സാമ്പാർ കൊടുത്തില്ല -3500 രൂപ പിഴയിട്ട് കോടതി
1 min readമസാലദോശയ്ക്കൊപ്പം സാമ്പാർ കൊടുക്കാതിരുന്ന ഹോട്ടലിനാണ് പിഴ ചുമത്തിയത്
മസാല ദോശയ്ക്കൊപ്പം സാമ്പാർ വിളമ്പാത്ത ഹോട്ടലിന് പിഴയിട്ട് കോടതി. ബിഹാറിൽ നിന്നാണ് കൗതുകമുണർത്തുന്ന ഈ വിധിയുണ്ടായത്. 2022 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മനീഷ് പഥക് എന്ന അഭിഭാഷകന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. തന്റെ ജന്മദിനത്തിൽ അമ്മയ്ക്കൊപ്പം ഹോട്ടലിൽ എത്തിയ അഭിഭാഷകൻ സ്പെഷ്യൽ മസാലദോശ ഓർഡർ ചെയ്തു. 140 രൂപ വിലയുള്ള മസാല ദോശ പാർസലായി വാങ്ങി വീട്ടിൽ കൊണ്ടുപോയി. തുറന്നു നോക്കിയപ്പോൾ സാമ്പാറില്ല. ഇക്കാര്യം ഹോട്ടലിനെ അറിയിച്ചപ്പോൾ മോശമായാണ് അവർ പെരുമാറിയത്.
ഇതേ തുടർന്നാണ് മനീഷ് പഥക് കോടതിയെ സമീപിച്ചത്. നിയമ പോരാട്ടം 11 മാസം നീണ്ടു. ഒടുവിൽ ഹോട്ടലിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയ കോടതി 3500 രൂപ പിഴയിടുകയായിരുന്നു. ഇതിൽ 2000 രൂപ പരാതിക്കാരന്റെ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾക്കുള്ള നഷ്ടപരിഹാരമാണ്. 1500 രൂപയാകട്ടെ കോടതി ചെലവിനുള്ളതും.