റബർ വില ഉയർത്തിയാൽ ബിജെപിക്ക്‌ വോട്ടു നൽകാം – തലശ്ശേരി ആർച്ച് ബിഷപ്പ്

1 min read

കണ്ണൂർ : റബറിന്റെ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിക്ക്‌ വോട്ടു ചെയ്യാമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ്‌ ജോസഫ് പാംപ്ലാനി. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണം.വോട്ടായി മാറാത്ത ഒരു പ്രതിഷേധവും ജനാധിപത്യത്തിൽ പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സഭയും ബിജെപിയും തമ്മിലുള്ള സഖ്യമായി ഇതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല എന്ന് ബിഷപ്പ് പറഞ്ഞു. താൻ പറഞ്ഞത് മലയോര കർഷകരുടെ നിലപാടാണ്. വളരെ ഗതികേടിലാണ് കർഷകർ. പലരും ജപ്തി ഭീഷണിനേരിടുകയാണ്. അതിനാൽ കർഷകരെ സഹായിക്കുന്ന ഏതു മുന്നണിയേയും പിന്തുണയ്ക്കും. ഇതിനെ കത്തോലിക്കാ സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ട. മതപരമായി ചിത്രീകരിക്കുകയും വേണ്ട-ബിഷപ്പ് വ്യക്തമാക്കി.
റബറിന്റെ വില നിസ്സാര വിഷയമായി എം.വി.ഗോവിന്ദന്‌ തോന്നുന്നുണ്ടാവാം. എന്നാലത് മലയോര കർഷകർക്ക് നിസ്സാരമല്ലെന്നും അദ്ദേഹം പറഞ്ഞു. റബർ വില മാത്രമാണോ ക്രിസ്ത്യാനിയുടെ പ്രശ്നമെന്ന ഗോവിന്ദന്റെ പ്രതികരണത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
നിലവിൽ റബറിന്റെ വില 120 രൂപയാണ്. എന്നാൽ ഉത്പാദനച്ചെലവും മറ്റും കഴിഞ്ഞ് കർഷകർക്ക് കാര്യമായൊന്നും ലഭിക്കാറില്ല. മലയോര കർഷകർ അനുഭവിക്കുന്ന ഈ പ്രയാസങ്ങൾ കണക്കിലെടുത്തായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

Related posts:

Leave a Reply

Your email address will not be published.