എം.വി.ഗോവിന്ദന് 10 കോടിയുടെ മാനം
1 min readമാനമില്ലാതെ മുഖ്യമന്ത്രിയും കുടുംബവും മറ്റ് സിപിഎം നേതാക്കളും
തനിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത എം.വി.ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്. കേസു കൊടുത്ത് തന്നെ വിരട്ടാമെന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂവെന്നും നമുക്ക് കോടതിയില്‍ കാണാമെന്നും സ്വപ്ന സുരേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സ്വപ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
‘ഗാവിന്ദന്‍, കോടതിയിലേക്ക് സ്വാഗതം. ഇനി നമുക്ക,് കോടതിയില്‍ കാണാം. കേസ് കൊടുത്ത് വിരട്ടാമെന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂവെന്ന് അങ്ങയെ അറിയിക്കുന്നു. പത്ത് കോടി നഷ്ടപരിഹാരം ചോദിച്ച് കോര്‍ട്ട്ഫീ അടച്ച് സിവില്‍ കോടതിയിലും കേസ് കൊടുക്കണം എന്നാണ് എന്റെ അപേക്ഷ.
ഇത്തവണ മലയാളത്തില്‍ മാത്രമാണ് തന്റെ കുറിപ്പ്. ഇത് മലയാളിയായ ഗോവിന്ദനു വേണ്ടി മാത്രമാണ്. തന്റെ സന്ദേശം അദ്ദേഹം കൃത്യമായി മനസ്സിലാക്കണം. അതിനാണ് മലയാളത്തില്‍ കുറിച്ചത്.’സ്വപ്ന വ്യക്തമാക്കുന്നു.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് സ്വപ്ന സുരേഷിനെയും വിജേഷിനെയും ഒന്നും രണ്ടും പ്രതികളാക്കി എം.വി.ഗോവിന്ദന് തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഐപിസി 120ബി, ഐപിസി 500 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ഗോവിന്ദന്റെ ആവശ്യം. തുറന്ന കോടതിയില്‍ മജിസ്ട്രേറ്റിനു മൊഴിയും നല്കി ഗോവിന്ദന്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച പരാതിയില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന വെളിപ്പെടുത്തലുകളില്‍ നിന്നും പിന്തിരിയുന്നതിനായി കണ്ണൂര്‍ സ്വദേശി വിജേഷ്പിള്ള വഴി 30 കോടി രൂപ എം.വി.ഗോവിന്ദന് വാഗ്ദാനം ചെയ്തു എന്നായിരുന്നു സ്വപ്ന സുരേഷ് തന്റെ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഈ ആരോപണത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു എം.വി.ഗോവിന്ദന്റെ പരാതി. ഇതിനെതിരെയാണ് സ്വപ്ന സുരേഷ് എം.വി.ഗോവിന്ദനെ പരിഹസിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്.
മലയാളത്തില്‍ പറഞ്ഞാലേ എം.വി.ഗോവിന്ദന് മനസ്സിലാകൂ എന്നറിഞ്ഞുകൊണ്ടാണ് സ്വപ്ന മലയാളത്തില്‍ തന്നെ എഴുതിയത്. അല്ലെങ്കില്‍ അദ്ദേഹം തെറ്റിദ്ധരിച്ചാലോ. വലിയ സ്വീകാര്യതയാണ് സ്വപ്നയുടെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഇരട്ടച്ചങ്കത്തി, അഭിനവ ഉണ്ണിയാര്‍ച്ച, കേരളത്തിലെ പ്രതിപക്ഷ നേതാവ്, നിലപാടിന്റെ പെണ്‍കരുത്ത് എന്നൊക്കെയാണ് സ്വപ്നയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.
തോമസ് ഐസക്, കടകംപിള്ള സുരേന്ദ്രന്, ശ്രീരാമകൃഷ്ണന്, മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമല, മകള്‍ വീണ തുടങ്ങിയവര്‍ക്കെതിരെയെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു സ്വപ്ന സുരേഷ്. പാര്‍ട്ടി അനുമതി നല്‍കിയിട്ടും ഇവരൊന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തില്ല. കേസ് കൊടുക്കാന്‍ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തു. പിന്നെന്തുകൊണ്ട് കേസ് കൊടുത്തില്ല? ഇവര്‍ക്കൊന്നും മാനമില്ലേ? അതല്ല കാര്യം. ഉള്ള മാനം കൂടി പോകേണ്ടെന്നു കരുതിയാണ്. സ്വപ്ന ബാക്കിയുള്ളതും കൂടി തോണ്ടിയെടുത്ത് പുറത്തിട്ടാലോ? സ്വപ്നക്കെതിരെ പുസ്തകമെഴുതിയ ശിവശങ്കരന്റെ അവസ്ഥയൊന്നു ചിന്തിച്ചു നോക്കൂ? വേലിയിലിരിക്കുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്ത് വെയ്ക്കുന്നതെന്തിന്? ആ ചിന്ത പാവം ഗോവിന്ദനില്ലാതെ പോയി. എന്തു ചെയ്യാം? വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. കാത്തിരുന്നു കാണാം.