നസീറും മധുവും ജയനുമൊന്നും തെമ്മാടികളായിരുന്നില്ല
1 min readതമ്പി കണ്ണന്താനത്തെപ്പോലെ, ഐ.വി.ശശിയെപ്പോലെ നട്ടെല്ലുള്ള സംവിധായകരില്ലാത്തതാണ് മലയാള സിനിമയുടെ പ്രശ്‌നം
മലയാള സിനിമ കുത്തഴിഞ്ഞ് നാഥനില്ലാ കളരിയായിട്ട് വര്‍ഷങ്ങളായി എന്ന് ശാന്തിവിള ദിനേശ്. സംവിധായകരും നിര്‍മ്മാതാക്കളും നടന്‍മാര്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. പി.ജി.വിശ്വംഭരനെപ്പോലെ, തമ്പി കണ്ണന്താനത്തെപ്പോലെ, ഐ.വി.ശശിയെപ്പോലെ നട്ടെല്ലുള്ള സംവിധായകരില്ലാത്തതാണ് മലയാള സിനിമയുടെ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മലയാള സിനിമയിലെ ചില നടീനടന്‍മാര്‍ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുള്ള ബി.ഉണ്ണിക്കൃഷ്ണന്റെ വാര്‍ത്താ സമ്മേളനം സൃഷ്ടിച്ച അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ല.
പ്രശ്‌നക്കാരായ നടന്‍മാരുടെ പേരുകള്‍ പ്രസക്തമല്ലെന്നുള്ള ഉണ്ണിക്കൃഷ്ണന്റെ വാക്കുകള്‍ തള്ളിക്കളയുകയാണ് ശാന്തിവിള ദിനേശ്. പേരുകള്‍ പ്രസക്തമാണെന്നും പ്രശ്‌നക്കാരായ നടന്‍മാരുടെ പേരുകള്‍ പറഞ്ഞില്ലെങ്കില്‍ ആളുകള്‍ ദുല്‍ഖറിനെയും പ്രണവിനെയും മറ്റും സംശയിക്കുന്ന സ്ഥിതിയുണ്ടാകും എന്നും അദ്ദേഹം പറയുന്നു. ഒരുപറ്റം ആളുകളെ ഇരുട്ടില്‍ നിര്‍ത്തുന്ന പരിപാടിയാണിത്.
തെമ്മാടിത്തരം കാണിക്കുന്നത് ഷൈന്‍ നിഗം എന്ന ചെറുക്കനാണ് എന്ന് ഉണ്ണിക്കൃഷ്ണന്‍ പറയണം. ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ലെന്ന് പറയണം. ഷറഫുദ്ദീന്‍ എന്നു പറയുന്ന ഒരുത്തനുണ്ട്. മൂന്ന് വെള്ളിയാഴ്ചയേ ആയിട്ടുളളൂ അവന്‍ വന്നിട്ട് എന്ന കാര്യം പറയണം. പോസ്റ്ററില്‍ ഇവരുടെയൊന്നും തല വെയ്ക്കരുതെന്നും അദ്ദേഹം പറയുന്നു. മലയാള സിനിമ എക്കാലത്തും താരകേന്ദ്രീകൃതമായിരുന്നു എന്ന ഉണ്ണിക്കൃഷ്ണന്റെ അഭിപ്രായത്തെയും ശാന്തിവിള ദിനേഷ് വിമര്‍ശിക്കുന്നു. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, നസീര്‍, മധു, ജയന്‍, എം.ജി.സോമന്‍ ഇവരുടെയൊക്കെ കാലത്ത് സിനിമ താരകേന്ദ്രീകൃതമായിരുന്നു. പക്ഷേ, ഇവരൊന്നും തെമ്മാടികളായിരുന്നില്ല.
താരങ്ങളുടെ പുറകെപോകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇവരെ അഭിനയിപ്പിക്കില്ല എന്നു തീരുമാനിക്കാനുള്ള നട്ടെല്ല് സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് വേണം.
പ്രശ്‌നക്കാരായ നടന്‍മാരെ വെച്ചാണ് സിനിമയെടുക്കുന്നതെങ്കില്‍ അത്തരം പടങ്ങള്‍ക്ക് കേരളത്തില്‍ തിയേറ്ററുകള്‍ നല്‍കില്ലെന്ന് തീരുമാനമെടുക്കണം. നടന്‍മാരുടെ മുന്നില്‍ തലകുനിക്കേണ്ട അവസ്ഥ സംവിധായകനോ നിര്‍മ്മാതാവിനോ വരരുത്. ഞങ്ങളുടെ മെമ്പറല്ല എന്ന് പറഞ്ഞ് അമ്മ കൈകഴുകുന്നത് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. അവര്‍ക്ക് നിര്‍ണായകമായ പ്രശ്‌നങ്ങള്‍ വന്നപ്പോഴൊക്കെ ഫെഫ്ക്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇടപെട്ടിട്ടുണ്ട്. ആ ഉത്തരവാദിത്തം അമ്മയും കാണിക്കണം.
വഴിയോരത്ത് സര്‍ക്കസ് കളിക്കാരന്‍ വെച്ചിരിക്കുന്ന കുരങ്ങന്‍മാരുടെ റോളേ നടീനടന്‍മാര്‍ക്കുള്ളൂ. ചാടെടാ കൊച്ചുരാമാ എന്നു പറയുമ്പോള്‍ ചാടാനും. ഇരിയെടാ കൊച്ചുരാമാ എന്നു പറയുമ്പോള്‍ ഇരിക്കാനും, കരയെടാ കൊച്ചുരാമാ എന്നു പറയുമ്പോള്‍ കരയാനും ഉള്ളറോളേ ഇവര്‍ക്കുള്ളൂ. നമ്മളാണ് താരങ്ങളെ ഉണ്ടാക്കുന്നത് എന്നബോധം സംവിധായകനും നിര്‍മ്മാതാവിനും എഴുത്തുകാരനും ഉണ്ടാകണം.
