ഓസ്‌കറിൽ കൈയടി നേടാൻ ‘നാട്ടു നാട്ടു’ ലൈവ്; രാംചരണും ജൂനിയർ എൻ.ടി.ആറും ചുവടുവെക്കുമോ?
1 min readഓസ്‌കർ നാമനിർദ്ദേശവും ഗോൾഡൻ ഗ്ലോബ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിലെ പുരസ്‌കാര നേട്ടവുമൊക്കെയായി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് രാജമൗലി ചിത്രം ആർ.ആർ.ആർ. ഒറിജിനൽ സോങ് വിഭാഗത്തിലാണ് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഓസ്‌കർ നാമനിർദ്ദേശം ലഭിച്ചത്.
ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ നാട്ടു നാട്ടുവിലൂടെ പുരസ്‌കാരം സ്വന്തമാക്കിയ സംഗീത സംവിധായകൻ എം.എം. കീരവാണി ഓസ്‌കർ വേദിയിൽ ലൈവ് പെർഫോമൻസ് ചെയ്യുന്നുണ്ട്. കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം.
മാർച്ച് 12നാണ് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനം. ലൈവ് പെർഫോമൻസി ന് മുന്നോടിയായുള്ള പരിശീലനം ആരംഭിച്ച വിവരം കീരവാണി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഗായകരും ലോസ് ആഞ്ജലീസിൽ നിന്നുള്ള നർത്തകരും ഒരുമിക്കുന്ന പെർഫോമൻസായിരിക്കും നടത്തുകയെന്നാണ് കീരവാണി വ്യക്തമാക്കിയത്.
ഓസ്‌കർ വേദിയിയിൽ രാം ചരണും ജൂനിയർ എൻ.ടി.ആറും പാട്ടിനൊപ്പം ചുവടുവെക്കുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. നിരവധിപേർ ഈ ആവശ്യം സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചിട്ടുണ്ട്. ഇരുവരും ഓസ്‌കർ വേദിയിൽ ഡാൻസ് കളിക്കുമോയെന്നതിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല.