പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും
1 min readന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ സഹോദരി പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കും. കോണ്‍ഗ്രസില്‍ അധികാര കൈമാറ്റത്തിന് ഔദ്യോഗികമായ അംഗീകാരം കൂടി നല്ക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. സൂറത്തിലെ കോടതി കേസും വിധി പ്രഖ്യാപനവും രാഹുലിനെ അയോഗ്യനാക്കിയുള്ള ലോകസഭാ സെക്രട്ടേറിയറ്റ് തീരുമാനവും കോണ്‍ഗ്രസിനെ ആകെ വെട്ടിലാക്കിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇനി പ്രിയങ്കയെ പരീക്ഷിക്കണമെന്ന ആവശ്യമുയരുന്നത്. എന്നാല്‍ സൂറത്ത് കേസിലുള്ള അപ്പീല്‍ തീരുമാനത്തെ ആശ്രയിച്ചിരിക്കും. കോണ്‍ഗ്രസ് വക്താവ് പവന് ഖേരയെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തപ്പോള്‍ ഉടന്‍ തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ കേസില്‍ അതുണ്ടായില്ല. സുപ്രീംകോടതിയുടെ ഇടപെടലിനുള്ള സമയം കൂടി നല്‍കിയാണ് ലോകസഭാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്. രാഹുല്‍ ഗാന്ധി കോടതിയെ സമീപിച്ചിലാലും ശിക്ഷാവിധി നടപ്പാക്കുന്നത് അപ്പീല്‍ കോടതി സ്റ്റേ ചെയ്താലും വിധി തന്നെ സ്റ്റേ ചെയ്തില്ലെങ്കില്‍ അയോഗ്യനാക്കല്‍ നടപടി നിലനില്ക്കും. അങ്ങനെയാണെങ്കില്‍ വയനാട്ടില്‍ ഉടന്‍ തിരഞ്ഞെടുപ്പുണ്ടാകും. ഈ ഘട്ടത്തില്‍ പ്രിയങ്കയെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് നീക്കം. പ്രിയങ്ക നേരിട്ട് രംഗത്തിറങ്ങിയാല്‍ രാഹുല്‍ പതുക്കെ പിറകില്‍ നില്‍ക്കേണ്ടി വരും. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും യു.പി നിയമസഭാ തിരഞ്ഞെടുപ്പിലും പ്രിയങ്ക സജീവമായി രംഗത്തുണ്ടായിരുന്നു. പ്രിയങ്കയുടെ പ്രചാരണം വഴി
ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനായെങ്കിലും അത് വോട്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. യുപിയില്‍ കാര്യമായ തിരിച്ചടി നേരിടുകയും ചെയ്തു. അതേ സമയം പ്രിയങ്ക കോണ്‍ഗ്രസിലെ അനിഷേധ്യ നേതാവായി ഉയര്‍ന്നുവരുന്നതിനെ രാഹുല്‍ അനുകൂലികള്‍ എത്രത്തോളം സ്വീകരിക്കും എന്നു പറയാറായിട്ടില്ല.