ബിജു കുര്യനെ കണ്ടെത്തി മൊസാദ്; നാളെ കോഴിക്കോടെത്തും
1 min readതിരുവനന്തപുരം : ആധുനിക കൃഷിരീതികൾ പഠിക്കാൻ കർഷക സംഘത്തോടൊപ്പം ഇസ്രായേലിൽ പോവുകയും അവിടെ നിന്ന് മുങ്ങുകയും ചെയ്ത ബിജു കുര്യനെ കണ്ടെത്തി. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദാണ് ബിജുവിനെ കണ്ടെത്തിയതെന്ന് ഇസ്രയേൽ ഇന്റർപോൾ ഇന്ത്യൻ എംബസിയെ അറിയിച്ചു. ബിജുവിനെ ഇസ്രയേലിൽ നിന്ന് തിരിച്ചയച്ചെന്ന് ഇന്ത്യൻ അംബാസഡർ, കൃഷി വകുപ്പ് സെക്രട്ടറി ബി.അശോകിനെ അറിയിച്ചു.
ഇന്ന് ടെൽഅവീവിൽ നിന്ന് തിരിച്ച ബിജു നാളെ പുലർച്ചെ കോഴിക്കോടെത്തും. നയതന്ത്ര തലത്തിൽ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് ബിജുവിന് ഇസ്രയേലിൽ നിന്ന് മടങ്ങേണ്ടി വന്നത്. ബിജുവിന്റെ വിസ റദ്ദാക്കാൻ സംസ്ഥാനം ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിരുന്നു. ബിജുവിനെ സഹായിക്കുന്നവർക്ക് നടപടി നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ എംബസി താക്കീതും നൽകിയിരുന്നു. ഇതോടെ നിൽക്കക്കള്ളിയില്ലാതെയാണ് ബിജു മടങ്ങിയതെന്നുവേണം കരുതാൻ.
എമിഗ്രേഷൻ നടപടികൾ പൂർത്തിയായശേഷം ബിജു തന്നെ വിളിച്ചിരുന്നുവെന്ന് സഹോദൻ ബെന്നി കുര്യൻ പറഞ്ഞു. അദ്ദേഹം കൃഷിമന്ത്രി പി.പ്രസാദിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു. ബിജുവിനെതിരെ പ്രതികാര നടപടികൾ എടുക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ജറുസലേം, ബത്ത്ലഹേം തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനായാണ് പോയതെന്നാണ് വിശദീകരണം. നിയമനടപടികൾ ഒഴിവാക്കാനായിരിക്കാം തീർത്ഥാടന കഥ പറയുന്നത്. വിസ കാലാവധിയുള്ളതിനാൽ ഇസ്രയേലിൽ ബിജുവിനെതിരെ നടപടിയുണ്ടായിട്ടില്ല. എന്നാൽ അദ്ദേഹം സംസ്ഥാന സർക്കാരിന് വിശദീകരണം നൽകേണ്ടി വരും.
സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പഠിക്കുന്നതിനായി 27 കർഷകരെ ഇസ്രയേലിലേക്ക് അയച്ചത്. ഫെബ്രുവരി 27നാണ് ബിജുവിനെ കാണാതായത്. താമസിക്കുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ മറ്റൊരു ഹോട്ടലിലേക്ക് പോകുന്നതിനിടയിലാണ് ബിജു അപ്രത്യക്ഷനാകുന്നത്.