തിരുവനന്തപുരത്ത് പട്ടാപകല്‍ വന്‍ കവര്‍ച്ച; പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു

1 min read

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് പട്ടാപകല്‍ വന്‍ കവര്‍ച്ച. പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരിന്നു സംഭവം. കണിയാപുരത്തുളള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ചാണ് കവര്‍ച്ച നടന്നത്.

കണിയാപുരത്തെ ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ഉച്ചവരെയുളള കളക്ഷനായ രണ്ടര ലക്ഷം രൂപ അടുത്തുളള എസ്ബിഐയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറില്‍ വന്ന രണ്ടു പേര്‍ പണം തട്ടി പറിച്ച് കടന്നു കളഞ്ഞത്.

ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിലാണ് മോഷ്ടാക്കള്‍ നിന്നിരുന്നത്. ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിച്ച് സ്റ്റാര്‍ട്ട് ചെയ്തു വച്ചിരുന്ന സ്‌കൂട്ടറില്‍ കയറി ഇവര്‍ കടന്നു കളഞ്ഞു. ഷാ പിറകെ ഓടിയെങ്കിലും മോഷ്ടാക്കളെ പിടിക്കാന്‍ കഴിഞ്ഞില്ല.

ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നു. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരിന്നു. ഉടന്‍ തന്നെ മംഗലാപുരം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി സമീപത്തെ സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്നാണ് മനസ്സിലായത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ ഹോണ്ട ഡിയോ സ്‌കൂട്ടര്‍ പോത്തന്‍കോട് പൂലന്തറയില്‍ നിന്നും കണ്ടെടുത്തു. സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം.

Related posts:

Leave a Reply

Your email address will not be published.