കെ.കെ.രമയ്ക്ക് പയ്യന്നൂർ സഖാക്കളുടെ വധഭീഷണി

1 min read

കോഴിക്കോട് : വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ.രമയ്ക്ക് വീണ്ടും വധഭീഷണി. കേസ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത നടപടിയുണ്ടാവുമെന്നാണ് കത്തിലുള്ളത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിൽ എഴുതിയ കത്ത് വന്നത് എംഎൽഎ ഹോസ്റ്റലിലാണ്. രമയ്‌ക്കെതിരെ സൈബറിടങ്ങളിൽ സിപിഎം നടത്തുന്ന വ്യക്തി അധിക്ഷേപത്തിനും അപവാദ പ്രചാരണങ്ങൾക്കും പിന്നാലെയാണ് ഭീഷണിക്കത്ത്. കെ.കെ.രമ എംഎൽഎ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
മാർച്ച് 20നാണ് കത്ത് എഴുതിയിരിക്കുന്നത്. എംഎൽഎയെ, എടീ രമേ എന്ന് സംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്. ‘നീ വീണ്ടും കളി തുടങ്ങി അല്ലേ? കയ്യൊടിഞ്ഞു, കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചു പറ്റാൻ നോക്കുകയാണ് അല്ലേ? നിനക്കുള്ള അവസാനത്തെ താക്കീതാണിത്. കേസ് പിൻവലിച്ച് മാപ്പ് പറയുക. അല്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും.
ഒരു മാസത്തെ അവധി നിനക്ക് അവസാനമായി നിനക്ക് അവസാനമായി നൽകുന്നു. അടുത്ത മാസം 20-ാം തീയതിക്കുള്ളിൽ തീരുമാനം ഞങ്ങൾ നടപ്പിലാക്കും. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേതെന്ന് നിനക്ക് നല്ലതുപോലെ അിറയാമല്ലോ. ഭരണം പോയാലും തരക്കേടില്ല. ഞങ്ങളത് ചെയ്തിരിക്കും’.

കെ.കെ.രമയ്ക്ക് ലഭിച്ച ഭീഷണിക്കത്ത്

നേരത്തെയും സമാനരീതിയിൽ കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുഭരണത്തെയും കുറ്റപ്പെടുത്തി കയ്യടി വാങ്ങാനാണ് ഭാവമെങ്കിൽ സൂക്ഷിക്കുക. ഭരണം പോയാലും തരക്കേടില്ല. ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരുമെന്നായിരുന്നു അന്നും കത്തിലെ ഭീഷണി. പയ്യന്നൂർ സഖാക്കൾ തന്നെയായിരുന്നു ഭീഷണിക്കത്തയച്ചത്.
നിയമസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നു എന്നാരോപിച്ച് കെ.കെ.രമ പരാതി നൽകിയിരുന്നു. ഒരു നിയമസഭാംഗത്തിന്റെ പേരിൽ അപകീർത്തികരമായ കള്ളപ്രചാരണങ്ങൾ നടത്തിയെന്നും ഒരു സാമാജിക എന്ന നിലയിൽ തന്റെ വിശ്വാസ്യത ചോദ്യം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എം.എൽ.എ.യുടെ പരാതി.

Related posts:

Leave a Reply

Your email address will not be published.