ത്രികോണ പ്രേമവുമായി ആസിഫ് അലി; നായിക മംമ്ത മോഹൻദാസ് മഹേഷും മാരുതിയും മാർച്ച് 10ന് തിയേറ്ററിൽ

1 min read

ആസിഫ്് അലി കേന്ദ്രകഥാപാത്രമായെത്തുന്ന ‘മഹേഷും മാരുതിയും” മാർച്ച് 10 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. മംമ്ത മോഹൻദാസ് ആണ് നായിക. 1984 മോഡൽ മാരുതി 800 കാറും ഇതിലെ കഥാപാത്രമാണ്. സേതുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാവ് മണിയൻപിള്ള രാജുവാണ്.
കൂമൻ, കാപ്പ എന്നീ ഹിറ്റ് സിനിമകൾക്കുശേഷം ആസിഫ് അലി മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് മഹേഷും മാരുതിയും. ആസിഫ്അലിയുടെ മൂന്നാമത്തെ ഹിറ്റ് പ്രതീക്ഷിക്കുകയാണ് ആരാധക വൃന്ദം. നീണ്ട ഇടവേളയ്ക്കുശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സത്യൻ അന്തിക്കാടിന്റെ 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.
മഹേഷ് എന്ന ചെറുപ്പക്കാരന്റെ ത്രികോണ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 1980കളിലെ ഒരു മാരുതി കാറിനെയും ഗൗരി എന്ന പെൺകുട്ടിയെയും ഒരുപോലെ പ്രണയിക്കുന്നു മഹേഷ്. ഗതാഗതയോഗ്യമല്ലാത്ത തന്റെ നാട്ടിലേക്ക് ഒരു മാരുതിക്കാറുമായി മഹേഷിന്റെ അച്ഛൻ എത്തുന്നു. അച്ഛൻ കൊണ്ടുവന്ന മാരുതിക്കാറുമായുള്ള മഹേഷിന്റെ പ്രണയമാണ് ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നത്. അതോടൊപ്പം ഗൗരിയും അവന്റെ സ്വപ്നങ്ങൾക്ക് നിറപ്പകിട്ടേകുന്നു. ഈ പ്രണയം നർമ്മത്തിൽ പൊതിഞ്ഞ്, കുടുംബപശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് സേതു.
മണിയൻപിള്ള രാജു, വിജയ് ബാബു, പ്രേംകുമാർ തുടങ്ങി ശ്രദ്ധേയമായ താരനിര തന്നെ ചിത്രത്തിലുണ്ട്. കൂടാതെ ധാരാളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഹരിനാരായണന്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് ത്യാഗു തവനൂരാണ്. മേക്കപ്പ് പ്രദീപ് രംഗനും കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യരും മനോഹരമാക്കിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.