മേലുദ്യോഗസ്ഥ പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച കെഎസ്ഇബി വര്‍ക്കറുടെ ആരോഗ്യനില മെച്ചപ്പെട്ടു

1 min read

പാലാ: കെഎസ്ഇബി പാലാ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വര്‍ക്കര്‍ ബിജുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

കെഎസ്ഇബി പാലാ ഡിവിഷന് കീഴില്‍ മരങ്ങാട്ടുപിള്ളി ഇലക്ട്രിക് സെക്ഷനിലാണ് ബിജു വര്‍ക്കറായി ജോലി ചെയ്യുന്നത്.

ഇദ്ദേഹത്തിന് സൗകര്യപ്രദമായ ഓഫീസിലേക്ക് ലഭ്യമായ സ്ഥലം മാറ്റം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാനുജാന്‍ നടപ്പാക്കാന്‍ തയ്യാറാകാതെ വന്നതാണ് ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെന്നും ബിജു വിശദീകരിക്കുന്നു.

ആത്മഹത്യാ ശ്രമത്തിന് മുമ്പ് ഓഫീസിലെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് ബിജു അയച്ച സന്ദേശത്തില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് എതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുമില്ല.

വര്‍ക്കര്‍ ബിജു ഉന്നയിച്ച ആരോപണങ്ങളെല്ലാം എക്‌സി ക്യൂട്ടീവ് എന്‍ജിനീയര്‍ ബാനുജാന്‍ നിഷേധിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തില്‍ പാലാ ഡിവിഷന്‍ ഓഫീസ് ഉപരോധിച്ചു.

കെഎസ്ഇബിയില്‍ വര്‍ക്കര്‍മാരെ കൊണ്ട് അമിതജോലികളാണ് ചെയ്യിച്ചുകൊണ്ടിരിക്കുന്നതെന്ന ആക്ഷേപവും ഇവര്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ട്. ലൈന്‍മാന്‍ മുതല്‍ വര്‍ക്കര്‍മാരെ തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ജോലി ചെയ്യിക്കുന്നതായും പരാതി ഉയരുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.