അരിക്കൊമ്പനോട് കാണിച്ചത് ക്രൂരത;പിന്നില്‍ വനം വകുപ്പിന്റെ ദുഷ്ടലാക്ക്
1 min read
അരിക്കൊമ്പന്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉള്‍വനത്തിലെത്തിയിട്ടും അരിക്കൊമ്പനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വിരാമമില്ല. അരിക്കൊമ്പനെതിരായ നീക്കം ഏതോ സ്ഥാപിത താല്പര്യക്കാര്‍ക്ക് വേണ്ടിയാണെന്ന് ജനം ഇപ്പോഴും വിശ്വസിക്കുന്നു.
വനത്തെയും വന്യജീവികളെയും സംരക്ഷിക്കേണ്ട വനം വകുപ്പിനോടാണ് എല്ലാവരുടെയും രോഷം. ശനിയാഴ്ച ഉച്ചയ്ക്കാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടരവരെയായി അഞ്ചുതവണ മയക്കുവെടിവെച്ചു. ഇപ്പോള്‍ ഇറക്കിവിട്ട സ്ഥലത്ത് നിന്ന് രണ്ടുകിലോമീറ്ററോളം അരിക്കൊമ്പന്‍ സഞ്ചരിച്ചുവെന്നാണ് റേഡിയോ കോളര്‍ പ്രകാരമുള്ള നിരീക്ഷണം. പെരിയാര്‍ റിസര്‍വില്‍ മേദകാനം ഭാഗത്താണ് ആന ഇപ്പോഴുള്ളത്.
അരിക്കൊമ്പന്‍ സംഭവത്തെക്കുറിച്ച് ഒരാനസ്‌നേഹിയുടെ പ്രതികരണം ഇങ്ങനെ…
വനംവകുപ്പുകാര്‍ക്ക് ഏത് വിധേനയും അരിക്കൊമ്പനെ പോലെയുള്ള അതിഗംഭീരനായ ഒരാനയെ കോടനാടുള്ള മരക്കൂട്ടില്‍ എത്തിച്ച് വര്ഷങ്ങളോളം ഭേദ്യം ചെയ്തു അവരുടെ ‘അഭിമാന കുങ്കി പടയില്‍ ചേര്‍ക്കണം എന്നായിരുന്നു ഉദ്ദേശ്യം. ജീവന്‍ പോയാലും ഇനി ഒരാനയെ പോലും ഔദ്യോഗിക അടിമ ജീവിതത്തിന് വിട്ടു കൊടുക്കില്ല എന്ന് ഞങ്ങളും തീരുമാനിച്ചിരുന്നു. അരിക്കൊമ്പന്റെ ഭൂപ്രകൃതി ആനത്താരയും ആനകളുടെ ആവാസ ഭൂമിയുമായിരുന്നു എന്നതിന്റെ കെട്ടു കണക്കിന് രേഖകളും തിരിച്ചു ആ ഭൂമി അതേ ആവശ്യത്തിന് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ള തെളിവുകളും ഞങ്ങള്‍ ഭ്രാന്ത് പിടിച്ചത്‌പോലെ ഓടി നടന്ന് ശേഖരിച്ച് കോടതി മുമ്പാകെ സമര്‍പ്പിച്ചു. കൂട്ടത്തില്‍ ചിന്നക്കനാല്‍
എലിഫന്റ് റിസേര്‍വ് ആക്കാനുള്ള അച്യുതാനന്ദന്‍ മന്ത്രി സഭയുടെ തീരുമാനത്തിന്റെ മിനിറ്റ്‌സും ഹാജരാക്കി. കൂട്ടത്തില്‍ പുനരധി വാസത്തിനു കണ്ടെത്തിയ ഭൂമിയുടെ വിവരങ്ങളും… ഇതെല്ലാം കണ്ട് ബോധ്യപ്പെട്ട കോടതി അരിക്കൊമ്പനെ ഒരു കാരണവശാലും നാട്ടാനയാക്കാന്‍ സാധിക്കില്ല എന്ന തീരുമാനമെടുത്തു . പകരം എന്ത് ചെയ്യാന്‍ സാധിക്കും എന്ന് തീരുമാനിക്കാന്‍ കമ്മിറ്റി ഓഫ് എക്‌സപേര്‍ട്‌സിനെ നിശ്ചയിച്ചു.. അവരുടെ സമഗ്രമായ അന്വേഷണത്തില്‍ ചിന്നക്കനാലില്‍ തന്നെ അരിക്കൊമ്പനെ നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കകം അവന്റെ പ്രാണന്‍ അവസാനിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതു കൊണ്ട് തന്നെ പിന്നീട് ഉള്ള ഒരേയൊരു പോംവഴി അവന്‍ ജീവിക്കുന്ന പ്രദേശത്തിന്റെ അതേ സ്വഭാവമുള്ള മറ്റൊരു വനഭൂമിയിലേക്ക് മാറ്റാം എന്ന തായിരുന്നു.. പലവട്ടം കോടതി ഈ കാര്യം ചര്‍ച്ച ചെയ്തു..ഇന്ന് അവന്‍ പെരിയാര്‍ ടൈഗര്‍ റിസേര്‍വ് ലെ ഉള്‍ക്കാട്ടിലേക്ക് യാത്രയായി..
