ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി; ചരിത്രത്തിലാദ്യമെന്ന് സഭാ നേതൃത്വം
1 min readഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി.
ന്യൂഡൽഹി : ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകുന്നേരം അഞ്ചരയോടെയാണ് ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. സന്ദർശന വിവരം മുൻകൂട്ടി അറിയിച്ചിരുന്നു. ആർച്ച് ബിഷപ്പും മുതിർന്ന പുരോഹിതൻമാരും ചേർന്ന് പ്രധാനമന്ത്രിയെ ദേവാലയത്തിലേക്ക് സ്വീകരിച്ചു. പള്ളിയുടെ കവാടത്തിൽ ഷാളും ബൊക്കെയും നൽകിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
മെഴുകുതിരി കത്തിച്ച് പ്രധാനമന്ത്രി പ്രാർത്ഥനയിൽ പങ്കെടുത്തു. പള്ളിയിലെ ഗായകസംഘം പ്രധാനമന്ത്രിക്കു വേണ്ടി മൂന്ന് ഗാനങ്ങൾ ആലപിച്ചു. കൂപ്പുകൈകളോടെ ധ്യാന നിമഗ്നനായാണ് അദ്ദേഹം അവ ആസ്വദിച്ചത്. പിന്നീട് ഗായകസംഘത്തിലെ അംഗങ്ങളെ പരിചയപ്പെടുകയും പുരോഹിതരോട് ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു.
കന്യാസ്ത്രീകളും സഭാപുരോഹിതരും ഏതാനും ചില വിശ്വാസികളുമാണ് ദേവാലയത്തിലുണ്ടായിരുന്നത്. 20 മിനിട്ടോളം ദേവാലയത്തിൽ ചെലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. സന്ദർശനത്തിൽ അദ്ദേഹം അങ്ങേയറ്റം സന്തോഷവാനായാണ് കാണപ്പെട്ടതെന്നും സഭാ പുരോഹിതൻ പറഞ്ഞു. സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പള്ളിക്ക് പുറത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. സഭയുടെ വകയായി ക്രിസ്തുവിന്റെ രൂപം ഉപഹാരമായി നൽകി.
മോദിയുടെ സന്ദർശനം ആത്മവിശ്വാസം നൽകുന്നുവെന്നും ആ സന്ദർശനം ഉണ്ടാക്കുന്ന പ്രത്യാഘാതം പറയാൻ കഴിയില്ലെന്നും ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് അറിയിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളിയിൽ എത്തുന്നതെന്നും അതു നൽകുന്ന സന്ദേശം വലുതാണെന്നും സഭാനേതൃത്വം അറിയിച്ചു.