IPL കോലിപ്പടയ്ക്ക് വീണ്ടും തോല്‍വി, വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കൊത്ത

1 min read

ബെംഗളൂരു: ഐപിഎല്ലിലെ കരുത്തരുടെ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ കീഴടക്കി കൊല്‍ക്കത്ത. 21 റണ്‍സിനാണ് കൊല്‍ക്കത്ത ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് നിശ്ചിത 20ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സ്പിന്നര്‍മാരുടെ മികച്ച പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്. നാലു മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന് ശേഷമാണ് കൊല്‍ക്കത്ത വിജയവഴിയില്‍ തിരിച്ചെത്തുന്നത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് വെടിക്കെട്ടോടെയാണ് കോലിയും ഡുപ്ലെസിയും തുടങ്ങിയത്. ഇരുവരും ചേര്‍ന്ന് രണ്ടോവറില്‍ 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ മൂന്നാം ഓവറില്‍ ഡുപ്ലെസിയെ(17) ബാംഗ്ലൂരിന് നഷ്ടമായി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ സുയാഷ് ശര്‍മയാണ് വിക്കറ്റെടുത്തത്. പിന്നീടിറങ്ങിയ ഷഹ്ബാസ് അഹമ്മദ്(2), ഗ്ലെന്‍ മാക്‌സ്വെല്‍(5) എന്നിവര്‍ നിരാശപ്പെടുത്തി.

മഹിപാല്‍ ലൊംറോറുമൊത്ത് കോലി ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്ന കാഴ്ചയ്ക്കാണ് ചിന്നസ്വാമി സ്റ്റേഡിയം പിന്നീട് സാക്ഷിയായത്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100കടത്തി. ടീം സ്‌കോര്‍ 113 ല്‍ നില്‍ക്കേ മഹിപാല്‍ ലൊംറോറിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 18 പന്തില്‍ നിന്ന് 34 റണ്‍സെടുത്താണ് മഹിപാല്‍ മടങ്ങിയത്. കോലിയെ റസ്സലും പുറത്താക്കിയതോടെ ബാംഗ്ലൂര്‍ വീണ്ടും പ്രതിരോധത്തിലായി. 37 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 54 റണ്‍സെടുത്താണ് കോലി മടങ്ങിയത്.

ദിനേശ് കാര്‍ത്തിക്(22), സുയാഷ് പ്രഭിദേശായി(10), വാനിദു ഹസരങ്ക(5) എന്നിവര്‍ക്ക് ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കാനായില്ല. നിശ്ചിത 20ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സിന് ബാംഗ്ലൂരിന്റെ പോരാട്ടം അവസാനിച്ചു. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സുയാഷ് ശര്‍മ, ആന്ദ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. ഓപ്പണര്‍ ജേസണ്‍ റോയ് മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച റോയ് ആറാം ഓവറില്‍ സ്‌കോര്‍ അമ്പത് കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 83 ല്‍ നില്‍ക്കേ ഓപ്പണര്‍ ജഗദീശനെ(27) കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ഓവറിലെ അവസാനപന്തില്‍ ജേസണ്‍ റോയിയേയും പുറത്താക്കി വിജയകുമാര്‍ വൈശാഖ് കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി. 29 പന്തില്‍ നിന്ന് 56 റണ്‍സെടുത്താണ് റോയ് മടങ്ങിയത്.

പിന്നീട് വെങ്കടേഷ് അയ്യറും ക്യാപ്റ്റന്‍ നിതീഷ് റാണയും കൊല്‍ക്കത്തയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. 26 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത അയ്യറേയും 21 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത നിതീഷ് റാണയേയും വാനിദു ഹസരങ്കയാണ് പുറത്താക്കിയത്. പിന്നാലെ ആന്ദ്രേ റസ്സല്‍(1) വേഗം പുറത്തായി. എന്നാല്‍ റിങ്കു സിങ്ങിന്റേയും ഡേവിഡ് വീസേയുടേയും വെടിക്കെട്ട് പ്രകടനം കൊല്‍ക്കത്തയെ 200ലെത്തിച്ചു. റിങ്കു സിങ്ങ് 10 പന്തില്‍ നിന്ന് 18 റണ്‍സെടുത്തപ്പോള്‍ വീസെ 3 പന്തില്‍ നിന്ന് 12 റണ്‍സെടുത്തു.

ബാംഗ്ലൂരിനായി വിജയകുമാര്‍ വൈശാഖ്, വാനിദു ഹസരങ്ക എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി.

Related posts:

Leave a Reply

Your email address will not be published.