അവന്റെ പ്രിയരായ കൂട്ടുകാര്‍, ഇണകള്‍, ഓമനക്കുഞ്ഞുങ്ങള്‍ അമ്മ വീണ മണ്ണ്, അവന്റെ കുളിര്‍ നിലങ്ങള്‍ , നിലം പറ്റിയുള്ള നിദ്രകള്‍ , അവന്റെ മഴ, കാട് അതിനോടുള്ള അവന്റെ കരുതല്‍ അവനെ കാവലായി കരുതിയ ഹൃദയമുള്ള മനുഷ്യര്‍,അവനോട്
ആനക്കലിയേക്കാള്‍ കത്തുന്ന പക പുലര്‍ത്തിയവര്‍ അവന്റെ പേരില്‍ കള്ള മരണക്കണക്ക് നിരത്തിയ വനം വകുപ്പിന്റെ, മാധ്യമങ്ങളുടെ അപഹാസ്യമായ ആക്രമണങ്ങള്‍ എല്ലാം ഇന്ന് അവന്‍ പുറകില്‍ ഉപേക്ഷിച്ച്,. ഭൂമിയിലെ എല്ലാ കാടുകളുടെയും നിരപരാധികളുടെയും ചെറുത്തു നില്‍പ്പും കരുത്തും അവസാന നിമിഷം വരെയും കാഴ്ച്ച വച്ച് തികച്ചും അപരിചിതമായ ഒരു വനാന്തരത്തിലേക്ക് മയക്കം വിടാത്ത കണ്ണുകളുമായി ചെന്ന് ചേര്‍ന്നിരിക്കുന്നു.. ഇനിയെന്ത്? മനുഷ്യരില്‍ നിന്നകന്ന് ആ ഇടത്തില്‍ ഒരു പ്രഭുവിനെപ്പോലെ അവന്‍ സന്തുഷ്ടനായി കഴിയുമോ ? അതോ എന്തെങ്കിലും പോരാട്ടത്തില്‍ മുറിവേറ്റോ വിശന്നോ തന്റെ പ്രിയരുടെ നഷ്ടത്തേക്കുറിച്ച് ഓര്‍ത്ത് ഹൃദയം തകര്‍ന്നോ അവന്‍ മരിച്ചു പോകുമോ? അറിയില്ല.. ഒന്ന് മാത്രം ഉറപ്പിക്കാം. അവന് ഒരാനയ്ക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യം നഷ്ടപ്പെടില്ല. അവന്‍ കുങ്കിയുടെയോ നാട്ടാനയുടെയോ ഗതി കെട്ട ജന്മയാതന അറിയേണ്ടി വരില്ല.
ചങ്ങല ചോരച്ചുറ്റായി അണിയേണ്ടി വരില്ല..
എന്നെ വിളിച്ചു സംസാരിച്ച എല്ലാവരും ആവര്‍ത്തിച്ചു പറഞ്ഞ ഒരാഗ്രഹമുണ്ട്.. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ അനധികൃത കുടിയേറ്റക്കാര്‍ പൂര്‍ണമായും ഒഴിഞ്ഞു പോയ ചിന്നക്കനാല്‍ മേഖലയിലെ ആനയിറങ്കല്‍ ഡാമിന്റെ കരയില്‍ നിന്ന് പിഴുതെടുത്ത പച്ചപ്പുല്‍ വെള്ളത്തില്‍ കഴുകിയെടുത്തു ആസ്വദിച്ചു കഴിക്കുന്ന തലയെടുപ്പുള്ള ഒരാനയുടെ രൂപം നമ്മള്‍ കാണുമോ?. കണ്ടേക്കാം.അന്ന് ‘അത് അരിക്കോമ്പനോ അവന്റെ ചങ്ക് ചക്കകൊമ്പനോ ‘എന്ന ചോദ്യം ഉണ്ടാവില്ല. കാരണം ആ കഴുത്തില്‍ ഉണ്ടാവുമല്ലോ സൂര്യപ്രകാശത്തില്‍ വെട്ടി ത്തിളങ്ങുമൊരു റേഡിയോ കോളേര്‍.. ആ സ്വപ്നം ഒരു സാധ്യതയുമാണ്.
6 ഡോസ് മയക്ക് മരുന്നിലും നില തെറ്റാതെ പൊരുതിയവനെന്തു വെറും 100 കിലോ മീറ്റര്‍ മടക്കയാത്ര.!!.