ഇനിയൊരു മേക്കപ്പിടൽ ഉണ്ടാവില്ല – നൊമ്പരമായി ആലപ്പി അഷ്റഫിന്റെ പോസ്റ്റ്
1 min readതൃശൂർ : ചിരി അവസാനിപ്പിച്ച് ഇന്നസെന്റ് യാത്രയായപ്പോൾ, അദ്ദേഹത്തെ അവസാനമായൊന്ന് കാണാനും ആദരാഞ്ജലി അർപ്പിക്കാനും നിരവധി പേരാണ് തൃശൂരിലേക്ക് ഒഴുകിയെത്തിയത്. രാഷ്ട്രീയക്കാർ, സിനിമാ പ്രവർത്തകർ, സാധാരണക്കാർ – ഇങ്ങനെ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ. കരച്ചിലടക്കാനാവാതെ വിങ്ങിപ്പൊട്ടുകയായിരുന്നു പലരും. അവർ തങ്ങളുടെ വേദനകളും വിങ്ങലുകളും നേരിട്ടും സാമൂഹിക മാധ്യമങ്ങൾ വഴിയും പങ്കുവെയ്ക്കുകയുണ്ടായി. അവയിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു ആലപ്പി അഷ്റഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ചലനമറ്റു കിടക്കുന്ന ഇന്നസെന്റിന്റെ ശരീരത്തിൽ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് സംവിധായകൻ ആലപ്പി അഷ്റഫ് പങ്കു വച്ചിരിക്കുന്നത്. ‘ഒരിക്കൽ കൂടി….. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനിൽക്കും’ എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.
ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ച ശേഷം ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വസതിയിൽ എത്തിച്ചു. ഇവിടെയും നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ എത്തുന്നത്. നാളെ രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽപള്ളി സെമിത്തേരിയിലാണ് സംസ്കാരം.