ഒരാവശ്യം വന്നാൽ വിൽക്കാൻ പറഞ്ഞ് അമ്മ രേഖാമൂലം എന്റെ പേരിലാക്കി തന്നതാണ് വീട് : വീട് വിൽപനയിൽ പ്രതികരിച്ച് സുഗതകുമാരിയുടെ മകൾ ലക്ഷ്മീദേവി

1 min read

വീട് തന്നെ സ്മാരകമാക്കണമെങ്കിൽ അപ്പൂപ്പൻ ബോധേശ്വരനും അമ്മൂമ്മ കാർത്യായനിയമ്മയും നിർമ്മിച്ച അഭയ എന്ന വീടാണ് നല്ലതെന്നും ലക്ഷ്മി പറഞ്ഞു.
തിരുവനന്തപുരം : കവയിത്രി സുഗതകുമാരിയുടെ വരദ എന്ന വീട് വിറ്റതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി മകൾ ഡോ.ലക്ഷ്മീദേവി രംഗത്തെത്തി. ആ വീട് അച്ഛൻ പണിതതാണ്. വരദ എന്ന വീട് സ്മാരകമാക്കണം എന്നു പറഞ്ഞ് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ തന്നെ സമീപിച്ചിട്ടില്ലെന്ന് ഡോ.ലക്ഷമീദേവി. വാഹനം കയറ്റാൻ കഴിയാത്തതിനാൽ വർഷങ്ങൾക്കുമുമ്പേ താൻ വരദയിൽ നിന്ന് താമസം മാറ്റിയിരുന്നു. അമ്മയുടെ മരണശേഷം കഴിഞ്ഞ രണ്ടര വർഷമായി വീട് അടഞ്ഞു കിടക്കുകയായിരുന്നു. ദ്രവിച്ച് നശിക്കാൻ തുടങ്ങിയപ്പോഴാണ് വിൽക്കാൻ തീരുമാനിച്ചത്. ഏക അനന്തരാവകാശി എന്ന നിലയിൽ ആ വീട് വിൽക്കാൻ തനിക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും അവർ പറഞ്ഞു. വീട് നശിക്കില്ലെന്നും മരങ്ങൾ മുറിച്ചു മാറ്റില്ലെന്നും ഉറപ്പുള്ളവർക്കാണ് അത് വിറ്റത്. പൊളിച്ചു മാറ്റിയ ഔട്ട്ഹൗസ് താൻ ഉണ്ടാക്കിയതാണ്. അമ്മ ഔട്ട്ഹൗസിലിരുന്ന് എഴുതിയിട്ടില്ല.
വരദ വിറ്റുപോയപ്പോൾ പലതരം ഭീഷണികൾ തനിക്ക് നേരിടേണ്ടി വന്നതായും വീട്ടിൽ ആരെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുന്നതായും അവർ അറിയിച്ചു. അമ്മ മരിച്ചിട്ട് ഇത്രകാലവും തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോൾ സുഗതകുമാരി എന്ന വികാരം ഇളക്കിവിട്ട് ബഹളം വെയ്ക്കുന്നത്. വരദയ്ക്ക് മലയാളികൾ ഊഴം വെച്ച് കാവലിരിക്കണമെന്നാണ് സൂര്യകൃഷ്ണമൂർത്തി പറഞ്ഞത്. എന്നാൽ അമ്മ നിയമപരമായി തനിക്ക് നൽകിയ സ്വത്തിൽ ഇടപെടാൻ സൂര്യകൃഷ്ണമൂർത്തിക്ക് അവകാശമില്ലെന്നായിരുന്നു ഡോ.ലക്ഷ്മിയുടെ പ്രതികരണം.
വീട് തന്നെ സ്മാരകമാക്കണമെങ്കിൽ അപ്പൂപ്പൻ ബോധേശ്വരനും അമ്മൂമ്മ കാർത്യായനിയമ്മയും നിർമ്മിച്ച അഭയ എന്ന വീടാണ് നല്ലതെന്നും ലക്ഷ്മി പറഞ്ഞു. അമ്മയുടെ വലുതും ചെറുതുമായ പുരസ്‌കാരങ്ങൾ, പുസ്തകങ്ങൾ, കത്തുകൾ, ഉപയോഗിച്ച കട്ടിൽ, എഴുതാനിരുന്ന മേശ, കസേര, വസ്ത്രങ്ങൾ തുടങ്ങി എല്ലാം എടുത്തുവെച്ചിട്ടുണ്ട്. സ്മാരകം വരികയാണെങ്കിൽ സാംസ്‌കാരിക വകുപ്പ് ആവശ്യപ്പെടുന്ന മുറയ്ക്ക് എല്ലാം അവരെ ഏല്പിക്കുമെന്നും ഡോ.ലക്ഷ്മി അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.