മാഞ്ഞുപോയത് കോഴിക്കോടിന്റെ അഭിനയമൊഞ്ച്
1 min readമാമുക്കോയ ഇനി ഓര്‍മ്മകളില്‍ മാത്രം
മാമുക്കോയയുടെ മരണത്തോടെ മറഞ്ഞുപോയത് കോഴിക്കോടിന്റെ അഭിനയമൊഞ്ചും തനതായ സംസാരശൈലിയുമാണ്. കോഴിക്കോടിന്റെ നിഷ്‌കളങ്കമുഖമായിരുന്നു എക്കാലത്തും മാമുക്കോയ. അഭിനയമികവു കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടിയ നടന്‍. അനുകരിക്കാനാവാത്ത സംസാര ശൈലിക്കുടമ. കോഴിക്കോട്ടെ മുസ്ലിം ഭാഷയുടെ മനോഹാരിതയെ സിനിമയില്‍ ജനകീയമാക്കിയത് മാമുക്കോയയാണ്. മാമുക്കോയയുടെ നമ്പൂതിരി പോലും സംസാരിച്ചിരുന്നത് കോഴിക്കോട്ടെ മുസ്ലിം ഭാഷയായിരുന്നു. അദ്ദേഹത്തിന്റെ ഡയലോഗുകള്‍ ഓര്‍ക്കാതെ ഒരു ദിവസം പോലും മലയാളിക്ക് കടന്നുപോകാനാവില്ല. തലമുറ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വീകാര്യനായിരുന്നു മാമുക്കോയ. ഒപ്പം എന്ന സിനിമയിലെ സെക്യൂരിറ്റിക്കാരന്‍, ഏതു മലയാളിയെയാണ് ചിരിപ്പിക്കാത്തത്.
സാധാരണക്കാരായ കുറേ മനുഷ്യര്‍ക്കൊപ്പം ജീവിക്കാന്‍ ഭാഗ്യം കിട്ടിയ വെറുമൊരു സാധാരണക്കാരനാണ് താനെന്ന് മാമുക്കോയ തന്നെ പറഞ്ഞിട്ടുണ്ട്. കോഴിക്കോട് അരക്കിണര്‍ സ്വദേശിയാണ് മാമുക്കോയ. കോഴിക്കോട്ടുകാരനായതില്‍ എന്നും അഭിമാനിച്ചിരുന്നു അദ്ദേഹം. കാരണം ഭക്ഷണം മാത്രമല്ല, സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും കൂട്ടായ്മയാണിവിടം. വലിയൊരു ലോകം തന്നെയാണത്. ബഷീര്‍, എസ്.കെ.പൊറ്റക്കാട്, എം.ടി, ബാബുരാജ് തുടങ്ങി വലിയൊരു സൃഹൃദവലയം തന്നെ അവിടെ അദ്ദേഹത്തിനുണ്ടായിരുന്നു.
പഠനകാലത്തു തന്നെ നാടക അഭിനയത്തില്‍ സജീവമായിരുന്നു മാമുക്കോയ. മരക്കമ്പനിയില്‍ മരങ്ങളുടെ അളവെടുക്കുക, മരങ്ങള്‍ക്ക് നമ്പറിടുക തുടങ്ങിയ ജോലികള്‍ ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. ഇതിനിടയില്‍ നാടകങ്ങളിലും അഭിനയിക്കും. കെ.ടി.മുഹമ്മദിന്റെയും മറ്റും നാടകങ്ങളിലൂടെയാണ് അദ്ദേഹം കലാലോകത്ത് സജീവമായത്. വൈക്കം മുഹമ്മദ് ബഷീറിന്റെ സഹായത്തോടെയാണ് സിനിമയില്‍ മുഖം കാണിക്കുന്നത്.
