ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ച് അപകടം: നവവരനും ജ്യേഷ്ഠനും ദാരുണ മരണം
1 min readഛത്തിസ്ഗഢ്: ഛത്തിസ്ഗഢിലെ കബീര്‍ധാം ജില്ലയില്‍ വിവാഹ സമ്മാനമായ ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും ജ്യേഷ്ഠനും മരിച്ചു. നടുക്കിയ സ്‌ഫോടനത്തില്‍ കുടുംബത്തിലെ ഒന്നര വയസ്സുള്ള കുട്ടിയടക്കം 4 പേര്‍ക്ക് പരിക്ക് പറ്റി. നിലവില്‍ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി പ്രവേശിപ്പിച്ചിരിക്കുകയാണ്.
രംഗഖര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പൊട്ടിത്തെറി ആഘാതത്തില്‍ ഹോം തിയേറ്റര്‍ സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയുടെ ഒരുഭാഗവും മേല്‍ക്കൂരയും പൂര്‍ണമായി നിലം പൊത്തി. മരിച്ച ഹേമേന്ദ്ര മെരാവി(22) ഏപ്രില്‍ ഒന്നിനാണ് വിവാഹിതനായത്.
തിങ്കളാഴ്ച ഹേമേന്ദ്ര തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം വീടിന്റെ മുറിക്കുള്ളില്‍ വിവാഹ സമ്മാനങ്ങള്‍ അഴിക്കുന്ന തിരക്കിലായിരുന്നു. ഇതിനിടെ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ ഓണ്‍ ചെയ്തതതും വന്‍ സ്‌ഫോടനത്തെ പൊട്ടിത്തെറിക്കുകയായിരുന്നു. ഹേമേന്ദ്ര സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയിലിരിക്കെ ഇയാളുടെ സഹോദരന്‍ രാജ്കുമാറും (30) മരിച്ചു. പരിക്കേറ്റവര്‍ കവരദയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫോറന്‍സിക് വിദഗ്ധരും പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു.