‘ആ കാലമൊക്കെ കഴിഞ്ഞു, രാജ്യത്തിന്റെ ഒരു തുണ്ട് ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല’ ചൈനക്ക് മറുപടിയുമായി അമിത് ഷാ

1 min read

ഇറ്റാനഗര്‍: ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരുണാചല്‍പ്രദേശില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ചൈന അടക്കമുള്ള രാജ്യങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ജാവ് ജില്ലയിലെ കിബിത്തൂവില്‍ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമില്‍ സംസാരിക്കവേയായിരുന്നു അമിത് ഷായുടെ ശക്തമായ പ്രതികരണം. ‘ഇന്ത്യന്‍ ഭൂ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കടക്കാവുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി പോലും ആര്‍ക്കും വിട്ടുകൊടുക്കില്ല’ അമിത് ഷാ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു. വടക്കു കിഴക്കന്‍ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 12 ടേമുകളിലായി കോണ്‍ഗ്രസ് ചെയ്തതിനേക്കാള്‍ കൂടുതല്‍ വികസനം മോദി സര്‍ക്കാര്‍ അതിര്‍ത്തി മേഖലകളില്‍ നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ അരുണാചലില്‍ എത്തിയത്. ഇതാദ്യമായാണ് ഷാ സംസ്ഥാനത്ത് സന്ദര്‍ശനത്തിന് എത്തുന്നത്. അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ ചൈന ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം ബെയ്ജിങിന്റെ പ്രാദേശിക പരമാധികാരത്തിന്റെ ലംഘനമാണെന്നും ചൈന പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ശക്തമായ ഭാഷയിലുള്ള ഷായുടെ മറുപടി.

അരുണാചലിനെ സാങ്‌നാന്‍ എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. ഈ പ്രദേശം ചൈനയുടേതാണ് എന്നാണ് അവരുടെ അവകാശവാദം. ഷായുടെ സന്ദര്‍ശനം അതിര്‍ത്തിയിലെ സമാധാനത്തിന് യോജിച്ചതല്ലെന്ന നിലപാടിലാണ് ചൈന.

Related posts:

Leave a Reply

Your email address will not be published.