ആശുപത്രിയിൽ ഫാനില്ല; വീട്ടിൽനിന്ന് ഫാനെത്തിച്ച കിടപ്പുരോഗിക്ക് പിഴയിട്ട് ആശുപത്രി അധികൃതർ
1 min readനെടുമങ്ങാട് : കഠിനമായ ചൂടിൽ നിന്നും രക്ഷ നേടാൻ വീട്ടിൽ നിന്ന് ഫാനെത്തിച്ച കിടപ്പുരോഗിക്ക് പിഴ ചുമത്തി നെടുമങ്ങാട് ജില്ലാ ആശുപത്രി. വാർഡിലെ ഫാൻ പ്രവർത്തിക്കാത്തതിനെ തുടർന്ന് വീട്ടിൽ നിന്ന് ടേബിൾ ഫാൻ കൊണ്ടു വന്ന് ഉപയോഗിച്ചതിന് വെള്ളനാട് സ്വദേശി പ്രവീണിന് 100 രൂപയാണ് ആശുപത്രി അധികൃതർ പിഴ ചുമത്തിയത്. വൈദ്യുതി വാടകയാണെന്നാണ് ആശുപത്രിയുടെ വിശദീകരണം. രസീതും നൽകിയിട്ടുണ്ട്.
ബൈക്ക് അപകടത്തെ തുടർന്നാണ് പ്രദീപ് ആശുപത്രിയിലെത്തിയത്. പ്രദീപ് കഴിയുന്ന സർജറി വാർഡിലെ 12 ഫാനുകളിൽ 8 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. അസഹനീയമായ ചൂടു കാരണം പരാതിപ്പെട്ടപ്പോൾ വീട്ടിൽ നിന്ന് ഫാനെത്തിച്ച് ഉപയോഗിക്കാനായിരുന്നു അധികൃതരുടെ ഉപദേശം എന്ന് പ്രദീപ് പറയുന്നു. എന്നാൽ വീട്ടിൽ നിന്ന് ഫാൻ കൊണ്ടു വന്ന് ഉപയോഗിച്ചതിന് വൈദ്യുതിയിനത്തിൽ ഒരു ദിവസത്തേക്ക് 50 രൂപ വീതം ഈടാക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. വൈദ്യുതി ഉപകരണങ്ങൾ പുറത്തുനിന്നും കൊണ്ടു വന്ന് ഉപയോഗിക്കുന്നതിന് ഹോസ്പിറ്റൽ ഡവലപ്പ്മെന്റ് കമ്മിറ്റി പണം ഈടാക്കാറുണ്ടെന്നും കുടപ്പു രോഗിയായതിനാൽ ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് തിരിച്ചു കൊടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.