വസതി നന്നാക്കാന്‍ 45 കോടി: കേജരിവാള്‍ ജനങ്ങളെ പറ്റിച്ചെന്ന് മുന്‍ ലോകായുക്ത

1 min read

അധികാരം കിട്ടിയാല്‍ ആളുകള്‍ ഇത്രയും ദുഷിക്കുമോ? കേജരിവാളേ…

എന്തൊക്കയായിരുന്നു പറഞ്ഞത്. അഴിമതി വിരുദ്ധം, ലളിത ജീവിതം, സുതാര്യത, ഇപ്പോഴെല്ലാം എവിടെപ്പോയി. ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി നന്നാക്കാന്‍ 45 കോടി രൂപ. നിര്‍മ്മിക്കാനല്ല, നന്നാക്കാന്‍… അതുപോലെയുള്ള എത്ര വീട് ആ കാശ് കൊണ്ട് പുതുതായി ഉണ്ടാക്കാം. വിദേശത്ത് നിന്ന് ടൈലുകള്‍ ഇറക്കുമതി ചെയ്തും ഓര്‍ണമെന്റല്‍ ഫ്‌ളോറിംഗ് നടത്തിയും അടുക്കള നവീകരിക്കാന്‍ കോടികള്‍ ചെലവഴിച്ചും, എന്തൊരു ധൂര്‍ത്താണ് ഈ കാട്ടിയത്.

3.6 ലക്ഷം രൂപ മുതല്‍ 7.9 ലക്ഷം രൂപ വരെ ചെലവ് വരുന്ന 23 കര്‍ട്ടനുകള്‍ക്കാണ് ഓര്‍ഡര്‍ ചെയ്തത്. അതില്‍ തന്നെ 8 എണ്ണം വച്ചുകഴിഞ്ഞു. തലയില്‍ മഫ്‌ലറും കെട്ടി പഴയ ഒരു വാഗണറിലായിരുന്നു പണ്ട് മൂപ്പരുടെ നടപ്പ്. ആപ്പിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞയ്ക്ക് വന്നതോര്‍മയുണ്ടോ, പലരും ഓട്ടോറിക്ഷയിലാണ് വന്നത്. ഇപ്പോഴോ… ഇനിയും തീര്‍ന്നില്ല. കേജരിവാളിന്റൈ വീട്ടിലെ ചുവരിലെ ഫാബ്രിക്കേറ്റഡ് വുഡ് ചെയ്യാന്‍ 4.37 കോടി രൂപ. വിയറ്റ്‌നാമില്‍ നിന്ന് മാര്‍ബിള്‍ കൊണ്ടുവരാന്‍ 1.15 കോടി രൂപ.

കോവിഡ് രണ്ടാം തരംഗം വന്നപ്പോള്‍ ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടിയില്ലെന്ന് വിവാദം ഉണ്ടായതോര്‍ക്കുന്നുണ്ടോ. അന്നാണ് കെട്ടിട നിര്‍മാണത്തിന് 7 കോടി അനുവദിച്ചത്. കൃത്യമായി പറഞ്ഞാല്‍ 2020 സെപ്തംബര്‍ ഒന്നിന്. 2021 ജൂണ്‍ 8ന് ഒരു കോടി കൂടി അനുവദിച്ചു. 2021 ഒക്ടോബറില്‍ 9 കോടി കൂടി അനുവദിച്ചു. അതേ വര്‍ഷം ഡിസംബര്‍ 30ന് 5 കോടി കൂടി. ഡിസംബര്‍ 29ന് 9 കോടി കൂടി.

ആരാണ് കേജരിവാളെന്നും ആം ആദ്മി പാര്‍ട്ടിയെന്നും അറിയാമോ. തങ്ങള്‍ അധികാരത്തില്‍ സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസിക്കില്ലെന്നും പകരം ചെറിയ ഫല്‍റ്റുകളിലേ താമസിക്കൂ എന്നും 2013ല്‍ വീമ്പു പറഞ്ഞവര്‍. നാഴികയ്ക്ക് നാല്‍പതുവട്ടം ചെലവ് ചുരുക്കത്തെക്കുറിച്ചും ലളിത ജീവിതത്തെക്കുറിച്ചും സംസാരിച്ചവര്‍.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ അണ്ണാഹസാരെ സമരം ചെയ്തപ്പോള്‍ കാര്യക്കാരനായി നിന്ന കേജരിവാള്‍ പിന്നെ ആ തരംഗം മുതലാക്കി പാര്‍ട്ടി ഉണ്ടാക്കി. അന്നേ അണ്ണാഹസാരെ പറഞ്ഞതാണ് ഇവന്‍ ആളുശരിയല്ലെന്നു.

