കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ : വിട്ടയച്ച ഭീകരന്റെ വസ്തുവകകള്‍ കണ്ടുകെട്ടി എന്‍ഐഎ
1 min readപാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരതയെ യാതൊരു വിധേനയും ഇന്ത്യന്‍ മണ്ണില്‍ വാഴിക്കില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. അല്‍ ഉമര്‍ മുജാഹിദീന്‍ സ്ഥാപകനും ചീഫ് കമാന്‍ഡറുമായ മുഷ്താഖ് സര്‍ഗാര്‍ എന്ന ലത്രാമിന്റെ ശ്രീനഗറിലുള്ള സ്വത്തുവകകള്‍ എന്‍ഐഎ കണ്ടുകെട്ടി.
1999ല്‍ കാണ്ഡഹാറില്‍ വെച്ച് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എല്യലൈന്‍സ് വിമാനം 814ലെ യാത്രക്കാര്‍ക്ക് പകരമായി ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂര്‍ അസറിനൊപ്പം ഇന്ത്യ വിട്ടു നല്‍കിയ ഭീകരരില്‍ ഒരാളാണ് സര്‍ഗാര്‍. മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകളും മെഹബൂബ മുഫ്തിയുടെ സഹോദരിയുമായ റുബയ്യ സയീദിനെ 1989ല്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിലും സര്‍ഗാറിന് പങ്കുണ്ട്.
ശ്രീനഗറിലെ നോഹട്ടയിലാണ് സര്‍ഗാര്‍ ജനിച്ചത് ഇയാളുടെ ഇവിടെയുള്ള രണ്ടു വീടുകളാണ് എന്‍ഐഎ കണ്ടുകെട്ടിയത്. കൊടും ഭീകരനായ സര്‍ഗാര്‍ ജയില്‍ മോചിതനായ അന്നുമുതല്‍ പാക്കിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണ്. ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സര്‍ഗാര്‍ കാശ്മീര്‍ താഴ്വരയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. അല്‍ഖ്വയ്ദ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകളുമായും അടുപ്പമുണ്ട്.
യുഎപിഎ പ്രകാരമാണ് സര്‍ഗാര്‍ അറസ്റ്റിലായത്. 1992 മെയ് 15നായിരുന്നു അറസ്റ്റ്. കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇയാളെ മോചിപ്പിച്ചത് 1999 ഡിസംബര്‍ 31നായിരുന്നു.