സോണ്ട കമ്പനിക്ക് കരാര്‍ കൊടുത്തത് മുഖ്യമന്ത്രിയുമായി വിദേശത്ത് ചര്‍ച്ച നടത്തിയ ശേഷം: കെ.സുരേന്ദ്രന്
1 min readതിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സോണ്ട കമ്പനി വിദേശത്ത് ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കമ്പനിക്ക് കരാര്‍ കൊടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. അതിന് ശേഷമാണ് കേരളത്തിലെ കോര്‍പ്പറേഷനുകളില്‍ ഈ കമ്പനിക്ക് കരാര്‍ ലഭിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ ഇടപാടില്‍ പങ്കുണ്ട്.
ബ്രഹ്മപുരത്ത് ബയോ മൈനിങ്ങിനു വേണ്ടി കരാര്‍ നല്കിയ സോണ്ട ഇന്‍ഫ്രടെക് കമ്പനിക്ക് വേസ്റ്റ് എനര്‍ജി പ്രൊജക്ട് കൈമാറിയതെന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. ഒന്‍പതുമാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. അതില്‍ വീഴ്ച വരുത്തിയ കമ്പനിക്ക് എതിരെ നടപടിയെടുത്തില്ല. 54 കോടിക്ക് കരാര്‍ ലഭിച്ച സോണ്ട ഉപകരാര്‍ നല്‍കിയത് 22 കോടിക്കായിട്ടും സര്‍ക്കാര്‍ മിണ്ടിയില്ല. 32 കോടി രൂപയുടെ പ്രത്യക്ഷ അഴിമതി കണ്ടിട്ടും കോര്‍പ്പറേഷനൊ സര്‍ക്കാരോ നടപടിയെടുക്കാത്തത് അഴിമതിയില്‍ പങ്കുപറ്റിയതു കൊണ്ടാണ്. ഈ കമ്പനിയുമായി വിദേശത്ത് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ കാര്യങ്ങള്‍ എല്ലാം വ്യക്തമായി.
സോണ്ട കമ്പനിയുമായി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടാണ് 12 ദിവസം കൊച്ചിക്കാര് തീപ്പുക ശ്വസിച്ചിട്ടും പിണറായി വിജയന് കമ എന്നൊരക്ഷരം മിണ്ടാതിരുന്നത്. തീ അണയ്ക്കാന്‍ സംസ്ഥാനം എന്‍ഡിആര്‍എഫിനെ വിളിക്കാതിരുന്നതും കേന്ദ്ര ആരോഗ്യമന്ത്രി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കാമെന്ന് പറഞ്ഞതിന് മറുപടി പറയാതിരുന്നതിനും പിന്നില്‍ അഴിമതി പുറത്തറിയാതിരിക്കാനുള്ള വെപ്രാളമായിരുന്നു. ബ്രഹ്മപുരം സംഭവത്തിന് ദേശീയ ശ്രദ്ധ ലഭിച്ചാല്‍ അഴിമതി രാജ്യം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഭയന്നുവെന്നും കെ.സുരേന്ദ്രന് പറഞ്ഞു.