അതീഖ് അഹമ്മദിന്റെ കൊലപാതകം: പൊലീസിനോട് ജാഗ്രത പാലിക്കാൻ നിർദേശിച്ച് യോഗി ആദിത്യനാഥ്
1 min readസംസ്ഥാനമൊട്ടാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
ലക്നൗ : കൊടും കുറ്റവാളിയും രാ്ഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിനു പിന്നാലെ പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതീഖിന്റെ കൂട്ടാളികൾ അക്രമം നടത്താൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പു വരുത്താനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഘർഷ സാദ്ധ്യത പരിഗണിച്ച് അതീവ ജാഗ്രതയിലാണ് സംസ്ഥാനം. സംഘർഷ സാദ്ധ്യതയുളള സ്ഥലങ്ങളിൽ പൊലീസ് കർശന പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനമൊട്ടാകെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിനു പിന്നിൽ പൊലീസാണെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾക്ക് ചെവി കൊടുക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്ന് പൊലീസും അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ഹോം സെക്രട്ടറി, ഡിജിപി എന്നിവരുമായി മുഖ്യമന്ത്രി യോഗം ചേർന്നിരുന്നു.
ഇന്നലെ രാത്രിയാണ് അതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും കൊല്ലപ്പെട്ടത്. ഉമേഷ്പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത മൂന്നു പേരെയും ചോദ്യം ചെയ്തു വരികയാണ്.