കെ.റെയില്‍ വരില്ല കേട്ടാ…
1 min readറെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ‘കെ.റെയില്‍ വരില്ല കേട്ടാ..’
അങ്ങനെ വന്ദേഭാരത് വന്നു. ഇനി എല്ലാവരുടെയും ചിന്ത കെ.റെയിലിന് എന്തു സംഭവിക്കും എന്നാണ്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ഥ ശങ്കയ്ക്കിടയില്ലാത്ത വണ്ണം പറഞ്ഞ വാക്കുകളാണ് കെ.റെയില്‍ വരും കേട്ടാ… എന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറയുന്നത് കെ.റെയിലിന്റെ ഡി.പി.ആര്‍ മാറ്റിത്തന്നാല്‍ പരിശോധിക്കാം എന്നാണ്. ഇപ്പോളത്തെ ഡി.പി.ആര്‍ സ്വീകാര്യമല്ല എന്നര്‍ഥം. കെ.റെയില്‍ സംബന്ധിച്ച കേരള റെയില്‍വേ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ രേഖകളിലെല്ലാം പറയുന്നത് കെ.റെയിലിന് റെയില്‍വേ ബോര്‍ഡിന്റെയും നീതി ആയോഗിന്റെയുമൊക്കെ അംഗീകാരം കിട്ടിയെന്നാണ്. അത് ശരിയല്ലെന്നു ഊട്ടിയുറപ്പിക്കുന്നതായിരുന്നു വൈഷ്ണവിന്റെ വാക്കുകള്‍.
വന്ദേഭാരത് വരുന്നതോടെ ആശ്വസിച്ച വലിയൊരു വിഭാഗമുണ്ട്. കെ.റെയില്‍ മൂലം കിടപ്പാടവും ജീവിതോപാധിയും നഷ്ടപ്പെടുന്നവര്‍. കെ.റെയില്‍ പദ്ധതിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ചങ്കിടിച്ചിട്ടുണ്ടാകുമെന്നതില്‍ സംശയമില്ലല്ലോ. ഇനി പുതിയ ഡി.പി.ആര്‍ ഉണ്ടാക്കുമ്പോഴും തങ്ങള്‍ക്ക് വല്ലതും തടയുന്ന വിധത്തിലെ അതിന്റെ ഗുണഭോക്താക്കള്‍ പദ്ധതി രൂപ രേഖ തയ്യാറാക്കൂ.
പക്ഷേ ഒരു കാര്യം വിവരമുള്ളവര്‍ക്ക് മനസ്സിലായി. വന്ദേഭാരത് വന്നതോടെ ഇനി കെ.റെയില്‍ ഉണ്ടാവില്ലെന്ന ആശ്വാസമുണ്ടായിരുന്നു. വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കല്ല, മറിച്ച് കാസര്‍കോട് വരെയുണ്ടെന്ന് ഉറപ്പിച്ചതോടെ ഇനി കെ.റെയില്‍ വരില്ലെന്നുറപ്പായി. ‘കെ.റെയില്‍ വരും കേട്ടാ..’ എന്നു പറഞ്ഞ മുഖ്യമന്ത്രിയോട് അവര്‍ പറയും ‘കെ.റെയില്‍ വരില്ല കേട്ടാ..’ എന്ന്.
വലിയ തയ്യാറെടുപ്പുകള്‍ തന്നെയാണ് കേന്ദ്രറെയില്‍വേ മന്ത്രാലയം വന്ദേഭാരത് എക്‌സ്പ്രസ്സിനായി നടത്തുന്നത്. തുടക്കത്തില്‍ എട്ടുകോച്ചുമായാണ് സര്‍വീസ് തുടങ്ങുക. ഈ മാസം 25ന് പ്രധാനമന്ത്രി ഫ്‌ളഗ് ഓഫ് ചെയ്യും. ഇപ്പോള്‍ രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിധത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ കുറച്ചു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്തു നിന്നും കാസര്‍കോട് നിന്നും ഒരേ സമയം പുറപ്പെടുന്ന രീതിയില്‍ രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. രണ്ടാമത്തെ ട്രയല്‍ റണ്ണും നടത്തിക്കഴിഞ്ഞു.
ഏറ്റവും പ്രധാനം ട്രാക്ക് നവീകരണമാണ്. അതിവേഗത്തിലുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ പുറത്ത് നിന്ന് സംസ്ഥാനത്തേക്ക് കടന്നാലുടന്‍ വേഗത കുറയുന്നു. കേരളത്തിലെ റെയില്‍ പാതയിലെ വളവുകളും തിരിവുകളുമാണ് ഇതിന് കാരണം.
ഇത് മൂന്നു ഘട്ടമായി ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതോടെ വളവുകള്‍ ഒട്ടുമിക്കതും ഇല്ലാതാകും. ഇതിന്റെ ഗുണം വന്ദേഭാരത് എക്‌സ്പ്രസ്സിന് മാത്രമല്ല കേരളത്തിലൂടെയോടുന്ന എല്ലാ ട്രെയിനുകള്‍ക്കും കിട്ടും. ഇതോടെ എല്ലാ ട്രെയിനുകളും വേഗത്തിലോടും. എത്ര സമയവും മാനവ വിഭവവും ആണ് ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത്. സ്ഥലമേറ്റെടുക്കേണ്ട ആവശ്യമില്ലാത്ത സ്ഥലങ്ങളിലാണ് ആദ്യം നവീകരണം നടത്തുക. തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലങ്ങളില്‍ അത് ചെയ്ത ശേഷം നവീകരണ പ്രവര്‍ത്തനം നടത്തും.