1979ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമിയാണ് മാമുക്കോയയുടെ ആദ്യ സിനിമ. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ സജീവസാന്നിധ്യമായിരുന്നു മാമുക്കോയ. ഹാസ്യകഥാപാത്രങ്ങളാണ് കൂടുതല്‍ കൈകാര്യം ചെയ്തിരുന്നത്. സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് മാമുക്കോയയുടെ പല കഥാപാത്രങ്ങളും തെളിയിച്ചിട്ടുണ്ട്. പെരുമഴക്കാലം എന്ന സിനിമയിലെ അബ്ദു എന്ന കഥാപാത്രം ഇതിനു തെളിവാണ്. ഈ കഥാപാത്രത്തിന് 2004ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിക്കുകയുണ്ടായി. 2008ല്‍ മികച്ച ഹാസ്യനടനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇന്നത്തെ ചിന്താവിഷയം ആയിരുന്നു സിനിമ. അദ്ദേഹം ഏറ്റവുമൊടുവിലഭിനയിച്ച സുലൈഖ മന്‍സില്‍ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ഉറച്ച നിലപാടുകളുള്ള വ്യക്തിയായിരുന്നു മാമുക്കോയ. കല്യാണകത്ത് അടിക്കാന്‍ പണമില്ലാത്തതിനാല്‍ കത്ത് എഴുതിയാണ് അദ്ദേഹം ആളുകളെ ക്ഷണിച്ചത്. ഇത്തരം ആവശ്യങ്ങള്‍ക്ക് പെണ്‍വീട്ടുകാരില്‍ നിന്നും പണം വാങ്ങുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. പക്ഷേ മാമുക്കോയ അതിനു തയ്യാറായിരുന്നില്ല. അതിനേക്കാള്‍ നല്ലത് പെണ്ണുകെട്ടാതിരിക്കുന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്. മനുഷ്യന്‍ എന്ന നാടകം ചെയ്യുന്ന സമയത്ത് അത് ശരിയത്തിന് എതിരാണെന്ന വിവാദമുയര്‍ന്നു. അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മാമുക്കോയയായിരുന്നു. ബാപ്പ ജീവിച്ചിരിക്കെ മകന്‍ മരിച്ചുപോയാല്‍ ആ മകന്റെ മക്കള്‍ക്ക് സ്വത്തിന് അവകാശമില്ല. ഇതായിരുന്നു നാടകത്തിന്റെ തീം. ഇത് അംഗീകരിക്കാന്‍ മാമുക്കോയ തയ്യാറായിരുന്നില്ല. ഇത് ശരീയത്ത് ആണെങ്കില്‍ പോലും താന്‍ അംഗീകരിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്റെ മകന്റെ മക്കള്‍ക്ക്് സ്വത്തില്‍ അവകാശമില്ലെന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ബന്ധവും മനുഷ്യത്വവും നോക്കാത്ത ഇത്തരം നിയമങ്ങള്‍ ശരിയല്ലെന്നുള്ള കാഴ്ചപ്പാടാണ് മാമുക്കോയ പുലര്‍ത്തിയിരുന്നത്.
ജീവിതത്തെ സധൈര്യം നേരിട്ട മാമുക്കോയ അര്‍ബാദ ബാധിതനായപ്പോഴും തളര്‍ന്നില്ല. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച അദ്ദേഹം 33 റേഡിയേഷനും 8 കീമോതെറാപ്പിക്കും വിധേയനായി. എന്നിട്ടും തളര്‍ന്നില്ല. എല്ലാം വരുന്നിടത്തുവച്ചു കാണാം എന്ന മനോഭാവമായിരുന്നു അദ്ദേഹത്തിന്. പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു.
വലിപ്പച്ചെറുപ്പമില്ലാതെ സൗഹൃദം കാത്തുസൂക്ഷിച്ച ഒരാളായിരുന്നു മാമുക്കോയ. മറ്റെല്ലാ കോഴിക്കോട്ടുകാരെയും പോലെ ഫുട്‌ബോളിനെ സ്‌നേഹിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. നിയോഗം പോലെ ഒരു ഫുട്‌ബോള്‍ മത്സരവേദിയില്‍വെച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുന്നതും തുടര്‍ന്ന് മരണത്തിലേക്ക് നടന്നു നീങ്ങിയതും.