ഒരേഡേറ്റ് പലര്‍ക്കായി കൊടുക്കുന്നവരെയും മാറ്റി നിര്‍ത്തണം. എഗ്രിമെന്റില്ലാതെ അഭിനയിക്കാന്‍ ആരെയും അനുവദിക്കരുത്. കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ നീ അഭിനയിക്കേണ്ടാ എന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. സിനിമയുടെ ഓതര്‍ സംവിധായകനും നിര്‍മ്മാതാവും ആണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഒരു സെറ്റിലും ആര്‍ക്കും തലവേദനയുണ്ടാക്കിയിട്ടില്ല മോഹന്‍ലാല്‍. ഒരു സിനിമ വിജയിപ്പിക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന ആളാണ് ദിലീപ്.
ഷൈന്‍നിഗം മാത്രമല്ല, ആര്‍ഡിഎക്‌സിന്റെ സെറ്റിലുണ്ടായിരുന്ന മൂന്നുപേരും പ്രശ്‌നക്കാരായിരുന്നു എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. രാത്രി 10 മണിക്ക് വരാന്‍ പറഞ്ഞ ധീരജ് മാധവന്‍ എത്തിയത് പുലര്‍ച്ചെ 2 മണിക്ക്. രാവിലെ 7 മണിക്ക് എത്തേണ്ട ആന്റണി പെപ്പെ എത്തുന്നത് 10 മണിക്ക്. ഈസ്റ്റര്‍ ആഘോഷിക്കാന്‍ വീട്ടില്‍പോകാന്‍ പറ്റിയില്ല എന്നും പറഞ്ഞ് അവന്‍ പ്രശ്‌നമുണ്ടാക്കി. വിളിച്ചാല്‍ ഇവരൊന്നും ഫോണെടുക്കില്ല. ഇവരൊക്കെ കിടക്കുന്നത് നിര്‍മ്മാതാവിന്റെ ചെലവിലും. 18കോടി രൂപയാണ് ഈ സിനിമയ്ക്ക് ചെലവായത്.
സംവിധായകനോ, നിര്‍മ്മാതാവോ, എഴുത്തുകാരോ ഇത്തരം അഹങ്കാരികളായ നടന്‍മാരെ തേടിപോകരുത് എന്നുള്ള ഷിബു സുശീലന്റെ അഭിപ്രായത്തോടൊപ്പമാണ് ശാന്തിവിള ദിനേശ്. ഇത്തരം തന്റേടമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറയുന്നു. ജഗതി ശ്രീകുമാറിന് സുഖമില്ലാതായിട്ടും മലയാള സിനിമ മുന്നോട്ടുപോയില്ലേയെന്ന ഷിബുവിന്റെ വാക്കുകള്‍ അഭിനന്ദനീയമാണെന്നും അദ്ദേഹം പറയുന്നു.
പ്രശ്‌നക്കാരായ നടന്‍മാരെ ഒഴിവാക്കാനുള്ള ആര്‍ജ്ജവം സംവിധായകനും നിര്‍മ്മാതാവിനും ഉണ്ടായിരിക്കണം എന്നാണ് സിയാദ് കോക്കറിന്റെ വാദം.
അദ്ദേഹം പറയുന്നു ”15 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി ഡേറ്റ് കൊടുക്കാതെ ഒന്നരവര്‍ഷമായി ശ്രീനാഥ് ഭാസി ഒരു നിര്‍മ്മാവിനെ പറ്റിച്ചു. ഞാനാണെങ്കില്‍ ചെലവാക്കിയ കാശ്‌പോകട്ടെയെന്നു വെക്കും, അവന്റെ മുഖത്ത് ആസിഡൊഴിക്കും. എക്‌സ്ട്ര ഡേറ്റിന് അഡീഷണല്‍ കാശുകൊടുക്കരുത്. സിനിമ തൊഴിലായി കാണുന്നവര്‍ മാത്രം നിന്നാല്‍ മതി. അമ്മയും അമ്മായിയും സഹോദരിയും സെറ്റില്‍ വരാന്‍ സമ്മതിക്കരുത്. എഡിറ്റ് കാണിക്കരുത്. ഇവന്‍മാരില്ലെങ്കിലും നല്ല സിനിമയാണെങ്കില്‍ ഓടുമെന്നാണ് രോമാഞ്ചത്തിന്റെ കളക്ഷന്‍ തെളിയിക്കുന്നത്”.
ഷിബു സുശീലനെപ്പോലെ, സിയാദ് കോക്കറെപ്പോലെ നട്ടെല്ലു നിവര്‍ത്തി പറയൂ ഉണ്ണിക്കൃഷ്ണാ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. പത്രക്കാരുടെ മുന്നില്‍ ജാഡ വര്‍ത്തമാനം പറയുകയല്ല വേണ്ടത്. ഉത്തരം താങ്ങുന്ന പല്ലികളെ പോലെയാണ് ഈ നടന്‍മാര്‍. ഇവരെ മാറ്റിനിര്‍ത്താനുള്ള ആര്‍ജ്ജവം കാണിക്കൂ.