പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട കേസ് ഒതുക്കാന്‍ ശ്രമിച്ചത് വിഡി സതീശന്‍: സി.കൃഷ്ണകുമാര്‍
1 min read
പാലക്കാട്: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍.
എസ്.സി എസ്.ടി പീഡന നിരോധന നിയമപ്രകാരം വിഡി സതീശനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവണം. സ്വന്തം പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ സഹപ്രവര്‍ത്തകരായ യൂത്ത് കോണ്‍ഗ്രസുകാര്‍ പീഡിപ്പിച്ചപ്പോള്‍ അത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച സതീശന്‍ പൂതന എന്ന പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസ് കൊടുക്കുന്നത് അപഹാസ്യമാണ്. സിപിഎമ്മിന്റെ അടിമ പണി ചെയ്യുന്നവരാണ് വിഡി സതീശനും കെ.സുധാകരനുമെന്ന് എല്ലാവര്‍ക്കും അറിയാം.
കേരളത്തില്‍ സിപിഎംകോണ്‍ഗ്രസ് പരസ്യ സഖ്യം നിലവില്‍ വന്നു കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതി വിധി വന്നപ്പോള്‍ ഡിവൈഎഫ്‌ഐയാണ് ആദ്യം റോഡിലിറങ്ങിയത്. സിപിഎമ്മിന് വേണ്ടി ആദ്യം പ്രതികരിക്കുന്നതാവട്ടെ വിഡി സതീശനും കെ.സുധാകരനുമാണ്. പൂതന എന്നത് പുരാണത്തിലെ കഥാപാത്രമാണ്. സുരേന്ദ്രന്‍ പറഞ്ഞത് രാഷ്ട്രീയ വിമര്‍ശനമാണ്. അതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടാന്‍ ഇടത്‌വലത് മുന്നണികളെ ബിജെപി അനുവദിക്കില്ല.
സ്ത്രീവിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സതീശന്റെ സ്ത്രീവിരുദ്ധമായ ഫേസ്ബുക്ക് കമന്റുകള്‍ സാംസ്‌കാരിക കേരളത്തിന് തന്നെ നാണക്കേടാണ്. നീതിനിഷേധിക്കപ്പെട്ട് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാകോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധതയുടെ ഉദാഹരണമാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.