തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിക്കോ ലിറ്റററി സെന്റര്‍
1 min readതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ കോളേജ് യൂണിയനുമായി സഹകരിച്ച് മെഡിക്കോ ലിറ്റററി സെന്റര്‍ യാഥാര്‍ത്ഥ്യമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ഉപസമിതിയായ ഡോക്ടര്‍ പി കെ ആര്‍ വാര്യര്‍ മെഡിക്കല്‍ ഹ്യൂമാനിറ്റീസ് അക്കാദമിയുടെ പ്രഥമ സംരംഭമാണ് മെഡിക്കോ ലിറ്റററി സെന്റര്‍. ടെക്‌നോളജിയല്‍ മുന്നേറുന്ന സമയത്ത് ഡോക്ടര്‍മാരില്‍ മാനുഷിക മൂല്യങ്ങളും സമൂഹവുമായുള്ള ബന്ധവും കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ കോളേജ് ലൈബ്രറിയോട് ചേര്‍ന്നുള്ള നോളഡ്ജ് സെന്ററില്‍ മെഡിക്കോ ലിറ്റററി സെന്റര്‍ ആരംഭിച്ചത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും ഡോക്ടര്‍മാരുടെയും വായനാ ശീലവും സാഹിത്യാഭിരുചിയും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കുവാനും വായനയ്ക്കായി ഒരിടം ഒരുക്കുവാനുമാണ് മെഡിക്കോ ലിറ്റററി സെന്റര്‍ ആരംഭിച്ചത്. ഡോക്ടര്‍മാര്‍ വിവിധ ഭാഷകളില്‍ എഴുതിയ അക്കാഡമിക് അല്ലാത്ത കൃതികളും മറ്റു പാഠ്യേതര ഗ്രന്ഥങ്ങളും ശേഖരത്തിലുണ്ടാകും.
മെഡിക്കോ ലിറ്റററി സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഡോ. വി. വേണു IAS നിര്‍വഹിച്ചു.വായനാശീലം വളര്‍ത്തിയാല്‍ മാനുഷികമായി ബന്ധപ്പെടാനും ചികിത്സിക്കുമ്പോള്‍ അതേറെ സഹായകമാകുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ മുന്‍ ചീഫ് സെക്രട്ടറി ശ്രീ കെ ജയകുമാര്‍ IAS പറഞ്ഞു. അന്തര്‍ദേശീയ രംഗത്ത് ശ്രദ്ധിക്കപ്പെട്ട പല ബുക്കുകളും ഡോക്ടര്‍മാരുടെ സംഭാവനയായിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അക്കാദമി ചെയര്‍മാന്‍ ഡോ ബി ഇക്ബാല്‍ പറഞ്ഞു.
സമ്മേളനത്തില്‍ Col രാജീവ് മണാലി, Dr രാജാശേഖരന്‍ നായര്‍, Dr കെ.എ. കുമാര്‍, അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് Dr ജോണ്‍ പണിക്കര്‍, ലിറ്റററി സെന്റ്ര് ചെയര്‍പേഴ്‌സണ്‍ ഡോ. സുന്ദരേശന്‍, Dr കലാ കേശവന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധമായി കുടുംബ സംഘമം സംഘടിപ്പിച്ചു. ആര്‍മി മെഡിക്കല്‍ സര്‍വിസില്‍ സേവനമനുഷ്ഠിക്കുന്ന ലെഫ്റ്റണന്റ് കേണല്‍ ഡോ അജിത് നീലകണ്ഠന്‍, മേജര്‍ ജനറലായി വിരമിച്ച ഡോ ശബരിഗിരീഷ് എന്നിവര്‍ക്ക് വിശിഷ്ട പൂര്‍വ്വ വിദ്യാര്‍ത്ഥി അവാര്‍ഡ് നല്‍കി ആദരിച്ചു. മെഡിക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളായ, വിരമിച്ച 19 മെഡിക്കല്‍ കോളേജ് അധ്യാപകരേയും ആദരിച്ചു. ജോ. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കലാ കേശവന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മല്ലിക ഗോപിനാഥ് തുടങ്ങിയവരെ ആദരിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ‘അലുമ്‌നി കൊമ്പന്‍’ എന്ന നാടകം അവതരിപ്പിച്ചു.