രാസവസ്തു ഭക്ഷണത്തിൽ കലർത്തി കൊല്ലാൻ ശ്രമിച്ചെന്ന് സരിത; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ

1 min read

തിരുവനന്തപുരം : ഭക്ഷണത്തിൽ പല തവണയായി രാസവസ്തു കലർത്തി കൊല്ലാൻ ശ്രമിച്ചെന്ന സരിത.എസ്.നായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് രക്തസാമ്പിളുകൾ ശേഖരിച്ചു. മുൻ ഡ്രൈവർ വിനുകുമാറിനെതിരെയാണ് സരിതയുടെ പരാതി. ഡൽഹിയിലെ നാഷണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സാംപിളുകൾ പരിശോധനയ്ക്കായി അയയ്ക്കും. കേരളത്തിൽ പരിശോധനയ്ക്കു സൗകര്യമില്ലാത്തതു കൊണ്ടാണ് ഡൽഹിയിലേക്ക് അയയ്ക്കുന്നത്. ശാരീരികമായി അവശനിലയിലായ സരിത ഇപ്പോൾ ശ്രീചിത്രയിൽ ചികിത്സയിലാണ്.
രാസവസ്തു കഴിച്ചതിനെത്തുടർന്ന് സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതുകാലിനും സ്വാധീനക്കുറവുണ്ടായി. രോഗബാധിതയായതിനുശേഷം ചികിത്സ തേടിയപ്പോഴാണ് വിവരമറിഞ്ഞത്. നാഡീ ഞരമ്പുകളുടെ പ്രവർത്തനത്തെയാണ് വിഷം ബാധിച്ചത്. ആഴ്സനിക്, മെർക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം അമിതമായ അളവിൽ രക്തത്തിൽ കണ്ടെത്തി. 2018 മുതൽ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നതായും ആരാണെന്ന് തിരിച്ചറിയാത്തിനാൽ പരാതി നൽകിയില്ലെന്നും സരിത പറയുന്നു. വിനുകുമാറാണെന്ന് തിരിച്ചറിയുന്നത് 2022ലാണ്.
പരാതിയെത്തുടർന്ന് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തി. ഡോക്ടർമാരിൽ നിന്നും വിവരം ശേഖരിച്ചു. വിനുകുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം ഫോൺരേഖകളും ഖേശരിച്ചു. വിനുകുമാറിനു പുറമേ മറ്റു ചിലർക്കുകൂടി പങ്കുണ്ടെന്ന് സംശയിക്കുന്നതായി സരിത മൊഴി നൽകിയിട്ടുണ്ട്.
സാമ്പത്തികലാഭം ഉണ്ടാക്കുന്നതിനുവേണ്ടി വിനുകുമാർ പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി സരിതയെ കൊല്ലാൻ ശ്രമിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മരണം വരെ സംഭവിക്കാവുന്ന രീതിയിൽ രാസപദാർത്ഥങ്ങൾ നൽകി. ഐപിസി 307 (കൊലപാതകശ്രമം), ഐപിസി 420 (വഞ്ചന), ഐപിസി 120 ബി (ഗൂഢാലോചന), ഐപിസി 34 (സംഘടിതമായ ഗൂഢാലോചന) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.