കാനഡയില്‍ സ്വാമി നാരായണ ക്ഷേത്രത്തിനു നേരെ ആക്രമണം: ചുമരുകളില്‍ മോദി, ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍
1 min readകാനഡ : കാനഡയിലെ വിന്‍ഡ്സറില്‍ സ്വാമി നാരായണ ക്ഷേത്രത്തിനു നേരെ ആക്രമണം. ക്ഷേത്രത്തിന്റെ ചുമരുകളില്‍ നിറയെ ഇന്ത്യക്കെതിരെയും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കെതിരെയും പരാമര്‍ശങ്ങള്‍. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ക്ഷേത്രത്തിന്റെ ചുമരുകളില്‍ അക്രമികള്‍ എഴുതുന്ന ദൃശ്യങ്ങളും വ്യക്തമാണ്.
മോദിയെ തീവ്രവാദിയായി പ്രഖ്യാപിക്കണം, ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ് തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളാണ് ചുമരുകളിലുള്ളത്. കറുത്ത നിറത്തിലുള്ള സ്പ്രേ ഉപയോഗിച്ചാണ് ചുമരുകളില്‍ എഴുതിയിട്ടുള്ളത്. രണ്ടുപേരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ കാനഡയിലുടനീളം ക്ഷേത്രങ്ങള്‍ക്കു നേരെയും ഇന്ത്യക്കാര്‍ക്കു നേരെയും ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ബ്രാംപ്ടണിലും മിസിസാഗയിലും ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രമണമെന്ന് കരുതേണ്ടിയിരിക്കുന്നു. രണ്ടുമാസത്തിനിടയില്‍ നടക്കുന്ന നാലാമത്തെ സംഭവമാണിത്. കുറ്റക്കാരായവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.