എലത്തൂര്‍ ട്രെയിന്‍ തീയിട്ട സംഭവം; പ്രതിക്കായി വലവിരിച്ച് അന്വേഷണ സംഘം
1 min readകോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും പോലീസ് ഇന്ന് പരിശോധന നടത്തി. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്ന് ഉന്നതതലയോഗം ചേര്‍ന്നു.
നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്ന ആദ്യ നിഗമനത്തിലാണ് പോലീസ്. സംഭവം ആസൂത്രിതമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ തിരഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ നോയിഡയിലാണ് ഇപ്പോള്‍ ഉള്ളത്. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനുമായാണ് അന്വേഷണസംഘം ഇവിടെ എത്തിയിട്ടുള്ളത്. കഴക്കൂട്ടം, കുളച്ചല്‍, കന്യാകുമാരി എന്നീ ജില്ലകളില്‍ പ്രതി ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യങ്ങള്‍ വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. കാര്‍പെന്റര്‍ എന്ന് ഫെയിസ്ബുക്ക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രതിയെ തിരഞ്ഞുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തിയിരിക്കുന്നത്. അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിന് സമീപം ഇപ്പോള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പൊലീസ് സീല്‍ ചെയ്ത ബോഗികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൈമാറാന്‍ റയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എലത്തൂരില്‍ ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലുണ്ടായ അക്രമം റെയില്‍ യാത്രക്കാരുടെ സുരക്ഷയില്‍ വീണ്ടും ആശങ്ക നിറച്ചിരിക്കുകയാണ്. കംപാര്‍ട്ട്‌മെന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കില്‍ അക്രമം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറയുന്നു. അക്രമിയില്‍ നിന്ന് ഭാഗ്യത്തിന് രക്ഷപ്പെടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇവര്‍.
‘ട്രെയിനില്‍ സഞ്ചരിക്കാന്‍ ഇപ്പോള്‍ ഭയം തോന്നുന്നതായും, മതിയായ സുരക്ഷ ഇനിയും ട്രെയിനുകളില്‍ ഉറപ്പാക്കിയില്ലെങ്കില്‍ ട്രെയിനില്‍ കയറുന്ന കാര്യം ചിന്തിക്കാന്‍ പോലുമാവില്ലെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറയുന്നു.