിര്‍ദ്ദേശം
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിന്റെ വേദനയില്‍ നിന്ന് പൊതുജനം മുക്തമാകുന്നതിന് മുമ്പ് തന്നെ പുതുപ്പള്ളിയില്‍
ഉപതിരഞ്ഞെടുപ്പിനൊരുങ്ങാന്‍ സി.പി.എം നേതൃത്വം. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കോട്ടയം ജില്ലാ കമ്മിറ്റിക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഔദ്യോഗിക നിര്‍ദ്ദേശം നല്കി. പല യോഗങ്ങളിലും ഹാജരാകാതിരുന്ന എല്‍.ഡ.ിഎഫ് കണ്‍വീര്‍ ഇ.പി.ജയരാജനും വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ദേഹം വഹിച്ചുളള യാത്രയിലും അന്തിമോപചാര ചടങ്ങുകളിലും എത്തിച്ചേര്‍ന്ന വന്‍ജനസഞ്ചയം സി.പി.എമ്മിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതൊന്നും വോട്ടായി മാറില്ലെന്നാണ് സി.പി.എം ആശ്വസിക്കുന്നതെങ്കിലും ഉമ്മന്‍ചാണ്ടിക്കെതിരെ തങ്ങള്‍ നടത്തിയ വ്യക്തിപരമായ ആക്രമണങ്ങള്‍ തിരിച്ചടിക്കുമോ എന്ന ഭയം സി.പി.എം നേതൃത്വത്തിനില്ലാതില്ല. ചില സി.പി.എം സഹയാത്രികര്‍, ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന അന്തിമോപചാരത്തെ കളിയാക്കിയതും ജനങ്ങളുടെ രോഷത്തെ ക്ഷണിച്ചുവരുത്താനേ ഉപകരിച്ചുള്ളൂ എന്നതാണ് വിലയിരുത്തല്‍.
അതേ സമയം ജയ്ക്ക് സി.തോമസിനെ തന്നെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ നിറുത്താനാണ് സി.പി.എം ആലോചിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം അവസാന മത്സരത്തില്‍ കുറയ്ക്കാനായത് സി.പി.എം നേട്ടമായി കരുതുന്നത്. എന്നാല്‍ സഭാതര്‍ക്കം മൂര്ദ്ധന്യാവസ്ഥയിലായിരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ തിരഞ്ഞെടുപ്പ്. മെത്രാന് കക്ഷിക്കാരനാണ് സി.പി.എം സ്ഥാനാര്‍ത്ഥിയായി ജെയ്ക്. ഉമ്മന്‍ചാണ്ടിയാകട്ടെ ഓര്‍ത്തഡോക്സ് വിഭാഗക്കാരനും. സഭാ തര്‍ക്കത്തില്‍ തങ്ങളുടെ വിഭാഗക്കാരനായ ഉമ്മന്‍ചാണ്ടി തങ്ങളെ സഹായിക്കുന്നതിന് പകരം യാക്കോബാക്കാരെ സഹായിച്ചു എന്ന ആരോപണവും അവരില്‍ ചിലരുയര്ത്തിയിരുന്നു. ഓര്‍ത്തഡോക്സ് വിഭാഗക്കാരില്‍ ചിലരന്ന് ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗക്കാരായ പുരോഹിതന്മാരൊക്കെ ഉമ്മന്‍ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലൊക്കെ സജീവമായി രംഗത്തുണ്ട്. സഭാ തര്‍ക്കം വീണ്ടും വിഷയമായാല്‍ കരുതലോടയെയായിരിക്കും സി.പി.എം ഇതിലുളള തങ്ങളുടെ നിലപാടെടുക്കുക.
മുസ്ലിം ന്യൂനപക്ഷത്തെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോഴും അത് ക്രിസ്ത്യന്‍ വോട്ടുകള്‍ നേടാനുള്ള നീക്കത്തിന് തടസ്സമാകാതിരിക്കാനും സി.പി.എം ശ്രദ്ധിക്കുന്നുണ്ട്.
മദ്ധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്, മിസോറാം തിരഞ്ഞെടുപ്പുകളുടെ കൂട്ടത്തില്‍ നവംബര്‍ ,ഡിസംബര്‍ മാസങ്ങളിലായി പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പ് നടത്താനാണ് സാദ്ധ്യത. അതിനിടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്‍ഡ്യ സഖ്യം രൂപപ്പെട്ടതും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ബാനറില്‍ ബി.ജെ.പിയെ എതിരിടുമ്പോള്‍ കേരളത്തില്‍ ഇതേ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നത് ദേശീയ ശ്രദ്ധ യാകര്ഷിക്കും. ആഗസ്തില്‍ നടക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂ. എന്നാല്‍ സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.