കടംവാങ്ങി മുടിഞ്ഞിട്ടും ലോകകേരള സഭയ്ക്ക് കോടികള്‍ വകയിരുത്തി
1 min readവായപ്ാ പരിധി കവിയാറായി. സര്‍ക്കാര്‍ എങ്ങനെ വട്ടച്ചെലവ് നടത്തും
മുമ്പെങ്ങുമില്ലാത്ത രീതിയില്‍ സാമ്പത്തിക പ്രതിന്ധിയിലേക്ക് കുപ്പുകുത്തിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. സമയത്തിനു പണം കിട്ടാത്തതിനാല്‍ നിത്യനിദാനങ്ങള്‍ക്കു വകയില്ലാതെ വകുപ്പുകളും സ്ഥാപനങ്ങളും പരുങ്ങലിലായിരിക്കുന്നു.
കടം വാങ്ങി സംസ്ഥാനം മുടിയുകയാണ്.കടമെടുപ്പ് പരിധിയും കവിയാറായി .ഡിസംബര്‍ വരെ ഇനി 11,500 കോടി രൂപ മാത്രമേ കടം വാങ്ങാന്‍് കഴിയൂ. അഞ്ചുമാസം മാത്രമേ ബാക്കിയുള്ളൂ. ഈ സാമ്പത്തിക വര്‍്ഷം ആകെ കടമെടുക്കാന്‍ കഴിയുക 20,521 കോടിയാണ്. ഡിസംബര്‍ വരെ 15,390 കോടിയും .
ഒന്നിനും പണമില്ലാതായതോടെ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയാണ്. ഗത്യന്തരമില്ലാതെ ധനവകുപ്പിനെതിരെ തിരിഞ്ഞിരിക്കുകയാണവര്‍. സര്‍ക്കാര്‍ ധനസഹായം നല്കാത്തതിനാല് ആണ് ശമ്പളം കൊടുക്കാത്തത് എന്ന് ഗതാഗതമന്ത്രിയും കെഎസ്ആര്‍ടിസി എംഡിയും പരസ്യമായിത്തന്നെ പറയുന്നു. കെഎസ്ആര്‍ടിസി ശമ്പളക്കാര്യത്തില്‍ കോടതിയുടെ അന്ത്യശാസനം വന്നതോടെ ധനവകുപ്പിനെതിരെ വിരല്‍ ചൂണ്ടി തടിതപ്പുകയാണവര്‍.
സപ്ലൈകോ കാലിയാണ്. നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ല. കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റ് മുതല്‍ ഇതുവരെ സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ സപ്ലൈകോയ്ക്ക് കിട്ടാനുള്ളത് 3,000 കോടി രൂപയാണ്. 70 വിതരണക്കാര്‍ക്ക് സപ്ലൈകോ പണം നല്‍കാനുണ്ട്. അതുകൊണ്ടു തന്നെ സപ്ലൈകോയുടെ ലേലത്തില്‍ പങ്കെടുക്കാന്‍ വിതരണക്കാരാരും തയ്യാറാകുന്നില്ല. അവര്‍ വിതരണം നിര്‍ത്തിവച്ചതോടെ സബ്സിഡി സാധനങ്ങള്‍ കിട്ടാതായി. വിലക്കയറ്റം രൂക്ഷമാകുന്ന അവസ്ഥയിലും വിപണിയില്‍ ഇടപെടാനാകാതെ പ്രതിസന്ധിയിലിലാണ് സപ്ലൈകോ. 1000 കോടി രൂപയെങ്കിലും കിട്ടിയാലേ പിടിച്ചു നില്‍ക്കാനാകൂ എന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടിക്കായി കാത്തിരിക്കുകയാണ് ഭക്ഷ്യവകുപ്പ്.
തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പദ്ധതികള്‍ നടപ്പിലാക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഉപഭോക്താക്കള്‍ പണത്തിനായി നിരന്തരം കയറിയിറങ്ങുന്നു.
ഇതിനുപുറമേയാണ് 15ശതമാനം ഡിഎ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടന രംഗത്തു വന്നത്. രണ്ട് സര്‍വീസ് സംഘടനകള്‍ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. പിരിവിനു ചെല്ലുമ്പോള്‍ ഡിഎ ചോദിക്കുന്നവരോടെല്ലാം സാമ്പത്തിക പ്രതിസന്ധി എന്ന സ്ഥിരം പല്ലവി പറഞ്ഞ് എത്രകാലം പിടിച്ചു നില്ക്കാനാകും എന്നതാണ് സിപിഎം അനുകൂല സംഘടനകള്‍ നേരിടുന്ന പ്രധാന പ്രശ്നം. എ.കെ.ആന്റണിയുടെ 32 ദിവസത്തെ സമരചരിത്രം പറഞ്ഞ് എത്രകാലം അണികളെ പിടിച്ചു നിര്‍ത്താനാകും.
പല ഭാഗങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങളിലും പ്രതിഷേധങ്ങളിലും കടുത്ത അതൃപ്തിയിലാണ് ധനവകുപ്പ്. നികുതി പിരിവില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. പക്ഷേ അവ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേരിടാന്‍ പര്യാപ്തമല്ല. റിസര്‍വ് ബാങ്കില്‍ നിന്നും കടമെടുത്തുകൂടിയാണ് ചെലവുകള്‍ നിര്‍വഹിച്ചു പോരുന്നത്. ഈ മാസവും 1500 കോടിയാണ് കടമെടുക്കുന്നത്. സാമ്പത്തിക സ്ഥിതി രൂക്ഷമായ ഈ സാഹചര്യത്തിലും വിവിധ വകുപ്പുകള്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് ധനവകുപ്പിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ധനമന്ത്രി പരസ്യമായി പ്രതികരിക്കുന്നില്ലെന്നു മാത്രം. പൂച്ച പെറ്റു കിടക്കുകയാണ് ഖജനാവില്‍.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴെല്ലാം ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതിനു പകരം പതിവു പല്ലവി ആവര്‍ത്തിക്കുകയാണ് ധനവകുപ്പ്. ജിഎസ്ടി കിട്ടാനുണ്ട്, കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ല, കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നൊക്കെ. എത്രകാലം ഇങ്ങനെ കടമെടുക്കും? കേന്ദ്രത്തെ പഴിച്ച് എത്രകാലം മുന്നോട്ടു പോകാനാകും? എത്രകാലം ജനങ്ങള്‍ ഇതെല്ലാം വിശ്വസിക്കും?
പൊതുജനങ്ങളുടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വരാനിരിക്കുന്ന ലോകകേരള സഭയ്ക്കു വേണ്ടി പണം വകയിരുത്താന്‍ സര്‍ക്കാര്‍ മറന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.