മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടിങ് ആരംഭിച്ചു, പോളിങ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
1 min readന്യൂഡല്‍ഹി: മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് സംസ്ഥാനങ്ങളിലും 59 വീതം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മേഘാലയയില്‍ 369 ഉം നാഗാലാന്‍ഡില്‍ 183 ഉം സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
മേഘാലയയിലെ 3419 പോളിംഗ് സ്റ്റേഷനുകളില്‍ 323 എണ്ണവും നാഗാലാന്‍ഡിലെ 2315 ല്‍ 924 എണ്ണവും അതീവ ജാഗ്രതാ കേന്ദ്രങ്ങളാണ്.
നാഗാലാന്‍ഡില്‍ 13.17 ലക്ഷം വോട്ടര്‍മാരാണുള്ളത്. മേഘാലയയില്‍ 21.61 ലക്ഷം പേരാണ് പോളിങ് ബൂത്തിലെത്തുക. മേഘാലയ മുഖ്യമന്ത്രി കൊന്റാഡ് സാംഗ്മ സൗത്ത് ടുറ മണ്ഡലത്തില്‍ നിന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അങ്കാമിയില്‍ നിന്നുമാണ് മത്സരിക്കുന്നത്.
മേഘാലയയില്‍ സോഹിയോങ് മണ്ഡലത്തിലെ യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യു.ഡി.പി) സ്ഥാനാര്‍ഥി എച്ച്.ഡി.ആര് ലിങ്ദോയുടെ നിര്യാണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നീട്ടിവെച്ചു.
നാഗാലാന്‍ഡില്‍ എതിരാളികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ ഏഴു മുതല്‍ വൈകുന്നേരം നാലു വരെയാണ് വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലും നൂറില്‍ അധികം സിആര്‍പിഎഫ് കമ്പനികളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.