യുവാവിനെ കാറിടിച്ചു കൊല്ലാൻ ശ്രമം; പരിക്കേറ്റയാൾക്ക് പരാതിയില്ല
1 min readനിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മനു.
കൊല്ലം : കൊല്ലം എഴുകോൺ വട്ടമൺകാവിൽ യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം. വെള്ള നിറത്തിലുള്ള കാർ മനു എന്ന യുവാവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
കാറിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. മനു സഞ്ചരിച്ച ബൈക്കിനെ കാർ പിന്നിൽ നിന്ന് ഇടിച്ചു വീഴ്ത്തുന്നത് സിസിടിവിയിൽ കാണാം. വീണു പോയ മനു എഴുന്നേറ്റു നിൽക്കുമ്പോൾ കാർ തിരികെയെത്തി വീണ്ടും ഇടിക്കാൻ ശ്രമിക്കുന്നുണ്ട്. കാറിൽ ഉണ്ടായിരുന്നവരെ ഇദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ആക്രമണമെന്നാണ് സംശയം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മനു. ആക്രമണത്തിനെതിരെ മനു പൊലീസിൽ പരാതി നൽകിയിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്. പരുക്കേറ്റ മനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.