സവർക്കരെ പരിഹസിച്ചാൽ സഹിക്കില്ലെന്ന് രാഹുൽഗാന്ധിക്ക് ഉദ്ധവ് താക്കറെയുടെ മുന്നറിയിപ്പ്
1 min readആൻഡമാൻ സെല്ലുലാർ ജയിലിൽ 14 വർഷത്തോളം ചിന്തിക്കാൻ പോലുമാകാത്ത തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയനായ വ്യക്തിയാണ് സവർക്കർ
മാലെഗാവ് : മോദി വിഭാഗത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ മാപ്പു പറയാൻ താൻ സവർക്കറല്ലെന്ന് തുറന്നടിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ‘വീർ സവർക്കർ ഞങ്ങളുടെ ദൈവമാണ്. അദ്ദേഹത്തിനെതിരായ യാതൊരു തരത്തിലുള്ള അനാദരവും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല’. ഉദ്ധവ് താക്കറെ പറഞ്ഞു. മാലേഗാവിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആൻഡമാൻ സെല്ലുലാർ ജയിലിൽ 14 വർഷത്തോളം ചിന്തിക്കാൻ പോലുമാകാത്ത തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയനായ വ്യക്തിയാണ് സവർക്കർ. നമുക്കൊക്കെ അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ച് വായിക്കാനേ കഴിയൂ. അതൊരു തരം ത്യാഗം തന്നെയാണ്. സവർക്കറെ അപമാനിക്കുന്ന യാതാരു പരാമർശവും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല – ഉദ്ധവ് താക്കറെ വ്യക്തമാക്കി. സവർക്കർ തന്റെ ആരാധനാപാത്രമാണെന്ന് തുറന്നു പറഞ്ഞ ഉദ്ധവ്, രാഹുൽ അദ്ദേഹത്തെ അപമാനിക്കുന്നത് തുടർന്നാൽ അത് പ്രതിപക്ഷ ഐക്യത്തെ തന്നെ ബാധിക്കുമെന്നും മുന്നറിപ്പ് നൽകി.
ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് ശിവസേനയിലെ ഉദ്ധവ് വിഭാഗവും കോൺഗ്രസും എൻസിപിയും ചേർന്ന് പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ ഒരേ മനസ്സോടെ മുന്നോട്ടു പോകേണ്ടത് അത്യന്താപേക്ഷിതമാണ്. രാഹുൽഗാന്ധിയെ ബോധപൂർവം പ്രകോപിപ്പിക്കുന്നതാണെന്ന് അംഗീകരിക്കുന്നു. എങ്കിലും അദ്ദേഹം സവർക്കറെ പരിഹസിക്കുന്നത് ജനാധിപത്യത്തിന് തിരിച്ചടിയാവുകയേ ഉള്ളൂ- ഉദ്ധവ് മുന്നറിയിപ്പു നൽകി.
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ എം.പി സ്ഥാനം നഷ്ടമായതിനു പിന്നാലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ്, മാപ്പു ചോദിക്കാൻ താൻ സവർക്കറല്ലെന്ന് രാഹുൽ പറഞ്ഞത്. ‘എന്റെ പേര് സവർക്കർ എന്നല്ല. എന്റെ പേര് ഗാന്ധി എന്നാണ്. ഗാന്ധി ഒരിക്കലും ആരോടും മാപ്പു പറഞ്ഞിട്ടില്ല’. ഇതായിരുന്നു രാഹുലിന്റെ പരാമർശം.