ഇനി പ്രിയപ്പെട്ട ഫോണുകളുടെ വില ഉയരും ഒപ്പം പൊതു ചാര്‍ജ്ജര്‍ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
1 min readപൊതുചാര്‍ജര്‍ നയം സ്വീകരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും മറ്റ് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വൈകാതെ പൊതു ചാര്‍ജര്‍ നയം നടപ്പാക്കിയേക്കും .ഇത് സംബന്ധിച്ച പഠനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ വിദഗ്ധ ഗ്രൂപ്പുകളെ നിയോഗിക്കും. പൊതുചാര്‍ജര്‍ സംബന്ധിച്ച നയത്തിന് യൂറോപ്യന്‍ യൂണിയന് ഇതിനോടകം അംഗീകാരം നല്കി കഴിഞ്ഞു. ഇ വേസ്റ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം ഉപഭോക്താക്കളെ ചെലവ് ചുരുക്കാന്‍ സഹായിക്കുക കൂടിയാണ് നയത്തിന്റെ ലക്ഷ്യം. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിദഗ്ധ സംഘത്തെ രൂപികരിക്കാനുള്ള തീരുമാനം എടുത്തത്.
ഇലക്ട്രോണിക്സ് പ്രോഡക്ട്സ് ഇന്നവേഷന്‍ കണ്‍സോര്‍ഷ്യം ഫൗണ്ടേഷന് ചെയര്‍മാനും എച്ച്സിഎല്‍ സ്ഥാപകനുമായ അജയ് ചൗധരി, മാനുഫാക്ചേഴ്സ് അസോസിയേഷന് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (എംഎഐടി) പ്രസിഡന്റ് രാജ്കുമാര് ഋഷി, ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന് (ഐസിഇഎ) ചെയര്മാന് പങ്കജ് മൊഹീന്ദ്രൂ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് അപ്ലയന്‍സസ് മാനുഫാക്ചറേഴ്സ് അസോസിയേഷന് പ്രസിഡന്റ് എറിക് ബ്രാഗന്‍സ, ഇന്ത്യന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന് (ഐഇഇഎംഎ) പ്രസിഡന്റ് വിപുല്‍ റേ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് പിടിഎയുടെ റിപ്പോര്‍ട്ട് പറയുന്നത്.
ചാര്‍ജറുകളുടെ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് തന്റെതായ ഒരു സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ പൊതുചാര്‍ജര്‍ നിര്‍മ്മാണം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും മുന്‍പ് എല്ലാവരുടെയും അഭിപ്രായങ്ങള്‍ ചോദിക്കണമെന്ന് യോഗത്തില്‍ രോഹിത് പറഞ്ഞു. വ്യവസായം, ഉപയോക്താക്കള്‍, നിര്‍മാതാക്കള്‍, പരിസ്ഥിതി എന്നിങ്ങനെയുള്ള മേഖലകളില്‍ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല രാജ്യങ്ങളിലേക്കുമുള്ള ചാര്‍ജറുകള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്. കൂടാതെ വില കുറഞ്ഞ ഫീച്ചര്‍ ഫോണുകള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഉള്ളതും ഇവിടെയാണ്. പൊതുചാര്‍ജറുകള്‍ സംബന്ധിച്ച നയം നിലവില്‍ വന്നാല്‍ ഫീച്ചര്‍ ഫോണുകളുടെ വില വര്‍ധിക്കാനുള്ള സാധ്യതയും യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ആദ്യം വ്യത്യസ്ത തരത്തിലുള്ള ചാര്‍ജറുകളെ കുറിച്ച് ചിന്തിക്കാം. അതായത് യുഎസ്ബി ടൈപ്പ്സി, മറ്റ് ചില ചാര്‍ജറുകള്‍ എന്നിങ്ങനെ തരം തിരിച്ചുള്ളതിനെ കുറിച്ച് ആലോചിക്കാമെന്നും യോഗത്തില്‍ പറഞ്ഞു. മൊബൈല്‍, ഫീച്ചര്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, ടാബ്ലെറ്റുകള്, ധരിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള ചാര്‍ജിങ് പോര്‍ട്ടുകളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ രൂപികരിക്കുന്നത്.