ഇന്ത്യയിലെ അഴിമതി നടത്തുന്ന നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കുമെതിരെ സമരം പ്രഖ്യാപിച്ച ആളായിരുന്നു അദ്ദേഹം. ലാലുവിന്റെ അഴിമതിക്കെതിരെ ശബ്ദിച്ചു. ഇപ്പോള്‍ ആര്‍.ജെ.ഡിയുമായി സഖ്യചര്‍ച്ച നടത്തുകയാണ്. ഏതായാലും വീട് നന്നാക്കലിലെ ധൂര്‍ത്ത് പുറത്തുവരുമെന്നായപ്പോള്‍ കേജരിവാളെന്താണ് ചെയ്തതെന്നോ, പത്രങ്ങളുടെ പത്രാധിപന്മാരെയൊക്കെ വിളിച്ചു ഈ വാര്‍ത്ത കൊടുക്കരുതെന്നു പറഞ്ഞു. പലര്‍ക്കും പണം വാഗ്ദാനം ചെയ്തു.

മുന്‍ ജസ്റ്റിസും ലോകായുക്തയുമായിരുന്ന സന്തോഷ് ഹെഗ്‌ഡെ ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നാണ് പ്രതികരിക്കുന്നത്. തുടക്കത്തില്‍ അരവിന്ദ് കേജരിവാളിന്റെ കൂടെ പ്രവര്‍ത്തിച്ചയാളാണിദ്ദേഹം.

ജസ്റ്റിസ് ഹെഗ്‌ഡെ പറയുന്നു… അയാളുടെ കൂടെ പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്കുണ്ടായിരുന്നു. ലളിത ജീവിതം, ഭരണത്തിലെ അഴിമതി എങ്ങനെ മാറണം എന്നൊക്കെ പറഞ്ഞിരുന്ന കേജരിവാള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആകെ നിരാശ ജനകമാണ് കാര്യങ്ങള്‍. സമൂഹത്തിലെ അഴിമതി തുടച്ചുമാറ്റാനുള്ള ചൂലായിരുന്നു ആപ്പിന്റെ ചിഹ്നം,

45 കോടി രൂപ മുഖ്യമന്ത്രിയുടെ വസതി നന്നാക്കാന്‍ ചെലവഴിക്കുക. ആ തുക കൊണ്ട് എന്തൊക്കെ ചെയ്യാം. ഇപ്പോള്‍ അതിനെ ന്യായീകരിക്കാനാണ് ആപ്പിലെ മന്ത്രിമാര്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ വീടിന് അതിനേക്കാള്‍ ചെലവായിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പ്രധാനമന്ത്രിയെ അനുകരിക്കാനാണോ ഇവര്‍ അധികാരത്തില്‍ വന്നത്? എന്തൊക്കയാണ് ഇവര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഞങ്ങള്‍ അധികാരം ദുരുപയോഗിക്കില്ല, ആഡംബരം കാണിക്കില്ല എന്നൊക്കെ.

ഏതായാലും അഴിമതിക്കാരായ ലാലുമാര്‍ക്കും യാദവുമാര്‍ക്കും ഒക്കെ നേതാവാകാന്‍ പറ്റിയ ആള്‍ തന്നെ കേജരിവാള്‍. വെറുതെയല്ല പലരും താങ്കളെ സംയുക്ത പ്രതിപക്ഷത്തിന്റെ നേതാവാക്കണമെന്ന് പറയുന്നത്. അതിനുള്ള യോഗ്യത താങ്കള്‍ക്കുണ്ടെന്ന് ഈ അഴിമതി രാജാക്കാന്മാര്‍ സര്‍ട്ടിഫിക്കറ്റ് തന്നിരിക്കുന്നു. കേജരിവാള്‍…. പിന്നെ കള്ളപ്പണക്കേസില്‍ പിടിയിലായ സത്യേന്ദ്രജെയിനും മദ്യക്കുമ്പകോണത്തില്‍ അകത്ത് കിടക്കുന്ന മനീഷ് സിസോദിയയും ജയിലില്‍ കിടന്ന് താങ്കള്‍ക്ക് എല്ലാ വിധ ധാര്‍മിക പിന്തുണയും നല്‍കും ജീ…

Related posts:

Leave a Reply

Your email address will not be published.