ഓസ്‌കർ : ഹൃദയം കവർന്ന് എം.എം.കീരവാണിയും നാട്ടുനാട്ടുവും
1 min readലോകമെമ്പാടുമുള്ള ഇന്ത്യൻ ജനതയുടെ അഭിമാനമായി എം.എം.കീരവാണി എന്ന മരതകമണി കീരവാണി. മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ നാട്ടുനാട്ടു എന്ന ഗാനത്തിന്റെ സംഗീത സംവിധായകനാണ് അദ്ദേഹം. ഗാനരചയിതാവ് ചന്ദ്രബോസിനോടൊപ്പം എത്തിയാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇന്ത്യക്ക് പുരസ്‌കാരം സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. നേരത്തെ ഈ ഗാനം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേടിയിരുന്നു. എം.എം.കീരവാണിയും മകൻ കാലഭൈരവയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
“അക്കാദമിക്ക് നന്ദി. കാർപ്പെന്റേഴ്സ് ബാന്റിന്റെ പാട്ട് കേട്ട് വളർന്ന ഞാൻ ഇന്ന് ഓസ്‌കർ കരസ്ഥമാക്കി നിൽക്കുകയാണ്” എന്നു പറഞ്ഞ അദ്ദേഹം ഒരു പാട്ട് പാടുകയും ചെയ്തു.
‘‘രാജമൗലിക്കും എന്റെ കുടുംബത്തിനും ഒരേയൊരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ആർആർആർ വിജയിക്കണം. ഇന്ത്യയുടെ അഭിമാനം നേടണം. അത് എന്നെ ലോകത്തിന്റെ നെറുകയിൽ എത്തിക്കണം” എന്നർത്ഥം വരുന്ന പാട്ടാണ് അദ്ദേഹം പാടിയത്.
നാട്ടുനാട്ടു എന്ന ഗാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്ററിൽ ഇങ്ങനെ കുറിച്ചു ”അസാധാരണം. നാട്ടുനാട്ടു എന്ന ഗാനത്തിന് ആഗോളതലത്തിൽ ജനപ്രീതി ലഭിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന ഗാനമാണത്. എം.എം.കീരവാണിക്കും ചന്ദ്രബോസിനും എല്ലാ ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ. ഓസ്‌കർ പുരസ്‌കാരത്തിൽ ഇന്ത്യ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു”.
പുരസ്‌കാര വിവരമറിഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ നടൻ ശ്യാംചരൺ ഇത് രാജ്യത്തിന്റെ നേട്ടമാണെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ചു. ”ഞങ്ങളുടെ ജീവിതത്തിലും ഇന്ത്യൻ സിനിമാ ചരിത്രത്തിലും ആർആർആറിന് പ്രത്യേക സ്ഥാനമുണ്ട്. . രാജമൗലിയും കീരവാണിയും ഇന്ത്യൻ സിനിമാ രംഗത്തെ അമൂല്യരത്നങ്ങളാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരസ്‌കാര പ്രഖ്യാപനത്തിനു മുൻപ് പുരസ്‌കാര വേദിയിൽ നാട്ടുനാട്ടു എന്ന ഗാനം അവതരിപ്പിക്കപ്പെട്ടു. ആവേശത്തോടെയാണ് ലോകം ആ ഗാനത്തെ ഏറ്റെടുത്തത്. തൊട്ടു പിന്നാലെയായിരുന്നു അവാർഡ് പ്രഖ്യാപനം. അതോടെ ജനം കടലായി ഇരമ്പി.
വിവിധ ഭാഷകളിലായി ഇതുവരെ 220ൽ അധികം ചിത്രങ്ങൾക്ക് ഈണമിട്ട സംഗീത സംവിധായകനാണ് കീരവാണി. രാജമൗലിയുടെ എല്ലാ സിനിമകളിലും ഈണമിട്ടത് കീരവാണി തന്നെയാണ്.
14 വർഷങ്ങൾക്കുശേഷമാണ് ഓസ്‌കർ പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്. സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് എ.ആർ റഹ്മാൻ ഓസ്‌കർ കരസ്ഥമാക്കിയിരുന്നു.