ജനസംഖ്യ ഇന്ത്യ ചൈനയുടെ മുമ്പിലെത്തി

1 min read

നമ്മുടെ ജനസംഖ്യ ജൂണില്‍ 142.86 കോടിയാകും

ഈ വര്‍ഷം ജൂണോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ചൈനയായിരിക്കില്ല. പകരം രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയായിരിക്കും ഇനി മുതല്‍ ജനസംഖ്യയില്‍ ഒന്നാമന്‍. ചൈനയേക്കാള്‍ 29 ലക്ഷം ജനസംഖ്യ ഇന്ത്യയില്‍ കൂടുതലായിരിക്കും. ഐക്യ രാഷ്ട്ര സംഘടന ഏജന്‍സിയായ യുണൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ടാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇതു പ്രകാരം അടുത്ത ജൂണില്‍ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായിരിക്കും. ഈ സമയത്ത് ചൈന ജനസംഖ്യ 142.57 കോടിയിലേക്ക് താഴും. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. എന്നാല്‍ രണ്ടാം സ്ഥാനക്കാരായ ചൈനയില്‍ നിന്നും വളരെ പിറകിലാണ് യു.എസ്.എ. അവരുടെ ജനസംഖ്യ ജൂണില്‍ 34 കോടിയായിരിക്കും. നിലവിലുളള കണക്കുകളെയും വളര്‍ച്ചാ നിരക്കിനെയും അടിസ്ഥാനപ്പെടുത്തി ഈ മാസം തന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് ജനസംഖ്യ പഠന വിദഗ്ദ്ധര്‍ പറഞ്ഞിരുന്നത്. എന്നാല്‍ യു.എന്‍.എഫ്.പി.എയുടെ റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച പരാമര്‍ശങ്ങളില്ല. ഏത് ദിവസമാണ് ഇന്ത്യ ചൈനയെ മറികടക്കുകയെന്നത് പറയാനാവില്ല. ഇന്ത്യയുടെ സെന്‍സസ് കണക്കുകള്‍ പുറത്തുവന്നിട്ടില്ല്. 2011ലെ സെന്‍സസ് കണക്കുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. കോവിഡ് കാരണം 2021ലെ സെന്‍സസ് നീണ്ടുപോയിരിക്കുകയാണ്.

കഴിഞ്ഞ കുറേ നാളായി ജനസംഖ്യാ നിയന്ത്രണത്തിനായി ഇന്ത്യ കാര്യമായി ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ജനസംഖ്യയിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 4.5ല്‍ നിന്ന് 2 ആയികുറയക്കുവാന്‍ നമുക്ക് സാധിച്ചിരുന്നു. അതായത് ഇന്ത്യയിലെ അമ്മമാര്‍ക്ക് ഉണ്ടാവുന്ന കുട്ടികളുടെ എണ്ണത്തിന്റെ ശരാശരിയാണിത്. ജനസംഖ്യ അതേ രീതിയില്‍ നിലനില്‍ക്കാന്‍ ടി.എഫ്.ആര്‍ നിരക്ക് 2.1 ആണ് വേണ്ടത്. ഇതിനേക്കാള്‍ 0.1 കുറവാണ് നമ്മുടെ നിരക്ക്. പല കാരണങ്ങളാലും കുട്ടികള്‍ ചെറുപ്പത്തില്‍ മരിക്കുന്നത് കൂടി കണക്കിലെടുത്താണ് റീപ്ലേസ്‌മെന്റ റേറ്റ് അഥവാ ജനസംഖ്യ അതേ പടി നില്‍ക്കാനായുള്ള ടി.എഫ്.ആര്‍ ആയി 2.1 നിശ്ചയിക്കപ്പെട്ടത്.

ചൈനയാണ് ഇന്ത്യയേക്കാള്‍ വേഗത്തില്‍ ജനസംഖ്യ നിയന്ത്രണ പരിപാടികള്‍ നടത്തുന്നത്. ഇന്ത്യ ബോധവത്കരണത്തിനാണ് ഊന്നല്‍ നല്‍കുന്നതെങ്കില്‍ നിയമനിര്‍മ്മാണവും സമ്മര്‍ദ്ദവും വഴിയാണ് ചൈന ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് 60 വര്‍ഷത്തിനിടയില്‍ ആദ്യമായി ചൈനയുടെ ജനസംഖ്യയില്‍ ഇടിച്ചിലുണ്ടായത്. ഇന്ത്യയുടെ ജനസംഖ്യ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി 1.2 ശതമാനമായിരുന്നു. അതിന് തൊട്ടുമുമ്പുള്ള പത്ത് വര്‍ഷം ഇത് 1.7 ശതമാനമായിരുന്നു.

ജനസംഖ്യ വര്‍ദ്ധനവിനെക്കുറിച്ചുള്ള ആശങ്ക ഇന്ത്യയില്‍ വളരെ വ്യാപകമായിരുന്നുവെന്ന് യു.എന്‍.എഫ്.പി.എ പ്രതിനിധി ആന്‍ഡ്രിയ വോനാര്‍ പറഞ്ഞു. ജനസംഖ്യാ വളര്‍ച്ചയെ ആശങ്കയോടെ കാണേണ്ട കാര്യമില്ലെന്നും മറിച്ച് ജനസംഖ്യാ വര്‍ദ്ധനവിനെ പുരോഗതിയുടെയും വികസനത്തിന്റെയും ചിഹ്നമായി കാണുകയുമാണ് വേണ്ടതെന്നും അവര്‍ പറയുന്നു. അതേ സമയം വ്യക്തികളുടെ അവകാശങ്ങളും തീരുമാനങ്ങളും ഉയര്‍ത്തിപ്പിടിക്കപ്പെടുകയും വേണം.

ജനസംഖ്യാ വര്‍ദ്ധനവിലെ മതപരമായ അസന്തുലിതാവസ്ഥ ഈയിടെ വ്യാപകമായ ചര്‍ച്ചകള്‍ക്കിടയായിരുന്നു. ഹിന്ദുക്കളും ക്രിസ്ത്യാനികളും ജനസംഖ്യ നിയന്ത്രണം പാലിച്ചപ്പോള്‍ പഴയതിനേക്കാള്‍ പുരോഗതിയുണ്ടെങ്കിലും മുസ്ലിം വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരുന്നു എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമര്‍ശങ്ങള്‍. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭാഗവതും ഇക്കാര്യം ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.