ഇപ്പോള്‍ 8090 കിലോമീറ്റര്‍ വേഗമാണ് ശരാശരി നമ്മുടെ റെയിലുകള്‍ വഴി കിട്ടുന്നത്. ആദ്യഘട്ടത്തില്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ ഇവിടെത്തെ നവീകരണം നടക്കും. അതോടെ 110 കിലോ മീറ്റര്‍ വേഗത കിട്ടും.
രണ്ടാംഘട്ടം വളവുകള്‍ നികത്താന്‍ സ്ഥലം ഏറ്റെടുത്ത ശേഷമുള്ള വികസനമാണ്. ഇതോടെ വേഗത ശരാശരി 130 കിലോമീറ്ററാകും. രാജ്യത്ത് നിലവില്‍ 130 കിലോമീറ്റര്‍ ശരാശരി വേഗതയാണുള്ളത്. മൂന്നാം ഘട്ട നവീകരണമാവുമ്പോള്‍ വേഗത 160 കിലോമീറ്റര്‍ ആവും. അതായത് ഏതാണ്ട് അഞ്ച് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താം. 200 കിലോമീറ്റര്‍ വേഗത അവകാശപ്പെട്ട സില്‍വര്‍ ലൈന്‍ നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തും എന്നാണ് അവകാശപ്പെട്ടിരുന്നത്. ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തനത്തിന് 381 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ഒരു പക്ഷേ തുടര്‍ഘട്ടങ്ങളില്‍ സ്ഥലമെടുപ്പ് വേണ്ടി വരുന്നതിനാല്‍ കൂടുതല്‍ തുക വേണ്ടിവന്നേക്കാം.
എന്നാലും കെ.റെയിലിനേക്കാള്‍ എത്ര ലാഭം. കെ.റെയിലിന് 63941 കോടി രൂപ ചെലവാകുമെന്നാണ് രേഖകളില്‍ പ്രസിദ്ധപ്പെടുത്തിയതെങ്കിലും അത് 1,26,081 കോടി രൂപയെങ്കിലുമാകുമെന്നാണ് വിദഗ്ദ്ധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത് ഒരു കിലോമീറ്ററിന് 238 കോടി രൂപ. കെ.റെയില്‍ പുതിയ പാതയാണ്. അത് പുതിയ സ്ഥലത്തുകൂടെ. നിരവധി വീടുകള്‍ പൊളിക്കേണ്ടി വരും. മറ്റ് കെട്ടിടങ്ങള്‍ പോകും. കൃഷി സ്ഥലങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളും നഷ്ടമാകും. പാടശേഖരങ്ങള്‍ നഷ്ടപ്പെടുന്നത് അനവധിയാണ്. ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെയാണിത് പോവുന്നത്. പലയിടത്തും ജലാശയങ്ങളും തണ്ണീര്‍തടങ്ങളും നികത്തേണ്ടി വരും. കൊച്ചുകേരളത്തില്‍ ദുരന്തം മാത്രം നല്‍കുന്ന ഈ പാതയ്ക്കായി 4000ല്‍ അധികം ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും.
പാത നവീകരണം നടക്കുന്നതോടെ എല്ലാ ട്രെയിനുകള്‍ക്കും വേഗത കൂടുമെന്നതിനാല്‍ പിന്നെ ഒരു കെ.റെയില്‍ എന്തിനെന്ന ആവശ്യമാണുയരുന്നത്. ആദ്യം 2020ല്‍ തുടങ്ങി 2025ല്‍ പണി തീരുന്ന വിധത്തിലായിരുന്നു കെ.റെയില്‍ വിഭാവനം ചെയ്തിരുന്നത്. കെ.റെയിലിനും ആദ്യം 9 കോച്ചുകളാണ് പ്രതീക്ഷിച്ചിരുന്നത്. അതായത് 675 പേരെ ഉള്‍ക്കൊള്ളാന്‍ പറ്റും. ഇനി ഏതായാലും കെ.റെയില്‍ വരില്ല എന്നു നമുക്ക് പ്രതീക്ഷിക്കാം. കെ.റെയിലിന് സ്ഥലമേറ്റുടുക്കുന്ന ഭൂപ്രദേശങ്ങളുടെ ചുറ്റിലും പലരും സ്ഥലങ്ങള്‍ വാങ്ങിക്കഴിഞ്ഞു. കെ.റെയിലിന് ചുറ്റും വാണിജ്യ സംരംഭങ്ങള്‍ തുടങ്ങുമെന്നും അവകാശവാദമുണ്ടായിരുന്നു. കച്ചവടമായിരുന്നു അവരുടെ താല്‍പര്യം എന്നു വ്യക്തം. അതുപോലെ പദ്ധതി നടത്തുന്ന ഏജന്‍സികളെക്കുറിച്ചും വിവാദമുണ്ടായിരുന്നു. ഇനി എങ്ങനെ കെ റെയില്‍ വരും. ഇനി കച്ചവടത്തിനു മാത്രമായി ഒരു റെയില്‍ കൊണ്ടുവരാന്‍ കഴിയുമോ.