ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് നിര്‍ദേശം നല്കാന് ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘം
1 min readലക്നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് നിര്‍ദേശം നല്കാന് ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘം. രാമനവമിയില്‍ രാംലാലയില്‍ സൂര്യരശ്മികള്‍ പതിക്കുന്ന രീതിയിലാണ് ക്ഷേത്രനിര്‍മ്മാണം. ഇതിനനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കാനാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘം എത്തുന്നത്.
ബഹിരാകാശ വകുപ്പിലെയും മറ്റ് സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ട്രസ്റ്റ് അംഗം കാമേശ്വര് ചൗപാല്‍ പറഞ്ഞു. ഇതനുസരിച്ച് രാംലാലയുടെ വിഗ്രഹത്തിന്റെ ഉയരവും തീരുമാനിക്കും. 2023 ഡിസംബറോടെ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിലെ അംഗമായ പരമാനന്ദ ഗിരി മഹാരാജ് പറഞ്ഞു. 2024 ജനുവരിയില്‍, സൂര്യന് ഉത്തരായനത്തിലായ ശേഷം, രാംലാലയുടെ വിഗ്രഹം ശ്രീകോവിലില്‍ പ്രതിഷ്ഠിക്കും.
രാമക്ഷേത്രപരിസരത്ത് പഞ്ചദേവ് ക്ഷേത്രവും നിര്‍മ്മിക്കുന്നുണ്ട് . ഈ ക്ഷേത്രത്തില്‍ ഗണപതി, മാ ഭവാനി, ഭഗവാന് ശങ്കരന്, ഹനുമാന്, സൂര്യദേവന്, കൂടാതെ വനവാസകാലത്ത് ശ്രീരാമനുമായി സമ്പര്‍ക്കം പുലര്‍ത്തിയ സന്യാസിവര്യന്മാരുടെ പ്രതിഷ്ഠകളും ഉണ്ടാകും. മാതാ ശബരി, ജടായു, നിഷാദ് രാജ്, അഗസ്ത്യ മുനി, വിശ്വാമിത്ര മുനി, വസിഷ്ഠ മഹര്‍ഷി, വാല്മീകി, ദേവി അഹല്യ തുടങ്ങിയവരുടെ വിഗ്രഹങ്ങളാകും സ്ഥാപിക്കുക.
പഞ്ച്ദേവ് ക്ഷേത്രം മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മ്മിക്കുക. ആദ്യഘട്ട നിര്‍മാണത്തിനുള്ള അടിത്തറ പാകി. പഞ്ചദേവ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ശേഷം, ഭക്തര്‍ക്ക് രാംലാലയെ ദര്‍ശിക്കാനും പ്രദക്ഷിണം ചെയ്യാനും പഞ്ച്ദേവ് ക്ഷേത്രത്തില്‍ ആരാധിക്കാനും കഴിയും. 2025 ഓടെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്.