മുഖ്യന്ത്രിയുടെ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും; വിശ്വാസ്യത നഷ്ടമായെന്ന് ഹർജിക്കാരൻ
1 min readലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദുമാണ് വിരുന്നിൽ പങ്കെടുത്തത്
തിരുവനന്തപുരം : മുഖ്യന്ത്രി സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചത്. ഇതിലാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പങ്കെടുത്തത്. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസ് ലോകായുക്തയുടെ പരിഗണനയിലിരിക്കെ കേസ് കേൾക്കുന്ന ജസ്റ്റിസുമാർ വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലുള്ള വിശ്വാസം നഷ്ടമായെന്ന് കേസിലെ പരാതിക്കാരനായ ആർ.എസ്.ശശികുമാർ പറഞ്ഞു.
ഇരുവരും മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തത് ജുഡീഷ്യറിയെ അവഹേളിക്കുന്നതിന് തുല്യമാണ്. ലോകായുക്ത വിധിക്കുള്ള നന്ദി സൂചിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി ഇരുവരെയും വിരുന്നിന് ക്ഷണിച്ചത്. വിരുന്നിൽ നിന്നും വിട്ടുനിൽക്കാനുള്ള ഔചിത്യം ഇരുവരും കാണിക്കണമായിരുന്നുവെന്നും ശശികുമാർ പറയുന്നു.
ദുരിതാശ്വാസ നിധി വകമാറ്റിയതിനെച്ചൊല്ലി മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നൽകി ഭിന്നവിധി പുറപ്പെടുവിച്ച് കേസ് ഫുൾബഞ്ചിന് വിട്ടത് ഈ ജസ്റ്റിസുമാരായിരുന്നു. കേസ് ഈ മാസം 12-ാം തീയതി ലോകായുക്ത ഫുൾബഞ്ച് പരിഗണിക്കാനിരിക്കുകയാണ്. അതിനു മുമ്പ് ഇരുവരും മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിലെ അനൗചിത്യമാണ് പരാതിക്കാരനായ ശശികുമാർ ചോദ്യം ചെയ്യുന്നത്.
കേസ് ഫുൾബഞ്ചിന് വിട്ടതിനെതിരെ ശശികുമാർ ലോകായുക്തയിൽ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്.